ബെഡ്‌റൂമിൽ നിന്ന് കലമ്പിയ ചുമ കേട്ടാണ് നോക്കിയത്. ഇല്ലാ, ഉണർന്നിട്ടില്ലാ,ഉറക്കത്തിലാണ്.. ഈയിടെയായി കഫക്കെട്ട് ശല്യപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. മാറിമാറി വരുന്ന ചൂടും മഴയുമൊന്നും താങ്ങാനുള്ള കരുത്ത് ദേഹത്തിനില്ലാത്തതും ഒരു കാരണമാകാം.ഏ. സി. 26 ല് സെറ്റ് ചെയ്ത്, ഇളം ഓറഞ്ചു നിറത്തിലുള്ള കമ്പിളിപ്പുതപ്പു ശരീരം മൂടി വലിച്ചിട്ട്, ബെഡ്‌റൂമിന്റെ വാതിൽ ശബ്ദമില്ലാതെ ചാരി വീണ്ടും ഹാളിലെത്തി.എനിക്കിപ്പോൾ ഉറക്കം കുറവായിരിക്കുന്നു. പണ്ട്‌ കിടക്കേണ്ട താമസം ഉറങ്ങിയിരുന്ന ആളാണ്. ഇപ്പോൾ കിടക്കാൻതന്നെ വൈകും. ഓരോ രണ്ടുമണിക്കൂർ ഇടവിട്ട് മൂത്രശങ്കയും. മൂത്രമൊഴിക്കണമെന്ന് തോന്നിയാൽ പിന്നെ കിടക്കാൻ ഒരു പേടിയാണ്. ഒന്നുരണ്ടു തവണ അറിയാതെ ബെഡിൽ പോയി. അന്നനുഭവിച്ച മാനസികവ്യഥ പറഞ്ഞാൽ തീരില്ല. അമ്മയുടെ ഏടത്തിക്കു പ്രായമായപ്പോൾ ഇങ്ങനെ ഒരവസ്ഥ വന്നിരുന്നുവത്രെ! അന്ന് വല്യമ്മ സങ്കടത്തോടെ അതു പറഞ്ഞത് ഓർമ്മവന്നു.

“മൂത്രാണെങ്കിലും പോട്ടേ ന്ന് വയ്ക്കാം, ചിലപ്പോൾ മറ്റേതും അറിയാതെ..”
പറഞ്ഞുതീർക്കാൻ വല്യമ്മയ്ക്കായില്ല. ആ കണ്ണിൽനിന്നും രണ്ടു നീർച്ചാലുകൾ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു. പെട്ടെന്ന് വിരലുകൾ കവിളിലെത്തി. ഒരു നനവ്!അപ്പോൾ കരഞ്ഞത് ഞാനാണോ?
അന്ന്,ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം സമാധാനിപ്പിച്ചു.
“നീയാ ബെഡ്ഷീറ്റ് മാറ്റ്. നാളെ നമുക്ക് ബെഡ് ഒന്നുണക്കാനിടാം”
നാണക്കേടുകൊണ്ട് തല പൊങ്ങിയില്ല. അദ്ദേഹം താടിയിൽ പിടിച്ചുയർത്തി.
“ദേ.. വെറുതെ ഓരോന്നോർത്തു വേവലാതിപ്പെടേണ്ടാ.. ആദ്യം നിന്റെ രാത്രിയിലെ വെള്ളം കുടിയൊന്നു കുറയ്ക്ക്.ബ്ലാഡർ നിറഞ്ഞിരുന്നാൽ ആർക്കും മൂത്രം പോവില്ലേ?

“അതല്ല ഞാനേതോ സ്വപ്നം കണ്ടു കിടക്ക്വായീര്ന്നു. ആ സ്വപ്നത്തിൽ ഞാനപ്പോൾ മൂത്രമൊഴിക്കുകയായിരുന്നു. അതേ, അതു ഞാനറിഞ്ഞിരുന്നു. പക്ഷേ എന്തേ എണീക്കാൻ തോന്നാതിരുന്നത്? ഇതാരൊടെങ്കിലും പറയാൻ പറ്റ്വോ ന്റെ ഈശ്വരാ “
എന്റെ വേവലാതി കരച്ചിലായി.
അപ്പോഴേക്കും അദ്ദേഹം ബെഡ് ഷീറ്റ് മാറ്റിക്കഴിഞ്ഞിരുന്നു. മൂത്രം പുരണ്ട ഷീറ്റും ഡ്രസ്സും ബക്കറ്റിലിട്ടു വെള്ളമൊഴിച്ചുവച്ചു.
“നീ വന്നു കിടക്കാൻ നോക്ക്.. ബാക്കിയൊക്കെ നമുക്ക് നാളെ ആലോചിക്കാം “
പിന്നെ ഉറക്കം വന്നില്ല. തിരിഞ്ഞും മറഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. അദ്ദേഹത്തിനു ചുമയാണ് പ്രശ്നം.

“നിങ്ങളീ വലി എന്നു നിറുത്തുമോ അന്നിതുമാറും.എത്ര പറഞ്ഞാലും മനസ്സിലാവാത്തതെന്താ? “
കർക്കശമായ ഭാഷയിൽ താക്കീതുചെയ്തിട്ടുണ്ട്, ഒന്നല്ല, പലതവണ. ഇരുപതുകളിൽ തുടങ്ങിയ ശീലം ഈ എഴുപതുകളിൽ നിറുത്താൻ കഴിയ്യോ? അതുപറഞ്ഞു വഴക്കിടുന്ന ഞാനല്ലേ മണ്ടി? ആഹാരം കഴിക്കുമ്പോൾ എരിവു തട്ടിയാൽ ചുമക്കും. കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം ഒഴുകും. ഞാൻ അപ്പോഴും അദ്ദേഹത്തിന്റെ സിഗരറ്റ് വലിയെ കുറ്റപ്പെടുത്തി സംസാരിക്കാറേയുള്ളൂ. സമാധാനിപ്പിക്കാറില്ല.
എന്നാൽ അദ്ദേഹമോ?

“സാരല്ല്യാ.. അതൊക്കെ ണ്ടാവും.. എന്നും അങ്ങനൊന്നും ആവില്ല്യാ.. ചിലപ്പോൾ ഉറക്കത്തിൽപ്പെട്ടാൽ.. അതൊക്കെ ഈ പ്രായത്തിന്റെ തോന്ന്യാസങ്ങളാ ന്ന് അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ന്നേ “
ഒരുകണക്കിൽ അതുശരിയാണ്. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഈശ്വരൻ ഇവിടെവരെയെത്തിച്ചില്ലേ? ഇനിയും അങ്ങനെ പോവട്ടേ ന്നേ.
കുട്ടികൾ വലുതായി വിവാഹിതരായാൽപ്പിന്നെ മാതാപിതാക്കളുടെ കടപ്പാട് കഴിഞ്ഞു. അവര് അവരുടെ തിരക്കുകളുമായിപ്പോവും.
“വാർദ്ധക്യം എന്നും ഒരു പേടിസ്വപ്നമാണ് “
അപ്പോഴും അദ്ദേഹം പറയുന്ന ഒരു വാക്കുണ്ട്.

“എന്തിനു പേടിക്കണം.. എന്തും വന്നാൽ വരട്ടേ എന്ന ഭാവത്തോടെ നീങ്ങണം. പേടിച്ചുനിന്നിട്ട് രക്ഷയൊന്നുമില്ലല്ലോ!അനുഭവിക്കാനുള്ളത് ആ സമയത്ത് അനുഭവിക്കുകതന്നെവേണം പിന്നെ,ഇപ്പോൾത്തന്നെ എന്തിന് സങ്കടപ്പെടണം? “
എനിക്കെന്നും ആശങ്കയാണ്. അദ്ദേഹമൊന്നു ചുമച്ചാൽ, ഒരു ഗ്ലാസ്‌ നിലത്തുവീണുടഞ്ഞാൽ, കുട്ടികൾ ഓൺലൈനിൽ വരാൻ വൈകിയാൽ, അടുത്തറിയുന്നവരുടെ മരണവാർത്തയോ അസുഖവാർത്തയോ കേട്ടാൽ.. എന്തൊരു മനസ്സാണിത് എന്നു സ്വയം ശപിക്കാറുണ്ട്. ഒരിക്കൽ ലക്കി സ്റ്റോൺ എന്നു പറഞ്ഞ് ഒരു കല്ലു ധരിപ്പിക്കാൻ വന്ന മലേഷ്യൻ പ്രവചനക്കാരി എന്നോട് പറഞ്ഞു, “അമ്മക്ക് ടെൻഷൻ കൂടുതലാണ്. സിംപതിയേക്കാൾ എംപതിയാണ് അമ്മക്ക്!അതു വേണ്ടാ” എന്ന്.

സത്യത്തിൽ ഇതുതന്നെയല്ലേ എന്റെ പ്രശ്നം?
ഫോൺ റിങ് ചെയ്തു. മകളാണ് “അമ്മക്കിനിയും കിടക്കാറായില്ല്യേ?”
സി.സി. ക്യാമറയിൽ നോക്കിയപ്പോൾ ഹാളിൽ അമ്മ ഉണർന്നിരിക്കുന്നതുകണ്ടിട്ട് മകളുടെ പരിഭ്രമം..
പോയി കിടക്കമ്മേ.. എന്തിനാ ഉറക്കമിളച്ചു ഹെൽത്ത്‌ കളയുന്നേ?”
ദൂരെയിരിക്കുന്ന മക്കൾക്ക് ഇങ്ങനെയൊക്കെയല്ലേ മാതാപിതാക്കളെ ശ്രദ്ധിക്കാൻ പറ്റൂ.. മരുന്നു കഴിച്ചോ? ഉണ്ടോ? ഉറക്കം കുറവുണ്ടോ? ഡോക്ടറെ കാണണോ എത്രയെത്ര ചോദ്യങ്ങൾക്കു മറുപടി പറയണം!
“തിരുവാതിരയല്ലേ കുട്ട്യേ.. ഒരു പന്ത്രണ്ടുമണിവരെയെങ്കിലും ഇരിക്കാം എന്നുവച്ചാ”
“ദേ തൊടങ്ങീ, അമ്മേടെ തിരുവാതിര.. അമ്മേ ഹെൽത്ത്‌ണ്ടെങ്കിൽ ഒക്കെ ഓക്കേ.. വയ്യാത്തോര് ഇനി ഉറക്കവും കളഞ്ഞാൽ…
ആയ കാലത്ത് എല്ലാം വേണ്ടപോലെ ആചരിച്ചതല്ലേ? ഇപ്പോ അമ്മ പോയി ഉറങ്ങാൻ നോക്ക്.. “
അവള് പറഞ്ഞു നിറുത്തി.

“ഒന്നേ ഒന്നേ പോൽ ,ഒരാണ്ടു കൂടി തിരുവാതിര
രണ്ടേ രണ്ടേ പോൽ , രാവും പകലും തിരുവാതിര “
നനുത്ത നിലാവിനെ കീറിമുറിച്ചു തുടിയൊച്ചകൾക്കൊപ്പം മുഴങ്ങിയിരുന്ന തിരുവാതിരപ്പാട്ടിന്റെ ശീലുകൾ ..
എവിടുന്നാ ഇപ്പോ ഈ ശബ്ദം?
“ആ പട്ടച്ചൂട്ട് ഒന്ന് കുടഞ്ഞു വീശിക്കോളൂ.. തവളോള് ണ്ടാവും വരമ്പത്ത്. കാലിമ്മേക്കൂടെ ചാട്യാലും പേടിക്കാൻ അതുമതി “
കൈവെള്ളയിലമരുന്ന വാൽക്കണ്ണാടി ഒന്നുകൂടി ഇറുക്കിപിടിച്ച് ചൂട്ട് ആഞ്ഞുവീശി.. തെറിച്ചുവീണ തീപ്പൊരികൾ മഞ്ഞുവീണ കറുകപ്പുല്ലിനെ ഭസ്മക്കുറിയണിയിച്ചു. പടിഞ്ഞാറേ കടവില് ആശാരിപ്പുരയിലെ പ്പെണ്ണുങ്ങൾ തുടിയും കുളിയും തുടങ്ങി.
”നാളെ മകയിരംആയില്ല്യേ? കുറച്ചുംകൂടി നേരത്തെ വരാം.. എന്നും നമ്മള് മോശക്കാരാവാൻ പാടില്ല്യാലോ!”

ഊറിവന്ന ചിരിയടക്കാൻ പാടുപെട്ടു. ആദ്യം കുളിക്കാനും മത്സരമോ?
വെള്ളത്തിനു ഐസ്കട്ടയുടെ തണുപ്പ്. നിശ്ചലമായ ജലപ്പരപ്പിൽ അമ്പിളിമാമൻ ചിരിച്ചുനിൽപ്പുണ്ട്. കൈകൊണ്ടൊരു തുടിതുടിച്ചു ആ ചിരി മായ്ച്ചു.. അപ്പോൾ മുകളിൽ നിന്ന് അതാ അവൻ വിജയസ്മിതം പൊഴിക്കുന്നു. ബാലമ്മാമയുടെ തൊടിയിലെ തെങ്ങുകൾ വരിയായി ഓളങ്ങളിൽ പുളഞ്ഞുനീങ്ങുന്നു, നിഴൽച്ചിത്രമായി.
കടവിലെ പെണ്ണുങ്ങൾ തുടികുളി കഴിഞ്ഞു “തൈര് കലക്കല് “ തുടങ്ങി.
“ധനുമാസത്തിൽ തിരുവാതിര
ഭഗവാൻ തന്റെ തിരുനാളാണ്
ഭഗവതിക്ക് തിരുനോമ്പാണ്
അടിയങ്ങൾക്കും പഴനോമ്പാണ്
ഉണ്ണരുത്, ഉറങ്ങരുത്
ആടേണംപോൽ, പാടേണംപോൽ
തുടിക്കേണംപോൽ, കുളിക്കേണംപോൽ.. “

വട്ടംകൂടിയുള്ള ഈ കടയലിൽ വെള്ളം നുരനുരയായി മുഖത്ത് തെറിച്ചുവീഴുന്നു.
അറിയാതെ കൈത്തലം കവിളിൽ പരതി. അവിടം, ആർദ്രത നഷ്ടപ്പെട്ട പാഴ്പ്പറമ്പുപോലെ ശൂന്യം!
മൂന്നു വയസ്സായ പാർവ്വതിയുടെ അമ്മയോടുള്ള കൊഞ്ചൽ അപ്പോഴും കാതുകളിൽ..
“മൂന്നു വയസ്സായീ പാർവ്വതിക്ക്
“അമ്മേ ഞാൻ പോട്ടേ തപസ്സിരിക്കാൻ?”
“എന്റെ മകൾക്കതു കാലായില്ല്യാ “
പാറുക്കുട്ടിയമ്മയുടെ തിരുവാതിരശ്ശീലുകൾ ഓർമ്മ
ത്തെല്ലിലലിഞ്ഞോ?
ഈറനുടുത്ത് തീർത്ഥം കൈക്കുടന്നയിൽ വാങ്ങുമ്പോൾ വയസ്സൻതിരുമേനിയുടെ വാത്സല്യം.

“നാളെ ശ്ശി നേരത്തെ എളനീരും വെറ്റിലടയ്ക്കേം കൊടന്നോളൂ ട്ടോ. ഇല്ലെങ്കില് ചായ കുടിക്കാൻ വൈക്വേ വാരസ്യാരുട്ടീ,പറഞ്ഞേക്കാം.ആളോള് ഏറെ ണ്ടാവും. തിരുവാതിരല്ലേ? “
മഞ്ഞൾക്കുറിയ്ക്കുമീതേ ഒരു ചന്ദനച്ചിത്രവും. നൂറ്റെട്ടുവെറ്റില തിന്നുമരവിച്ച നാവിൽ നാളെ ഇളനീർമധുരവുമായൊരു ആർദ്രാവ്രതം. നടുമുറ്റത്തെ അമ്മിക്കുട്ടിയിൽ ആവാഹിച്ച ശിവസങ്കല്പം.അടയ്ക്കാമണിയനെടുത്ത് ശ്രീ.സോമായ നമഃ എന്നു പൗർണ്ണമിച്ചന്ദ്രനെ നോക്കി അർച്ചിക്കുമ്പോൾ മൂപ്പർക്കൊരു കള്ളച്ചിരി!ദശപുഷ്പവും പാതിരാപ്പൂവും ചൂടി.“മംഗലയാതിരനല്പുരാണം” എന്ന തിരുവാതിരപ്പാട്ടിന്റെ അർത്ഥഭംഗിയിൽ,ഉള്ളിൽ വിടരുന്ന കനവുകൾക്ക് ഏഴഴക്!
നരകയറിയ മനസ്സിൽ കൊടുവേലിപ്പൂവിന്റെ ചന്തം വിരിയിക്കാൻ,തിരുവാതിരേ നീ വീണ്ടുമെത്തിയല്ലോ.

അകലങ്ങളിലലിഞ്ഞു മാഞ്ഞ തുടിപ്പാട്ടിന്നീണങ്ങൾക്ക് കാതോർത്ത് വെറുതെയിങ്ങനെ.. ഒറ്റയ്ക്ക്..
നേരം പാതിരയാവാറായി. പൂചൂടലും കളിയുമൊന്നുമില്ലെങ്കിലും ഒരു വെറ്റില മുറുക്കട്ടെ! ക്ലോക്കിലെ സൂചി പന്ത്രണ്ടിലണയുന്നത് നോക്കി നിലവിളക്കിൽ അഞ്ചു തിരിയിട്ടു. ആവണപ്പലകയെടുത്തു തിരിച്ചും മറിച്ചും നോക്കി. വയ്യാ.. മുട്ടു മടക്കാനേറെ പ്രയാസം! നീൽകമലിന്റെ ഒരു പ്ലാസ്റ്റിക് കസേര വലിച്ചിട്ട് വിളക്കിന് മുമ്പിൽ ഇരുന്നു. വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുമ്പോൾ വീണ്ടും ചുമ.

“ഉമേ.. ഇത്തിരി വെള്ളം “
പെട്ടെന്ന് എണീറ്റോടി. ആവണപ്പലകയിൽ ഇരിക്കാൻ തോന്നാത്തതിനു ഈശ്വരനോട് നന്ദി പറയാം. അദ്ദേഹം ശ്വാസം കിട്ടാതെ ചുമയ്ക്കുന്നു. പതുക്കെ തലയിണയിലേക്ക് ചാരിയിരുത്തി. മേശപ്പുറത്തെ ജഗ്ഗിൽനിന്നു ഗ്ലാസ്സിലേക്ക് പകർന്ന വെള്ളം ഒഴിച്ചു കൊടുത്തു.ചുമ ഒന്നു ശമിച്ചെന്നു തോന്നുന്നു.
“ഇനി കിടന്നോളൂ “
“നീ വര്വായില്ലേ? നേരം കുറേ ആയല്ലോ “
“ഞാൻ ഈ വെറ്റിലയൊന്നു മുറുക്കീട്ടു വരാം. നാളെ തിരുവാതിരയല്ലേ?”
“ആണോ? നൂറ്റെട്ടുവെറ്റില മുറുക്കലുണ്ടോ? “
“ അതൊന്നൂല്ല്യാ.. പേരിനൊന്നു മുറുക്കണം “
“എന്നാൽ വാ. നമുക്കു രണ്ടാൾക്കും കൂടിയാവാം. ശങ്കരനില്ലാതെ ഉമ ഒറ്റയ്‌ക്കെന്തിന്?”അദ്ദേഹം ചിരിച്ചു
“അയ്യോ, വേണ്ടാ, അല്ലെങ്കിലേ ചുമ..”

“അതിനാരു വെറ്റില മുറുക്കുന്നു? ഒന്നിച്ചിരിക്കാം എന്നാണ് പറഞ്ഞത്”
കൈവെള്ളയിൽവച്ചു തുടച്ചു ഞരമ്പുകളഞ്ഞ വെറ്റിലയിൽ വാസനച്ചുണ്ണാമ്പുചേർത്ത് കളിയടയ്ക്ക ചേർത്തു ചുരുട്ടി അദ്ദേഹം വായിൽ വച്ചുതന്നു. ഇനിയൊരു ആയുഷ്കാലം മുഴുവനുമോർക്കാൻ എനിക്കിതുമതി.
കുനിഞ്ഞുനിന്ന് ആ നെറ്റിയിൽ ഒരുമ്മവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല.
“വരൂ, നമുക്ക് ഉറങ്ങാം “
നിലവിളക്കിന്റെ തിരിതാഴ്ത്തി ബെഡ് റൂമിലേക്ക് നടന്നു. നേർത്ത ഇരുട്ടിൽ ആ മുഖത്തെ ഭാവം വ്യക്തമല്ല. പക്ഷേ ഇടയിൽവച്ച തലയിണയുടെ മുകളിലൂടെ നാലു വിരലുകൾ നീണ്ടുവരുന്നത് കണ്ടു.അവയിൽ സ്വന്തം വിരല് കൊരുത്തിടുമ്പോൾ ഞാൻ ഓർത്തു ആ വാക്കുകൾ. ഉറക്കത്തിൽ ഒരാള് മറ്റേയാളെ വിട്ടുപിരിഞ്ഞുപോകുകയാണെങ്കിലും ഇണയുടെ സ്പർശസാന്നിദ്ധ്യമുണ്ടാവണം.

അതുവരെയും നമ്മളിങ്ങനെ ഒന്നിച്ച്.. ഞാൻ ആ വിരൽത്തുമ്പിൽ അമർത്തിപ്പിടിച്ചു.അദ്ദേഹം സ്വപ്‌നത്തേരിൽ എന്റെ കൈപിടിച്ച് യാത്രതുടങ്ങിക്കാണും.. ആ നെഞ്ച് പതുക്കെ ഉയർന്നുതാഴുന്നതു നോക്കി ഞാൻ കണ്ണുമിഴിച്ചുകിടന്നു.

ഗിരിജാവാര്യർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *