രചന : സിദ്ദിഖ് പട്ട ✍
നാലഞ്ച് വഷർഷമായിട്ട് സിംഗപ്പൂരിലുള്ള കിഷോർ ഒരു ബെറ്റർ ജോബ് എന്ന നിലക്കാണ് ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്..
കാണാൻ അത്യാവശ്യം ചന്തമുള്ളതുകൊണ്ടും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നതുകൊണ്ടും ഞാനെന്ന ഭാവത്തിന്റെ ഉച്ചസ്ഥായിലായിരുന്നു അവനെപ്പോഴും..
ഞങ്ങളിൽ പലർക്കും അല്ലെങ്കിൽ എല്ലാവർക്കും തന്നെ അവന്റെ സാമീപ്യം അസഹനീയമായിരുന്നു..
എന്റെ അനിഷ്ടത്തിന് പാത്രമാകുന്ന രീതിയിൽ അവൻ എന്നോടൊന്നും ചെയ്തിരുന്നില്ല. എങ്കിലും എനിക്കും അവനോട് ഒരു “വെറും കണ്ടു കൂടായ്ക” തോന്നിയിരുന്നു..
ഡൊമിനിക് ദൈവസഹായം, തമിഴ്നാട്ടുകാരനായ അവനും ഞങ്ങളൾ 35 പേരും ഒരുമിച്ചാണ് കമ്പനിയിൽ ജോയിൻ ചെയ്തത്..
ഒരു ധനാഢ്യ കുടുംബത്തിലെ അംഗമായ അവനും കിഷോറിനെ പോലെ തൻ പോരിശക്കാരനായിരുന്നു..
അവന്റെ നാട്ടുകാരനും സുഹൃത്തുമായ ജോൺ സുരേഷും അവനും “ഈച്ചയും ശർക്കരയും” എന്നപോലെ എപ്പോഴും ഒരുമിച്ചാണ് ഉണ്ടാവാറ്..
ഡൊമിനിക്കുമായിട്ടും അവനെ വെറുക്കപ്പെടേണ്ട തരത്തിലുള്ള ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല..
എന്നാലും ‘ഒരു വെറും കണ്ടുകൂടായ്ക’ അവനോടും എനിക്ക് തോന്നിയിരുന്നു..
രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ച് ഊണ് പാർസലാക്കിയാണ് ഞങ്ങൾ ജോലിക്ക് വന്നിരുന്നത്..
ഓരോരുത്തർക്കും അവരവരുടെ സാധനങ്ങളും മറ്റും വെക്കാൻ ഓരോ ഷെൽഫ് വീതം കമ്പനി നൽകിയിരുന്നു..
അതിലായിരുന്നു ഞങ്ങൾ ഭക്ഷണവും വസ്ത്രങ്ങളും PPE (protective equipments) യും വെച്ചിരുന്നത്..
കാന്റീനിനോടും വാഷ് റൂമിനോടും ചേർന്നുള്ള ചുമരിനടുപ്പിച്ച്, 50, 60 ഓളം ഷെൽഫുകൾ ഒരുമിച്ചായിരുന്നു വെച്ചിരുന്നത്..
പഴക്കം ചെന്നതിനനുസരിച്ച് ഭൂരിഭാഗം ഷെൽഫിന്റെയും ലോക്ക് കേടായിരുന്നു..
ഒരു താക്കോൽ തന്നെ മതിയാവും എല്ലാം തുറക്കാൻ..
ഞാനെന്റെ ഭക്ഷണവും വസ്ത്രവും ഷെൽഫിൽ ഒതുക്കി വച്ച്, യൂണിഫോമും PPE യും അണിഞ്ഞ് എന്റെ സൈറ്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു..
ജോലിക്ക് കയറാനുള്ള സൈറനടിക്കാൻ ആവുന്നതേയുള്ളൂ..
കിഷോറും ജോൺ സുരേഷും മറ്റ് പലരും ഡ്രസ്സ് മാറിയും PPE ധരിച്ചും വാഷ് റൂമിൽ പോകാനുമൊക്കെയായിട്ട് അവിടം ചുറ്റിത്തിരിഞ്ഞ് നിൽപ്പുണ്ട്..
ഡൊമിനിക്കിന്റെ ഷെൽഫിന്റെ പൂട്ട് കേടായതുകൊണ്ട് അതിന്റെ ഡോർ ശരിക്കും അടഞ്ഞിരുന്നില്ല..
ഇത് കണ്ടിട്ടാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലാണോ എന്നറിയില്ല ജോൺ സുരേഷ് ഡൊമിനിക്കിന്റെ ഭക്ഷണപ്പൊതിയെടുത്ത് അവന്റെ ലോക്കറിൽ വച്ച് പൂട്ടി ജോലി സ്ഥലത്തേക്ക് പോയി..
ഞാനെന്റെ ജോലിസ്ഥലത്തേക്കും..
കമ്മിഷനിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ഞാൻ എന്റെ ഷിപ്പിലേക്ക് പോകുന്ന വഴിക്ക് വെച്ച് എന്തോ എടുക്കാനോ ബാത്റൂമിൽ പോകാനോ മറ്റോ എന്റെ എതിർവശത്തുനിന്ന് വരുന്ന ഡൊമിനിക്കിനെ കണ്ടപ്പോൾ എനിക്കൊരു ആശയം തോന്നി..
“ഹെ, ഡൊമിനിക്, ഉന്നുടെ സാപ്പാട് കിഷോർ മാത്തി വച്ച്റ്ക്ക് ” വളരെ വേഗത്തിൽ ഞാനത് പറഞ്ഞ് എന്റെ നടത്തത്തിന്റെ വേഗതയും കൂട്ടി..
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ഏകദേശം ഒരു 10 മിനിറ്റിനു ശേഷം ജയ്സന്റെ ( എന്റെ സുഹൃത്ത്) ഫോൺ വന്നു. ഡൊമിനിക്കായിരുന്നു സംസാരിച്ചത്,
“യാരാ എൻ സപ്പാട് മാത്തിവെച്ചത്?..
ഞാനൊന്നും സംഭവിക്കാത്തത് പോലെ വളരെ നിസ്സാരമായിട്ട് പറഞ്ഞു,
“സുരേഷ്, ജോൺ സുരേഷ് എന്നാച്ച്, സാപ്പാട് കിടക്കില്ലെയെ?”..
അവൻ എന്നോട് വീണ്ടും ചോദിച്ചു,
“കിഷോർ താ മാത്തിവെച്ച്ർക്ക് അപ്പടിതാ നീ സൊന്നത്?”..
ഞാൻ അവിടെ ഡ്രസ്സ് മാറിക്കൊണ്ടിരുന്നപ്പോൾ സുരേഷ് അവന്റെ ഭക്ഷണപ്പൊതി എടുത്ത് സുരേഷിന്റെ ഷെൽഫിൽ വെക്കുന്നത് കണ്ടുവെന്നും അത് ഞങ്ങൾ (ഞാനും ഡൊമിനിക്കും) പരസ്പരം കണ്ടപ്പോൾ എന്തെങ്കിലുമൊന്ന് മിണ്ടണ്ടേ എന്ന് വിചാരിച്ച് പറഞ്ഞതാണെന്നും കിഷോറിനെ ഞാൻ അവിടെയൊന്നും കണ്ടിരുന്നില്ല എന്നൊരു നുണയും ചേർത്ത് ഞാൻ ഡോമിനിക്കിനോട് പറഞ്ഞു..
എന്റെ സ്വസിദ്ധമായ സംസാരം അവനെ താൻ കേട്ടത് മാറിപ്പോയതായിരിക്കും എന്ന് ചിന്തിപ്പിച്ചു തുടങ്ങിയിരുന്നു..
അവൻ ഫോൺ ജെയ്സന് കൊടുത്തു..
ഞാൻ ജയ്സിനോട് ചോദിച്ചു,
“എന്താ അളിയാ, അവിടെ ഉണ്ടായത്?”..
അവൻ ചിരിച്ചുകൊണ്ട്,
“അളിയാ അതൊന്നും പറയാണ്ടിരിക്കുന്നതാ നല്ലത്. കിഷോറും അവനും തമ്മിൽ അടി കൂടിയില്ലായെന്നേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. നീ കിഷോർ ഡൊമിനിക്കിന്റെ ഭക്ഷണം മാറ്റിവെക്കുന്നത് കണ്ടു എന്നും ഡൊമിനിക്കിനോട് പറഞ്ഞു എന്നും പറഞ്ഞായിരുന്നു തുടക്കം”..
മറ്റാരും ചിന്തിക്കുന്നതുപോലെ ഞാനിപ്പോ എന്തിന് ഡൊമിനിക്കിനോട് അങ്ങനെ പറയണം, ഡൊമിനിക്ക് കേട്ടത് മാറിപ്പോയതായിരിക്കും എന്ന് ചിന്തിച്ചിരുന്ന ജെയ്‌സനോട് ഞാൻ പറഞ്ഞു,
“ഞാൻ പറഞ്ഞത് കിഷോർ മാറ്റിവെച്ചു എന്ന് തന്നെയാണ്. അത് വളരെ വേഗത്തിൽ പറഞ്ഞ് മറ്റൊന്നും സംസാരിക്കാൻ നിൽക്കാതെ എന്റെ നടത്തത്തിന്റെ വേഗത കൂട്ടി ഞാനെന്റെ ജോലി സ്ഥലത്തേക്ക് പോകുകയും ചെയ്തു. എനിക്കറിയാമായിരുന്നു. ഏതു നിമിഷവും എനിക്ക് കോൾ വരുമെന്ന്. ഞാൻ പറഞ്ഞത് കിഷോർ എന്നല്ല സുരേഷ് എന്നാണ് എന്ന് ഒന്നോ രണ്ടോ ആവർത്തി തന്മയത്വത്തോടെ പറഞ്ഞാൽ ഡൊമിനിക്കെന്നല്ല മറ്റാരായാലും താൻ കേട്ടത് തെറ്റിപ്പോയി എന്നേ കരുതൂ” എന്നും..
ഇത് കേട്ട് ജയ്സൺ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു,
“അത് കലക്കി”..

