കിനാവിന്റെ പൂന്തോട്ടത്തിൽ
നിലാവായി ചില കാലങ്ങളിൽ
നീ വിരുന്ന് വരാറുണ്ട്.
ആലിംഗനങ്ങളിൽ ബന്ധിതരായി
നാമിരുവരും,
ഒരിക്കൽ പറയാൻ മടിച്ച
മൗനാനുരാഗങ്ങളെക്കുറിച്ച്
വാചാലരാകാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിലെ
പനിനീർപ്പൂക്കളിലൊരെണ്ണം
നീ എനിക്ക് നേരെ നീട്ടാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ മഴയായ്, മിന്നലായ്,
മുഴക്കങ്ങളായി എന്നിലണയാറുണ്ട്.
കോരിച്ചൊരിയുന്ന മഴയിൽ,
മിന്നലിൽ, മുഴക്കങ്ങളിൽ,
നാമിരുവരും ആലിംഗനബദ്ധരാകുന്ന
അസുലഭ നിമിഷങ്ങളുണ്ട്.
മൃദു മന്ദഹാസത്തോടെ,
വിടര്‍ന്ന കണ്ണുകളോടെ
ഒരിക്കൽ പറയാൻ മടിച്ച
വാചാലതകളുടെ കുത്തിയൊഴുക്കിൽ
നാം അകപ്പെടാറുണ്ട്.
പ്രണയം വളരുന്നത്
കോരിച്ചൊരിയുന്ന മഴയത്താണെന്നോതി
നാം ചുംബനവർഷങ്ങളിലാറാടാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ മഞ്ഞായി പെയ്തിറങ്ങുന്ന നാളുകളുണ്ട്.
മഞ്ഞിൻ പുതപ്പിൽ
നാമിരുവരും പരസ്പരം പുണർന്ന്
മുഗ്ദ്ധരാകുന്ന വേളകളുണ്ട്.
ഹിമബിന്ദുക്കളുടെ പനിനീർപ്പൂക്കൾ
നാം പരസ്പരം കൈമാറുന്ന
നിമിഷങ്ങളുണ്ട്.
ഒരിക്കൽ പറയാൻ മടിച്ച
പ്രണയസന്ദേശങ്ങൾ നാം
ആ വേളകളിൽ കൈമാറാറുണ്ട്.
പൂക്കൾക്കെല്ലാം നമ്മുടെ
പ്രണയം പോലെ
തീജ്വാലയുടെ സൗന്ദര്യമെന്ന്
നാം തമ്മിൽത്തമ്മിൽ
സ്വകാര്യം പറയാറുണ്ട്.
അപ്പോൾ വർഷകാലത്തെ
പ്രണയ നിമിഷങ്ങളെ
നമ്മൾ സൗകര്യപൂർവ്വം മറന്നതായി
ഒരു പുഞ്ചിരിയോടെ നടിക്കാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ ഗ്രീഷ്മമായി പെയ്തിറങ്ങാറുണ്ട്.
പരസ്പരം കാണുമ്പോഴും ,
വാചാലമായ മൗനത്തിൽ മുങ്ങി
തമ്മിൽത്തമ്മിൽ പങ്കിടാൻ മടിച്ച
പ്രണയത്തെ നാം ഓർത്തെടുക്കാറുണ്ട്.
ഗ്രീഷ്മ സൂര്യന്റെ ചുംബനങ്ങളിൽ
നമ്മുടെ അധരങ്ങൾ
കരുവാളിക്കുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്.
ആദ്യമായി നാം കണ്ടുമുട്ടിയതും
പ്രണയമൗനങ്ങൾ കൈമാറിയതും
ഒരു ഗ്രീഷ്മത്തിലായിരുന്നല്ലോ എന്ന്
തമ്മിൽത്തമ്മിൽ ഓർമ്മിപ്പിക്കാറുണ്ട്.
അതുകൊണ്ട് തന്നെ
ഗ്രീഷ്മസൂര്യന്റെ തീക്ഷ്ണ ചുംബനങ്ങൾ
എത്രയും പ്രിയപ്പെട്ടതെന്ന്
നാം പരസ്പരം ഓർമ്മിപ്പിക്കാറുണ്ട്…..
കിനാവിന്റെ പൂന്തോട്ടത്തിൽ
നിലാവായും, മഴയായും,
മഞ്ഞായും, ഗ്രീഷ്മമായും
കണ്ടുമുട്ടുമ്പോഴും
നാം ലോകത്തിന്റെ
ഏതേത് കോണുകളിലെന്ന്
പരസ്പരം അറിയാതെ പോകുന്നല്ലോ……?

കെ.ആര്‍.സുരേന്ദ്രന്‍

By ivayana

Leave a Reply

Your email address will not be published. Required fields are marked *