വിധിയുടെ വിരലുകൾ അവന്റെ പ്രാണന്റെ നൂലിഴകൾ അറുത്തുമാറ്റിയപ്പോൾ, പാതിവഴിയിൽ തനിച്ചായവളെപ്പോലെ അവൾ വിറങ്ങലിച്ചു നിന്നു. ജീവന്റെ പകുതിയും കൊണ്ടുപോയവന്റെ പിന്നാലെ, അധികനാൾ ആ ഏകാന്തതയുടെ ഭാരം പേറാൻ അവൾക്കായില്ല.
അധികം വൈകാതെ, ശ്വാസം നിലച്ച നിമിഷത്തിലും അവന്റെ പേര് മന്ത്രിച്ചുകൊണ്ട് അവളും ആ നിത്യനിദ്രയിലേക്ക് മടങ്ങി.

നാട്ടുകാരും വീട്ടുകാരും ചേർന്ന് അവർക്ക് ഒരേ മണ്ണിൽ അരികിലായി വീടൊരുക്കി. പിരിയാൻ കഴിയാത്ത ആ രണ്ട് ആത്മാക്കൾക്ക് ആറടി മണ്ണ് ഒരു പുതപ്പായി. അവരുടെ കബറുകൾക്ക് മുകളിൽ അടയാളമായി നാട്ടിയ മീസാൻ കല്ലുകൾക്കിടയിലൂടെ കാലം ഒരു വിസ്മയം തീർത്തു.
സ്നേഹത്തിന്റെ നനവുള്ള ആ മണ്ണിൽ നിന്നും ഒരു മുല്ലവള്ളി നാമ്പെടുത്തു. അത് പടർന്നു പന്തലിച്ച് ആ രണ്ട് കബറുകളെയും ഒരൊറ്റ സ്നേഹക്കൂടിനുള്ളിലാക്കി.

ഇന്ന് ആ കബറുകൾക്ക് മുകളിൽ വെളുത്ത മുല്ലപ്പൂക്കൾ ചിതറിക്കിടക്കുന്നു. കാറ്റിൽ അവ താഴേക്ക് അടർന്നു വീഴുമ്പോൾ, സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ അവർക്കായി തൂവുന്ന അക്ഷതങ്ങൾ പോലെ തോന്നും. പുറമെ നിന്ന് നോക്കുന്നവർക്ക് അതൊരു ശവകുടീരമായിരുന്നില്ല; മറിച്ച്, പ്രണയത്തിന്റെ സുഗന്ധം ശ്വസിച്ചുറങ്ങുന്ന ഒരു പൂമെത്തയായിരുന്നു.

​അവർ ആ മണ്ണിൽ ഉറങ്ങാൻ തുടങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. സ്നേഹിച്ചവരും കൂടെയുണ്ടായിരുന്നവരും ആ കബറുകൾക്ക് ചുറ്റും വിങ്ങുന്ന ഹൃദയത്തോടെ ഒത്തുകൂടി.
ചുണ്ടുകളിൽ പ്രാർത്ഥനകൾ ഉരുവിടുമ്പോഴും, അവരുടെ സംസാരത്തിൽ ആ പ്രണയിതാക്കളുടെ നന്മകളും അവർ പങ്കിട്ട സുന്ദരമായ നിമിഷങ്ങളും നിറഞ്ഞുനിന്നു. മുല്ലപ്പന്തലിന്റെ തണലിൽ ആ ആളുകൾ നിന്നപ്പോൾ അന്തരീക്ഷത്തിൽ വല്ലാത്തൊരു ശാന്തത പടർന്നു.

പെട്ടെന്നാണ് സന്ധ്യാകാശത്തെ കീറിമുറിച്ചുകൊണ്ട് അസൂയ പൂണ്ടൊരു കൊടുങ്കാറ്റ് അവിടേക്ക് ഇരച്ചെത്തിയത്. ആ കാറ്റ് ക്രൂരമായി ആ മുല്ലവള്ളികളെ ആട്ടിയുലച്ചു. ചുറ്റും നിന്നവർ ഭയത്തോടെ നിലവിളിച്ചു: “ദൈവമേ, ഈ പ്രണയത്തിന്റെ അടയാളം കാറ്റ് പിഴുതെറിയുമോ?” വള്ളികൾ വല്ലാതെ ഉലയുന്നത് കണ്ടപ്പോൾ ആ മുല്ലപ്പന്തൽ തകർന്നുപോകുമെന്ന് എല്ലാവരും ഉറപ്പിച്ചു.

​എന്നാൽ, ആ കാറ്ററിയാത്ത ഒരു സത്യം ആഴ്ന്നിറങ്ങിയ ആ മണ്ണിലുണ്ടായിരുന്നു. കാറ്റിന്റെ അഹങ്കാരത്തെ പുച്ഛിച്ചുകൊണ്ട് ആ കബറുകൾക്കുള്ളിലെ മണ്ണ് പതുക്കെ മന്ത്രിച്ചു:
“നീ നിന്റെ ശക്തി വെറുതെ പാഴാക്കുകയാണ് കാറ്റേ… നിനക്ക് ഇവരുടെ ഇലകളെ ഉലയ്ക്കാം, പൂക്കളെ കൊഴിക്കാം. പക്ഷേ, ആഴ്ന്നിറങ്ങിയ ഈ വേരുകളെ തൊടാൻ നിനക്കാവില്ല. താഴെ, നിശബ്ദമായ ഈ മണ്ണറയ്ക്കുള്ളിൽ, അവർ കോർത്തുപിടിച്ച കൈകൾ പോലെയാണ് ഈ മുല്ലവേരുകൾ പരസ്പരം പിണഞ്ഞുകിടക്കുന്നത്. ഒരേ ആത്മാവായി മാറിയ അവരെ വേർപെടുത്താൻ മരണത്തിന് പോലുമായില്ല, പിന്നെയല്ലേ നിനക്ക്!”

കാറ്റടങ്ങി… മുല്ലവള്ളികൾ പഴയതിനേക്കാൾ ഉറപ്പോടെ ആ കബറുകളെ വീണ്ടും പുണർന്നു. ഒരിതൾ പോലും വാടാതെ ആ മുല്ലപ്പൂക്കൾ വീണ്ടും ചിരിച്ചു. പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്നവർക്ക് ഒരു കാര്യം വ്യക്തമായിരുന്നു; മണ്ണ് വെറുമൊരു ശവക്കല്ലറയല്ല, അത് അനശ്വരമായ പ്രണയത്തിന്റെ കാവൽപ്പുരയാണ്. അവിടെ അവർ സുഖമായി ഉറങ്ങട്ടെ… കാലങ്ങൾക്കപ്പുറം മറ്റൊരു വസന്തമായി വീണ്ടും പൂക്കാൻ വേണ്ടി..!
𝓻𝓪𝓱𝓮𝓮𝓼…

By ivayana

Leave a Reply

Your email address will not be published. Required fields are marked *