രചന : രാധു ✍
ചതികളിൽ വച്ചേറ്റവും വലിയ ചതി …
അത് വിശ്വാസവഞ്ചനയാണ്..
അത്രമേൽ പ്രിയപ്പെട്ടവരായി
ഒപ്പം ചേർത്തുപിടിച്ചിരുന്ന
ചില മനുഷ്യരെയൊക്കെ
പിന്നീടൊരിക്കൽ
അത്രമേൽ നമ്മൾ
വെറുത്തിട്ടുണ്ടെങ്കിൽ
അത് നമ്മളോട് കാണിച്ച
വിശ്വാസവഞ്ചനകൊണ്ട്
മാത്രമായിരിക്കും …
അതൊഴിെകെയുള്ള എന്തും
ഇന്നല്ലെങ്കിൽ നാളെ
നമുക്ക് ക്ഷമിക്കാം ….
ഇത് പക്ഷേ …
പ്രത്യേകിച്ച് , ഒപ്പം നടന്നവരോട്
ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല …
ക്ഷമിക്കരുത്
നിഷ്കളങ്ക ഭാവം പൂണ്ട്
തോളിൽ ചാഞ്ഞിരുന്ന മുഖങ്ങളിൽ
രൗദ്രഭാവം വിരിയുന്നത്
നമ്മളറിയാതെ പോകും ..
അവർ
സ്നേഹത്തിൻ്റെ വലവിരിക്കുമ്പോൾ
അത് കെണിയാണെന്ന്
പലരും തിരിച്ചറിയില്ല ..
ആരേയും ചതിച്ചിട്ടില്ലാത്ത ഒരാൾക്ക്
സ്നേഹവും വഞ്ചനയും തമ്മിൽ
തിരിച്ചറിയാൻ കഴിയാതെ പോകും ..
അവർക്കു പക്ഷേ
ചതിക്കാൻ പറ്റിയൊരാളെ
പെട്ടന്ന് തിരിച്ചറിയാനും കഴിയും.
കുളയട്ടകൾ
രക്തം കുടിക്കുന്നതുപോലെയാണ്
ഇത്തരം മനുഷ്യരും ..
പറ്റിച്ചേർന്നിരുന്ന്
രക്തമൂറ്റിക്കുടിച്ച്
ചീർത്തു കഴിയുമ്പോഴേ
നമ്മളത് അറിയുകയുള്ളൂ …..
എന്തിലും ഏതിലും
നന്മ മാത്രം കാണാൻ ശീലിച്ചിട്ടുള്ള …
എല്ലാവരെയും സ്നേഹിക്കാനറിയുന്ന…
ചെറിയ ചെറിയ തെറ്റുകളോട്
നിസ്സാരമെന്ന മനോഭാവത്തിൽ
കണ്ണടച്ചുകളയുന്ന മനുഷ്യരാണ്
ഇവരുടെ ഇരകളായ് മാറുന്നത്
പൊരിവെയിലിൽ
തണലേകാനെന്നു നടിച്ച്
ചിലർ കൂടെയെത്തുമ്പോൾ
അനുകമ്പ തോന്നി കൂടെ നിർത്തും ..
ഒരു മഞ്ഞുകണം കണക്കെ
അവരെ ഹൃദയത്തിലെടുത്തുവെക്കും ..
ഒടുവിൽ
ജീവിതം പൊള്ളിക്കഴിയുമ്പോഴേ
എടുത്തുവച്ചത്
കനൽക്കട്ടയായിരുന്നെന്ന്
തിരിച്ചറിയുകയുള്ളൂ …
അതോടെ
നമുക്കവരോടുള്ള
വിശ്വാസം നഷ്ടപ്പെടുമെന്നല്ലാതെ
അവർക്കെന്തു നഷ്ടം.
നേടാനുള്ളത് നേടിക്കഴിഞ്ഞാൽ
അവർക്കെന്തിനാണ് നമ്മുടെ
വിലയിടിഞ്ഞ വിശ്വാസം
എല്ലാത്തിനും
കാലം കണക്കു ചോദിച്ചോളുമെന്ന
മൂഢവിശ്വാസത്തിൽ
പാവം മനുഷ്യർ കാത്തിരിക്കും …
എവിടെ …
അങ്ങനെയാണെങ്കിൽ
കാലം കണക്കുചോദിച്ച മനുഷ്യരുടെ
ഒരു നീണ്ട നിരതന്നെ കണ്ടേനേ
ചുറ്റിലും ..
അവരപ്പോഴേക്കും
അടുത്ത ഇരയെ
കണ്ടെത്തിയിട്ടുണ്ടാവും …
അവിടെ നിന്ന് അടുത്തതിലേക്കും
അതങ്ങനെ നിർബാധം തുടരും ..
ഒരിടത്ത് അവരുടെ കാപട്യം
ആരെങ്കിലും പൊളിച്ചെഴുതിയാൽ
അവർ അടുത്ത ഇടം തേടും ..
ഇപ്പുറത്ത്
ഇരയാക്കപ്പെട്ട മനുഷ്യർ
വേദന തിന്ന് ജീവിക്കും ….
വേദന തന്ന മനുഷ്യരെ
മറക്കാൻ പ്രയാസമാണ് …
പക്ഷേ അവരെയോർത്ത്
ബാക്കിയുള്ള കാലത്തെ
സമാധാനവും സന്തോഷവും
നമ്മളെന്തിനാണ് നശിപ്പിക്കുന്നത്.
പൊട്ടിപ്പോയ ചില്ലുപാത്രം
നമ്മൾ ഒട്ടിച്ചെടുക്കാറില്ലല്ലോ ..
അതിനെ കുപ്പത്തൊട്ടിയിൽ
കളയാറല്ലേ പതിവ്.
ഇത്തരം മനുഷ്യരേയും
അവരുടെ ഓർമ്മകളേപ്പോലും
മറവ് ചെയ്തേക്കുക …
ചുറ്റിനുമുള്ള പലർക്കും
ഇരട്ടമുഖമാണെന്ന് തിരിച്ചറിയുക …
ലോകം തന്നെ അങ്ങനെയാണെന്ന
തിരിച്ചറിവോടെ മുന്നോട്ട് പോവുക
അനുഭവം വന്നിട്ട് പഠിക്കാൻ കാത്തുനിൽക്കാതെ
ആഴത്തിൽ പഠിച്ച മനുഷ്യരെ മാത്രം
ഹൃദയത്തിൽ ചേർത്തുനിർത്തുക..
കഴിയുമെങ്കിൽ
നമ്മളനുഭവിച്ച വേദനകൾ
മറ്റൊരാൾ
അനുഭവിക്കാതിരിക്കാൻ
കരുതലാവുക
സ്നേഹപ്രകടനങ്ങൾക്ക്
സ്നേഹത്തിൻ്റേതല്ലാത്ത
ചമയങ്ങളിട്ട
ഒരു മുഖം കൂടിയുണ്ട് ..
🌸രാധു 🌸
