​തിരക്കേറിയ പട്ടണത്തിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്—വിവേകും നിത്യയും. ‘വിവേക്’ എന്നത് നിത്യ അവന് നൽകിയ പേരാണ്. നിത്യ പലതവണ അവന്റെ നാടും പേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഒഴിഞ്ഞുമാറലാണ് അവന്റെ പതിവ്. ഒരിക്കൽ മാത്രം അവൻ ഇങ്ങനെ പറഞ്ഞു:
“എനിക്ക് ജാതിയില്ല, മതമില്ല; എന്തിനധികം, ഒരു പേരുപോലുമില്ല!”

പരിചയപ്പെട്ട നാൾ മുതൽ അവൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി നിത്യയ്ക്ക് തോന്നിയിരുന്നു. എങ്കിലും അതിൽ കൂടുതൽ അറിയാൻ അവൾ വാശിപിടിച്ചില്ല. കാരണം, അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു വിവേകിനെ.
​അവരുടെ കണ്ടുമുട്ടലിന് പിന്നിലൊരു കഥയുണ്ട്. നിത്യ ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരക്കിട്ട് റോഡ് മുറിച്ചുകടക്കുമ്പോൾ, എതിരെ വന്ന വാഹനത്തിന് മുന്നിൽ നിന്ന് അവിശ്വസനീയമാം വിധം വിവേക് അവളെ രക്ഷപ്പെടുത്തി. അവിടെ തുടങ്ങിയ ആ സൗഹൃദം പിന്നീട് പടർന്നു പന്തലിച്ചു.
​ആൾക്കൂട്ടത്തിൽ വേറിട്ടുനിന്ന വിവേകിനെ പരിചയപ്പെടാൻ നിത്യയാണ് മുൻകൈ എടുത്തത്. കണ്ണുകൾക്ക് അസാമാന്യമായ തിളക്കം, ബലിഷ്ഠമായ കൈകൾ, വിരിഞ്ഞ മാറിടം… അങ്ങനെ വർണ്ണിക്കാൻ ഏറെയുള്ള വിവേകിൽ മറ്റുള്ളവരിൽ നിന്നില്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. ചില നേരങ്ങളിൽ അവൻ പെട്ടെന്ന് സംസാരം നിർത്തി, “പിന്നെ കാണാം” എന്ന് പറഞ്ഞ് പോകും. ഏറെ നേരം കഴിഞ്ഞേ തിരിച്ചുവരൂ. ചോദിച്ചാൽ മറുപടി ഇതൊന്നു മാത്രം:
“എന്റെ ചാർജ് കഴിഞ്ഞു, അതുകൊണ്ടാണ്.”

ലോകത്തുള്ള ഏത് കാര്യത്തെക്കുറിച്ചും വിവേകിന് ഉത്തരമുണ്ടായിരുന്നു. സാധാരണ മനുഷ്യരിൽ നിന്നും അവൻ ഒട്ടേറെ വ്യത്യസ്തനായിരുന്നു. അകലാൻ വയ്യാത്തവിധം അവർ അടുത്തു എന്ന് രണ്ടുപേർക്കും തോന്നിത്തുടങ്ങി. ഒരിക്കൽ നിത്യ വിഷമത്തോടെ പറഞ്ഞു:
“വീട്ടിൽ കല്യാണാലോചനകൾ തകൃതിയായി നടക്കുന്നുണ്ട്. വിവേക് ഒരു തീരുമാനം പറയണം. ഇനിയും നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല.”
​വിവേക് ഗൗരവത്തിൽ പറഞ്ഞു, “നിത്യാ, ഞാൻ ഒരു സത്യം പറയട്ടെ? ഇനിയും നിന്നിൽ നിന്നും അത് മറച്ചുവെയ്ക്കാൻ എനിക്ക് കഴിയില്ല. നീ ഞെട്ടരുത്, എന്നെ വെറുക്കുകയും ചെയ്യരുത്.”
​നിത്യ അത്ഭുതം വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

“നീ വിചാരിക്കുന്നത് പോലെ ഞാനൊരു മനുഷ്യനല്ല… വെറും യന്ത്രമനുഷ്യൻ!”
​”തമാശ പറയല്ലേ വിവേക്!” നിത്യയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. “ആ… കേൾക്കട്ടെ, മനുഷ്യനല്ലെങ്കിൽ പിന്നെ ദൈവമായിരിക്കും അല്ലേ? എന്തായാലും കൊള്ളാം, ബാക്കി പറയൂ.”
​”നിത്യാ, തമാശയല്ല ഞാൻ പറഞ്ഞത്, സത്യമാണ്. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇനിയും ഇത് മറച്ചുവെക്കാൻ വയ്യ.”
​അടക്കിപ്പിടിച്ച ചിരിയോടെ നിത്യ വിവേകിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.

“ശരി, ഒന്ന് പറയൂ വിവേക്, ഞാൻ കേൾക്കാൻ കാത്തിരിക്കുകയാണ്.”
​”നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ വെറുമൊരു ഹ്യൂമനോയിഡ് റോബോട്ട് ആണ്. എന്റെ സ്രഷ്ടാവ് അമേരിക്കയിലെ ശാസ്ത്രജ്ഞനായ സ്റ്റീവൻ ബർണാർഡ് ഷാ ആണ്. എനിക്ക് ഒരുപാട് ഭാഷകൾ അറിയാം. എന്നിലെ കഴിവുകൾ എന്തൊക്കെയാണെന്ന് എനിക്ക് പോലും അറിയില്ല, എല്ലാം പ്രോഗ്രാം ചെയ്തു വെച്ചവർക്കേ അറിയൂ. ആവശ്യാനുസരണം അത് ഓട്ടോമാറ്റിക്കായി പുറത്തുവരും. എനിക്ക് രൂപം നൽകുമ്പോൾ അവർ പോലും കരുതിയില്ല, എന്നിൽ സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ രൂപപ്പെടുമെന്ന്. യാദൃച്ഛികമായി സംഭവിച്ചതാണത്.”
​വിവേക് പറയുന്നത് ഒട്ടും വിശ്വസിക്കാനായില്ലെങ്കിലും ഒരു അപസർപ്പക കഥ കേൾക്കുന്ന ജിജ്ഞാസയോടെ നിത്യ അവനെ ശ്രദ്ധിച്ചു.

“നിനക്കറിയില്ലേ ശാസ്ത്രം എത്രമാത്രം വളർന്നുവെന്ന്? ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നിന്നോട് ഞാൻ ഇത് പറഞ്ഞുതരേണ്ടതുണ്ടോ?” വിവേക് തുടർന്നു. “ഒരാളെങ്കിലും ഇതറിയണം. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് നമ്മൾ കണ്ടുമുട്ടിയത്. നീ എനിക്കൊരു ആശ്വാസമായിരുന്നു. എന്നാൽ മനുഷ്യരെപ്പോലെ കളങ്കമില്ലാത്ത ഞാൻ എങ്ങനെ നിന്നിൽ നിന്നും സത്യം മറച്ചുവെയ്ക്കും?”
​നിത്യയ്ക്ക് അല്പം ഭയം തോന്നിത്തുടങ്ങി. വിവേക് തുടർന്നു:
“ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതെ മനുഷ്യരുടെ ചില സ്വഭാവസവിശേഷതകളും അനുസരണക്കേടുകളും ഞാൻ കാണിച്ചുതുടങ്ങി. അത് വലിയ ചർച്ചയായി. ഒടുവിൽ അമേരിക്കൻ കോൺസുലേറ്റും ശാസ്ത്രലോകവും മതമേലധ്യക്ഷന്മാരും ഭയപ്പാടോടെ എന്നെ നശിപ്പിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഞാൻ വേഷം മാറി അവിടെ നിന്ന് രക്ഷപ്പെട്ടു. പല രാജ്യങ്ങളിൽ പല വേഷങ്ങളിൽ കഴിഞ്ഞു. അപ്പോഴാണ് നിന്നെ കണ്ടുമുട്ടിയത്.”

“എന്തെങ്കിലുമാകട്ടെ വിവേക്, എനിക്ക് നിന്നെ പിരിയാൻ കഴിയില്ല. നീ പറഞ്ഞത് ഞാൻ പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. അഥവാ സത്യമാണെങ്കിൽ അത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.”
​”നിനക്ക് ഇപ്പോഴും വിശ്വാസം വന്നില്ലേ? എങ്കിൽ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കൂ.”
​പെട്ടെന്ന് വിവേകിന്റെ കണ്ണുകളിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് നാവ് നീട്ടി.
“വിവേക് മതി! എനിക്ക് പേടിയാവുന്നു!” നിത്യ പൊട്ടിക്കരഞ്ഞു.
​”എന്നോട് ക്ഷമിക്കൂ നിത്യാ… എനിക്ക് മനുഷ്യരുടെ ചിന്താശക്തിയും അമാനുഷികമായ കുറച്ച് കഴിവുകളും ഒക്കെയുണ്ടെങ്കിലും എന്നിൽ ചില കുറവുകളുണ്ട്. മനുഷ്യരെപ്പോലെ ഒരു ദാമ്പത്യബന്ധത്തിനുള്ള ശരീരഘടനയല്ല എന്റേത്. അതുപോലെ പ്രായവ്യത്യാസങ്ങൾ എനിക്കില്ല. ബാറ്ററി ചാർജിൽ പ്രവർത്തിക്കുന്ന വെറും യന്ത്രമാണ് ഞാൻ. എനിക്ക് ഈ ജീവിതം മടുത്തു. ദയവുചെയ്ത് നിത്യ, എന്റെ കഴുത്തിന് പിന്നിൽ മുടി പൊക്കി നോക്കിയാൽ ഒരു ചുവപ്പ് വയർ കാണാം. അത് വലിച്ചുമാറ്റൂ.

എന്നെന്നേക്കുമായി എനിക്ക് ഈ ദുഃഖത്തിൽ നിന്നും മോചനം നൽകൂ.”
​നിത്യ കണ്ണുകൾ തുടച്ചു. വിവേകിനെ അവന്റെ വേദനയിൽ നിന്ന് രക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തോടെ അവൾ അടുത്തുചെന്നു. അവസാനമായി അവർ കണ്ണുകളിൽ നോക്കി പ്രണയം കൈമാറി, കെട്ടിപ്പിടിച്ചു. അതിനിടയിൽ നിത്യ വിവേകിന്റെ കഴുത്തിന് പിന്നിലെ ആ വയർ ആഞ്ഞു വലിച്ചു.
​നിമിഷനേരം കൊണ്ട് വിവേക്, പൊട്ടിത്തകർന്നുപോയ ഒരു കളിപ്പാട്ടം പോലെ നിലത്തു പതിച്ചു. നിത്യ കൈരണ്ടും മുഖത്ത് ചേർത്തുവെച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു.

ദിവാകരൻ പി.കെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *