മതഭ്രാന്തും സാമ്രാജ്യത്വ താൽപ്പര്യങ്ങളും ഒരു ജനതയെ എങ്ങനെ വേട്ടയാടുന്നു എന്നതിന്റെ ഏറ്റവും പൊള്ളിക്കുന്ന അടയാളമാണ് നാദിയ മുറാദ്. 2014-ൽ വടക്കൻ ഇറാഖിലെ കോച്ചോ എന്ന ഗ്രാമത്തിൽ ഐ.എസ് ഭീകരർ ഇരച്ചുകയറിയപ്പോൾ, തകർക്കപ്പെട്ടത് നാദിയ എന്ന 21-കാരിയുടെ സ്വപ്നങ്ങൾ മാത്രമല്ല, ഒരു ജനതയുടെ ആത്മാഭിമാനം കൂടിയായിരുന്നു. പുരുഷന്മാരെ ഒന്നടങ്കം കൊന്നൊടുക്കിയ ഭീകരർ, നാദിയയുൾപ്പെടെയുള്ള 6,700 ഓളം സ്ത്രീകളെ കന്നുകാലികളെപ്പോലെ അടിമച്ചന്തയിൽ ലേലം ചെയ്തു വിറ്റു.

തടവറയിലെ പീഡനപർവ്വങ്ങൾ.

ഭീകരരുടെ തടവറയിൽ നാദിയ അനുഭവിച്ച ക്രൂരതകൾ വിവരണാതീതമാണ്. ഒരു ഭീകരന്റെ വീട്ടിൽ ലൈംഗിക അടിമയായി കഴിയേണ്ടി വന്ന അവൾക്ക് നേരെ അതിക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ഉണ്ടായത്. ഒരിക്കൽ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് പ്രതികാരമായി, അയാൾ തന്റെ ജോലിക്കാർക്ക് നാദിയയെ എറിഞ്ഞുകൊടുത്തു. നൂറോളം പേർ മാറി മാറി ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഓരോ തവണയും ലേലം വിളിക്കപ്പെടുമ്പോഴും കൈമാറ്റം ചെയ്യപ്പെടുമ്പോഴും ചൂണ്ടയിൽ കോർത്ത ഇരയെപ്പോലെ അവൾ പിടഞ്ഞു. പലതവണ മരിക്കാൻ ആഗ്രഹിച്ചെങ്കിലും, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെന്ന ചിന്തയാണ് അവളെ നിലനിർത്തിയത്.

സാഹസികമായ രക്ഷപ്പെടൽ.

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയുള്ള യാത്രയായിരുന്നു നാദിയയുടെ രക്ഷപ്പെടൽ. ഒരിക്കൽ മറ്റൊരു അടിമച്ചന്തയിലേക്ക് കൊണ്ടുപോകുന്നതിനിടെ, കാവൽക്കാരുടെ കണ്ണുവെട്ടിച്ച് തുറന്നു കിടന്ന ഒരു വാതിലിലൂടെ അവൾ പുറത്തെ ഇരുളിലേക്ക് ഓടിമറഞ്ഞു. പിടിക്കപ്പെട്ടാൽ മരണമുറപ്പാണെന്ന് അറിഞ്ഞിട്ടും, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നിമിഷങ്ങളിൽ നിന്നും ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം അവളെ നയിച്ചു. അപരിചിതമായ വഴികളിലൂടെ അലഞ്ഞ നാദിയയ്ക്ക് ഒടുവിൽ ഒരു മുസ്ലിം കുടുംബം അഭയം നൽകി. അവരുടെ സഹായത്തോടെയാണ് ഭീകരരുടെ സ്വാധീനമേഖലയിൽ നിന്നും നാദിയ രക്ഷപ്പെട്ടത്.

ഇരയിൽ നിന്ന് പോരാളിയിലേക്ക്.

തന്റെ വേദനകളെ ലോകത്തിന് മുന്നിൽ തുറന്നിട്ടത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് തന്റെ സമുദായത്തിന് നേരിടേണ്ടി വന്ന വംശഹത്യ തുറന്നു കാട്ടാനാണ്. 2015-ൽ ഐക്യരാഷ്ട്രസഭയിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് തന്റെ നരകയാതനകൾ വിവരിച്ചപ്പോൾ ലോകം നടുങ്ങി. തന്റെ പോരാട്ടത്തിന്റെ അംഗീകാരമായി 2018-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നദിയയെ തേടിയെത്തി.
മനുഷ്യൻ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിൽ രക്തം കൊണ്ട് എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ ആ ക്രൂരതയുടെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും, പ്രത്യാശയുടെ ഒരു കച്ചിത്തുരുമ്പ് പിടിച്ച് കരകയറുന്ന മനുഷ്യ മനസ്സിന്റെ കരുത്തുണ്ടല്ലോ, അതിനേക്കാൾ വലിയ അത്ഭുതം ഈ ഭൂമിയിലില്ല. നാദിയ മുറാദിനെപ്പോലെയുള്ളവർ നമുക്ക് മുന്നിൽ നിൽക്കുന്നത് കേവലം ഇരകളായല്ല, മറിച്ച് ലോകത്തിന്റെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന വിപ്ലവകാരികളായാണ്.

​പലപ്പോഴും നമ്മൾ നിസ്സാരമായ തടസ്സങ്ങളിൽ തട്ടി വീഴുമ്പോൾ ജീവിതം അവസാനിച്ചു എന്ന് വിലപിക്കാറുണ്ട്. എന്നാൽ സ്വന്തം വീടും നാടും പ്രിയപ്പെട്ടവരും കൺമുന്നിൽ ഇല്ലാതാകുന്നത് കാണേണ്ടി വന്നവർ, ശരീരവും ആത്മാവും ഒരുപോലെ മുറിവേൽപ്പിക്കപ്പെട്ടവർ, അവർ എങ്ങനെയായിരിക്കും വീണ്ടും പുഞ്ചിരിക്കാൻ പഠിക്കുന്നത്? അത് ലോകത്തോടുള്ള ഏറ്റവും വലിയ പ്രതികാരമാണ്. മരിക്കാൻ ആയിരം കാരണങ്ങൾ മുന്നിലുള്ളപ്പോഴും ജീവിക്കാൻ ഒരു കാരണം കണ്ടെത്തുക എന്നതാണല്ലോ യഥാർത്ഥ വിജയം.

​”അവസാനത്തെ പെൺകുട്ടി” എന്ന വാക്കിൽ ഒരു വലിയ പ്രാർത്ഥനയുണ്ട്. ഇനിയൊരു പെൺകുട്ടിയും ഇത്തരം നരകയാതനകളിലൂടെ കടന്നുപോകരുത് എന്ന ദൃഢനിശ്ചയം. ലോകം പലപ്പോഴും ദുരന്തങ്ങളെ ഒരു വാർത്തയായി മാത്രം കണ്ട് മറന്നുപോകാറുണ്ട്. എന്നാൽ നാദിയയെപ്പോലുള്ളവർ സ്വന്തം മുറിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് നീതിക്ക് വേണ്ടിയാണ്. താൻ അനുഭവിച്ച വേദന മറ്റൊരാൾക്ക് സംഭവിക്കാതിരിക്കാൻ തന്റെ സ്വകാര്യതയെപ്പോലും ബലികൊടുത്ത ആ ധീരതയ്ക്ക് മുന്നിൽ പ്രപഞ്ചം പോലും തലകുനിക്കുന്നു.

ഇന്ന് നാദിയ എന്ത് ചെയ്യുന്നു?

നോബൽ സമ്മാനം ലഭിച്ച ശേഷവും നാദിയ തന്റെ പോരാട്ടം നിർത്തിയിട്ടില്ല. ‘നാദിയാസ് ഇനിഷ്യേറ്റീവ്’ (Nadia’s Initiative) എന്ന സംഘടനയിലൂടെ ഐ.എസ് തകർത്ത ഗ്രാമങ്ങൾ അവർ പുനർനിർമ്മിക്കുന്നു. ആശുപത്രികളും സ്കൂളുകളും പണിത് തന്റെ ജനതയെ സിഞ്ചാറിന്റെ മണ്ണിലേക്ക് തിരികെ കൊണ്ടുവരാൻ അവൾ മുൻപന്തിയിലുണ്ട്. യുണൈറ്റഡ് നേഷൻസിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്ന അവർ, മനുഷ്യക്കടത്തിനും യുദ്ധകാല ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ അന്താരാഷ്ട്ര വേദികളിൽ ഇന്നും വിട്ടുവീഴ്ചയില്ലാത്ത ശബ്ദമാണ്.
വേദനകൾക്ക് നമ്മെ തളർത്താൻ കഴിയുമെങ്കിലും തകർക്കാൻ കഴിയില്ലെന്ന് ഈ ജീവിതങ്ങൾ പഠിപ്പിക്കുന്നു. ഓരോ കണ്ണുനീർ തുള്ളിയും ഒരു കടലായി മാറുമെന്നും, ആ കടൽ അനീതിയുടെ കോട്ടകളെ തകർക്കുമെന്നും നാം തിരിച്ചറിയണം. ഇരുട്ട് എത്ര കനത്തതായാലും ഒരു ചെറിയ മെഴുകുത്തിരി വെട്ടത്തിന് അതിനെ കീറിമുറിക്കാൻ കഴിയും.
നമുക്ക് ചുറ്റുമുള്ള ലോകം സ്നേഹശൂന്യമാകുന്നു എന്ന് തോന്നുമ്പോൾ നാദിയയെപ്പോലുള്ളവരുടെ മുഖം ഓർക്കുക. വീണുപോയ ഇടത്തുനിന്ന് എഴുന്നേറ്റ് നടക്കാനും, മറ്റുള്ളവർക്ക് താങ്ങാവാനും ആ ജീവിതം നമുക്ക് കരുത്ത് നൽകും.
“അവസാനത്തെ പെൺകുട്ടി: എന്റെ തടവറയിലെ ജീവിതത്തിന്റെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന്റെയും കഥ” എന്ന പുസ്തകത്തിലൂടെ നാദിയ ലോകത്തെ ഓർമ്മിപ്പിക്കുന്നത് ഒന്നാണ്. നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല. ഭീകരതയുടെ ചങ്ങലകൾ തകർത്തെറിഞ്ഞ നാദിയ മുറാദ് ഇന്ന് ലോകത്തിലെ പീഡിതരായ ഓരോ സ്ത്രീക്കും പ്രതീക്ഷയുടെ പുതിയ ചക്രവാളമാണ്.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *