​ആ ഇരുമ്പഴികൾക്കിടയിലൂടെ കാണുന്ന ആകാശത്തിന് പോലും ഒരു തടവുകാരന്റെ നിറമായിരുന്നു. പുറത്ത് പെയ്യുന്ന കർക്കിടക മഴയുടെ തണുപ്പ് ആ കരിങ്കൽ ഭിത്തികളെ തുളച്ച് അകത്തേക്ക് വരുന്നുണ്ട്. പക്ഷേ, ശ്യാമിന് തണുപ്പ് തോന്നിയില്ല; അവന്റെ ഉള്ളിൽ കത്തിയെരിയുന്ന ഓർമ്മകളുടെ ചൂട് അത്രമേൽ തീക്ഷ്ണമായിരുന്നു.
​തടവറയിലെ ആ ചെറിയ മുറിയിൽ ചുവരിലെ സിമന്റ് അടർന്ന പാടുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ, ശ്യാം തന്റെ മരവിച്ച കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചു. ഈ ഏകാന്തതയ്ക്ക് ഒരു പ്രത്യേക ശബ്ദമുണ്ട്. ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന വാർഡന്റെ ബൂട്ട് ശബ്ദവും, ദൂരെ എവിടെയോ ചങ്ങലകൾ കൂട്ടിമുട്ടുന്ന മുഴക്കവും മാത്രം. പക്ഷേ ആ ശബ്ദങ്ങളെയെല്ലാം ഭേദിച്ചുകൊണ്ട് അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നത് അഞ്ജനയുടെ ആ അവസാനത്തെ വാക്കുകളായിരുന്നു.

“എന്റെ ജീവിതം തകർക്കാൻ വന്ന ഒരു ശാപമായിരുന്നു നീ… ഇത്രയും കാലം ഞാൻ സ്നേഹിച്ചത് ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു!”
​വിധി എത്ര ക്രൂരമായാണ് കരുക്കൾ നീക്കിയത്! തന്റെ പ്രാണനായ അഞ്ജനയ്ക്ക് വന്ന മാരകമായ അസുഖം, അത് മാറ്റാൻ വേണ്ട ലക്ഷങ്ങൾ… ഒരു സാധാരണക്കാരനായ തനിക്ക് അത്രയും പണം കണ്ടെത്താൻ മറ്റ് വഴികളില്ലായിരുന്നു. ആ നിസ്സഹായാവസ്ഥയെയാണ് കുമാർ മുതലെടുത്തത്. ഷെയർ മാർക്കറ്റിലെ രഹസ്യ ഇടപാടാണെന്ന് വിശ്വസിപ്പിച്ച് തന്നെ ആ ചതിക്കുഴിയിൽ തള്ളിയിടുമ്പോൾ, കുമാറിന്റെ മുഖത്ത് കണ്ട ആ പഴയ സൗഹൃദത്തിന്റെ ചിരി ഇന്നും ശ്യാമിനെ ഭയപ്പെടുത്തുന്നുണ്ട്.

താൻ സ്നേഹിച്ചവൾക്ക് പുതുജീവൻ നൽകാൻ പോയവൻ, ഇന്ന് സ്വന്തം ജീവിതം ഈ നാലു ചുവരുകൾക്കുള്ളിൽ ഹോമിക്കുന്നു. നാടുമുഴുവൻ തന്നെ ശപിക്കുന്നുണ്ടാകും. അഞ്ജനയും അവളുടെ വീട്ടുകാരും തന്നെ മായ്ച്ചുകളഞ്ഞിട്ടുണ്ടാകും. പക്ഷേ, ഈ ലോകത്ത് താൻ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഒരേയൊരു ഹൃദയം പുറത്തുണ്ടെന്ന് അവനറിയാം. അവന്റെ അമ്മശ്രീദേവി.
​ജയിലിലെ സന്ദർശക മുറിയിൽ വെച്ച് ആ അമ്മയുടെ ചുക്കിചുളിഞ്ഞ കൈകൾ തന്റെ കൈകളിൽ അമരുമ്പോൾ, കണ്ണുനീരോടെ അവർ പറഞ്ഞ വാക്കുകൾ മാത്രമാണ് ഇന്നും ശ്യാമിനെ മരിക്കാതെ നിലനിർത്തുന്നത്.

“എന്റെ മോൻ ഇത് ചെയ്യില്ലെന്ന് ഈ അമ്മയ്ക്കറിയാം. സത്യം പുറത്തുവരുന്ന കാലം വരെ നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും…”
​ആ ഇരുട്ടറയിൽ ഇരുന്ന് ശ്യാം പതുക്കെ കണ്ണുകളടച്ചു. ഓർമ്മകളുടെ വേലിയേറ്റം അവനെ ആ പഴയ സന്തോഷകരമായ നാളുകളിലേക്ക്, ചതിയുടെ നിഴൽ വീഴാത്ത ആ പഴയ വീടിന്റെ ഉമ്മറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
മനം മടുപ്പിക്കുന്ന ഇരുൾ നിറഞ്ഞ തടവറയിൽ നിന്ന് ശ്യാം തന്റെ മരവിച്ച മനസ്സിലെ ഓർമ്മകളുടെ ഏടുകൾ ഓരോന്നായി മറിച്ചു നോക്കി. ഓർമ്മകൾ മനസ്സിലേക്ക് തിരയടിച്ചെത്തിയപ്പോൾ ശ്യാമിന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. നാട്ടിൽ കഴിഞ്ഞകാലത്ത് താൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവർക്കും തന്നെ വലിയ ഇഷ്ടമായിരുന്നു.

എന്നാൽ ഈ തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എല്ലാവരും എന്നെ വെറുത്തു. അമ്മയല്ലാതെ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒന്ന് കാണാൻ പോലും സുഹൃത്തുക്കളോ നാട്ടുകാരോ വന്നില്ല. അതോർത്തപ്പോൾ സങ്കടം സഹിക്കാതെ സെല്ലിലെ ഇരുമ്പഴിയിൽ പിടിച്ചു കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു. കുറെ കരഞ്ഞപ്പോൾ ഒരാശ്വാസം തോന്നി, ഉള്ളിൽ ആരോ ശക്തി പകർന്നപോലെ ഒരു കുളിർകാറ്റ് അയാളെ തഴുകി.
ആ ഇരുമ്പഴികൾക്കുള്ളിലെ ഏകാന്തതയ്ക്ക് വല്ലാത്തൊരു കടുപ്പമുണ്ടായിരുന്നു. പുറംലോകത്തെ ചിരികളും സൗഹൃദങ്ങളും വെറും നിഴൽരൂപങ്ങൾ മാത്രമായിരുന്നോ എന്ന് അവൻ സ്വയം ചോദിച്ചുപോയി. കണ്ണുനീരിന്റെ നനവ് തുടച്ച് അവൻ പുറത്തെ ഇരുളിലേക്ക് നോക്കി. താൻ ജീവന് തുല്യം സ്നേഹിച്ചവർ പോലും കൈവിട്ട ഈ അവസ്ഥയിൽ, സത്യം തെളിയിക്കാൻ താൻ തന്നെ പോരാടിയേ തീരൂ എന്ന് ശ്യാം ഉറപ്പിച്ചു.

പെട്ടെന്നാണ് സെല്ലിന് പുറത്തെ വരാന്തയിൽ ബൂട്ട്സുകളുടെ ശബ്ദം കേട്ടത്. കാവൽക്കാരനായ പോലീസുകാരൻ അഴികൾക്കരികിൽ വന്ന് നിന്നു. അയാളുടെ കയ്യിലൊരു പൊതിയുണ്ടായിരുന്നു.
“ശ്യാം, നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്. സന്ദർശകരുടെ സമയം കഴിഞ്ഞതുകൊണ്ട് അകത്തേക്ക് വിട്ടില്ല. ഇത് നിനക്ക് തരാൻ പറഞ്ഞു.”
ശ്യാം വിറയ്ക്കുന്ന കൈകളോടെ ആ പൊതി വാങ്ങി. പത്രക്കടലാസിൽ പൊതിഞ്ഞ ആഴ്ച്ചപ്പതിപ്പും കുറച്ച് പലഹാരങ്ങളുമായിരുന്നു അത്. പൊതിക്കുള്ളിൽ ചെറിയൊരു തുണ്ട് കടലാസ് ഒളിപ്പിച്ചുവെച്ചിരുന്നു. വേഗത്തിൽ അതുകൈക്കലാക്കി ശ്യാം ആരും കാണാതെ നിവർത്തി നോക്കി. അതിൽ പെൻസിൽ കൊണ്ട് അവ്യക്തമായി ഇങ്ങനെ എഴുതിയിരുന്നു:
“തളരരുത് ശ്യാം, ഇരുൾ മായും. അഞ്ജന നിന്നെ വിശ്വസിക്കുന്നുണ്ട്. നമ്മൾ ഉടനെ കാണും.”

അഞ്ജന! ആ പേര് വായിച്ചതും ശ്യാമിന്റെ ഹൃദയം ഒന്ന് പിടച്ചു. മരവിച്ചുപോയ തന്റെ ലോകത്തേക്ക് പ്രതീക്ഷയുടെ ആദ്യത്തെ കിരണം എത്തിയത് ആ വാക്കുകളിലൂടെയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ പുറത്ത് ഒരാളെങ്കിലും ബാക്കിയുണ്ടെന്ന തിരിച്ചറിവ് അവന് പുതിയൊരു കരുത്ത് നൽകി. പക്ഷേ, കുമാർ ഇതറിഞ്ഞാൽ? അവന്റെ ക്രൂരതയ്ക്ക് അതിരുകളില്ലെന്ന് ശ്യാമിന് നന്നായറിയാം.
ശ്യാം പതുക്കെ ചുമരിനോട് ചേർന്നിരുന്നു. ആ ചെറിയ തുണ്ട് കടലാസ് തന്റെ നെഞ്ചോട് ചേർത്തുവെച്ചു. പുറത്ത് കാറ്റ് കൂടുതൽ ശക്തിയോടെ വീശാൻ തുടങ്ങി, ഒരു വലിയ മാറ്റത്തിന്റെ സൂചനയെന്നോണം.

ശ്യാമിന്റെ അമ്മ കുമാറിന്റെ പടിവാതിൽക്കൽ നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു. വർഷങ്ങളായി തന്നെ അലട്ടുന്ന ഒരു വലിയ മുറിവ് ആ നിമിഷം അവന്റെ മനസ്സിൽ തുറക്കപ്പെട്ടു. തന്റെ കുഞ്ഞുന്നാളിൽ തന്നെ ഉപേക്ഷിച്ചുപോയ സ്വന്തം അമ്മയുടെ മുഖം അവനിൽ ഒരു നിഴലായി ഇപ്പോഴും ബാക്കിയുണ്ട്. മാതൃസ്നേഹം എന്താണെന്ന് അറിയാതെ വളർന്ന കുമാറിന് മുന്നിൽ, ശ്യാമിന് വേണ്ടി ഉരുകുന്ന ആ അമ്മ ഒരു വലിയ ചോദ്യചിഹ്നമായി മാറി.
​അവർ വിറയ്ക്കുന്ന കൈകളോടെ കുമാറിന്റെ കൈ പിടിച്ചു.

“മോനേ കുമാറേ… നീയും എന്റെ ശ്യാമുംഒരേപാത്രത്തിൽനിന്ന്ഉണ്ണുമായിരുന്ന
വരല്ലേ? അവൻഇങ്ങനെയൊന്നുംചെയ്യില്ലെന്ന് നിനക്കറിയാല്ലോ. അവനെ ഒന്ന് പുറത്തിറക്കാൻ സഹായിക്കണം…”
ആ അമ്മയുടെ വാക്കുകൾ കുമാറിന്റെ കല്ലിച്ച മനസ്സിലേക്ക് ഒരു നീരുറവ പോലെ പടർന്നു.
​സത്യത്തിൽ കുമാറിന് ശ്യാമിനെ ചതിക്കണമെന്നുണ്ടായിരുന്നില്ല. പെട്ടെന്ന് പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ അവൻ അറിയാതെ ഒരു വലിയ മാഫിയാ സംഘത്തിന്റെ ഭാഗമായിപ്പോയതാണ്. ശ്യാമിനെ ഈ ബിസിനസ്സിലേക്ക് കൊണ്ടുവന്നത് തന്നെ അവനെ സഹായിക്കാനായിരുന്നു. പക്ഷേ ശ്യാമിന്റെ പരിചയക്കുറവ് കാരണം കാര്യങ്ങൾ കൈവിട്ടുപോയി. ഇപ്പോൾ സത്യം തുറന്നു പറഞ്ഞാൽ തന്നെയും കൊന്നുകളയുന്ന വലിയൊരു ‘ഗ്യാങ്ങ്’ ആണ് ഇതിന് പിന്നിലെന്ന് കുമാറിനറിയാം. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം കാലുമാറിയ കുമാറിന്റെ ഉള്ളിലെ സുഹൃത്ത് ഇപ്പോൾ വിതുമ്പുകയാണ്.

ആ അമ്മയുടെ കണ്ണുനീർ തുടച്ചുകൊണ്ട് കുമാർ പറഞ്ഞു:
​”അമ്മ സമാധാനത്തോടെ പൊയ്ക്കോളൂ… എന്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയതാണ്, പക്ഷേ ശ്യാമിന് ആ സങ്കടം ഉണ്ടാവില്ല. എന്റെ ജീവൻ കൊടുത്തും അവനെ ഞാൻ പുറത്തിറക്കും. ഇത് കുമാറിന്റെ വാക്കാണ്.”
​ആ വാക്കുകളിൽ ഒരു ഉറപ്പുണ്ടായിരുന്നു. പക്ഷേ ആ ഉറപ്പിന് പിന്നിൽ തന്റെ മരണം പോലും ഒളിഞ്ഞിരിപ്പുണ്ടെന്ന് കുമാറിന് കൃത്യമായി അറിയാമായിരുന്നു. ഗ്യാങ്ങിനെ ചതിച്ചാൽ അവർ തന്നെ വെറുതെ വിടില്ലെന്ന് അറിഞ്ഞിട്ടും, ഒരു സുഹൃത്തിന് വേണ്ടി, ആ അമ്മയുടെ സ്നേഹത്തിന് വേണ്ടി എന്തും നേരിടാൻ അവൻ ഉറപ്പിച്ചു.
​കുമാർ നൽകിയ വാക്ക് ഒരു മന്ത്രം പോലെ ശ്യാമിന്റെ അമ്മയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ ആ വാക്കുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ആഴം അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കുമാർ തന്റെ മുറിക്കുള്ളിലേക്ക് കയറി കതകടച്ചു. മേശപ്പുറത്തിരുന്ന മദ്യക്കുപ്പിയിലേക്ക് അവൻ കൈനീട്ടിയില്ല; പകരം അലമാരയുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു ചെറിയ ഡയറിയും പെൻഡ്രൈവും പുറത്തെടുത്തു. കുമാറിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആ പെൻഡ്രൈവിൽ ആ മാഫിയാ തലവന്റെ എല്ലാ കറുത്ത ഇടപാടുകളുടെയും രേഖകളുണ്ട്. അതൊന്ന് പുറത്തുവിട്ടാൽ ശ്യാം സ്വതന്ത്രനാകും, പക്ഷേ കുമാറിന്റെ ജീവിതം അവിടെ അവസാനിക്കും.

​ജയിലിനുള്ളിൽ ശ്യാമിന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അഞ്ജനയുടെ ആ ചെറിയ കുറിപ്പ് അവന് നൽകിയത് പ്രതീക്ഷയാണോ അതോ മറ്റൊരു കുരുക്കാണോ എന്ന് അവൻ സംശയിച്ചു. അഞ്ജന തന്നെ വെറുക്കുന്നുവെന്നല്ലേ താൻ ഇതുവരെ കരുതിയിരുന്നത്? പിന്നെങ്ങനെയാണ് അവൾ ഇങ്ങനെ ഒരു സന്ദേശം അയച്ചത്? അതോ ഇതിന് പിന്നിലും കുമാറിന്റെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
​അടുത്ത ദിവസം രാവിലെ ജയിൽ മുറ്റത്ത് ശ്യാം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ, അവനെ കാണാൻ ഒരു വക്കീൽ എത്തി. ഗൗരവക്കാരനായ ആ മധ്യവയസ്കൻ ശ്യാമിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എന്റെ പേര് ആർബി മേനോൻചുരുക്കപേരാണ് എല്ലാവരും വിളിക്കുന്നത് അതാണ് . നിന്റെ കേസ് വാദിക്കാൻ കുമാർ ആണ് എന്നെ ഏൽപ്പിച്ചത്. ശ്യാം, നിനക്ക് ഉടനെ ഇവിടുന്ന് പുറത്തിറങ്ങാൻ കഴിയും. പക്ഷേ ചില സത്യങ്ങൾ കോടതിയിൽ വെളിപ്പെടുത്തേണ്ടി വരും.”
​”സത്യം പറഞ്ഞാൽ കുമാർ കുടുങ്ങില്ലേ സാർ?” ശ്യാം ആശങ്കയോടെ ചോദിച്ചു. ആ പഴയ സൗഹൃദം ഇപ്പോഴും അവന്റെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു.
​വക്കീൽ മറുപടിയൊന്നും നൽകിയില്ല. അദ്ദേഹം നൽകിയ ഫയലിൽ ഒരു പുതിയ സാക്ഷിപ്പട്ടിക ഉണ്ടായിരുന്നു. അതിലെ ഒന്നാമത്തെ പേര് കണ്ട് ശ്യാം ഞെട്ടിപ്പോയി— അഞ്ജന!

താൻ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ അഞ്ജന എങ്ങനെ തനിക്ക് വേണ്ടി സാക്ഷി പറയും? കഥയുടെ ഗതി മാറുകയാണ്. ശ്യാം അറിയാത്ത പലതും പുറത്ത് നടക്കുന്നുണ്ട്. അഞ്ജനയുടെ അസുഖവും, കുമാറിന്റെ മാറ്റവും എല്ലാം ഒരു വലിയ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടി.
​അന്ന് വൈകുന്നേരം, കുമാർ തന്റെ ബൈക്കിൽ ടൗണിലേക്ക് പോവുകയായിരുന്നു. വിജനമായ റോഡിൽ വെച്ച് ഒരു കറുത്ത കാർ അവന്റെ വഴി തടഞ്ഞു. കാറിൽ നിന്നിറങ്ങിയ ആൾ കുമാറിന്റെ നെഞ്ചിന് നേരെ തോക്ക് ചൂണ്ടി.
​”കുമാർ… നീ കളി തുടങ്ങുന്നത് ആരോടാണെന്ന് നിനക്കറിയാമല്ലോ? ആ പെൻഡ്രൈവ് എവിടെ?”കുമാർ ഒന്ന് ചിരിച്ചു.

ആ ചിരിയിൽ മരണത്തെ ഭയപ്പെടാത്ത ഒരാളുടെ നിശ്ചയദാർഢ്യമുണ്ടായിരുന്നു. “അത് സുരക്ഷിതമായ ഒരിടത്ത് എത്തിക്കഴിഞ്ഞു. നാളെ കോടതിയിൽ ശ്യാം പുറത്തിറങ്ങും, നിങ്ങൾ അകത്താകും!”
​പെട്ടെന്ന് ഒരു വെടിയൊച്ച ആ താഴ്വരയിൽ മുഴങ്ങിക്കേട്ടു. ദൂരെ ആ വെള്ളച്ചാട്ടത്തിനടുത്ത് പക്ഷികൾ ഭയന്നുകൊണ്ട് പറന്നുയർന്നു.
​മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജയിൽ അഴികൾക്കിടയിലൂടെ പുറത്തെ മരങ്ങൾ തളിർക്കുന്നത് നോക്കി നിൽക്കുമ്പോൾ, തന്റെ ജീവിതം ഒരു വലിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് ശ്യാം അറിഞ്ഞില്ല.
​​ആ വെടിയൊച്ച താഴ്‌വരയിൽ പ്രതിധ്വനിക്കുമ്പോൾ, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് അഞ്ജനയുടെ അച്ഛൻ വിറയ്ക്കുന്ന കൈകളോടെ മുഖം പൊത്തി ഇരിക്കുകയായിരുന്നു. ഉള്ളിൽ മരണത്തോട് മല്ലിടുന്ന തന്റെ മകളുടെ അവസ്ഥ ഓർക്കുമ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അഞ്ജനയുടെ രോഗം വെറുമൊരു പനിയായിരുന്നില്ല; അത് അവളുടെ രക്തത്തെ കാർന്നുതിന്നുന്ന മാരകമായ ഒന്നായിരുന്നു. അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട ലക്ഷങ്ങൾ കണ്ടെത്താൻ വഴിയില്ലാതെ ശ്യാം ഉരുകുന്നത് അവൾ കണ്ടതാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി അവൻ രാപ്പകൽ പണിയെടുത്തു. ഒടുവിൽ ഒരു രാത്രിയിൽ ശ്യാം സന്തോഷത്തോടെ ഓടിവന്നത് അവളുടെ ഓർമ്മയിലുണ്ട്.
​”അഞ്ജൂ… പണം ശരിയായിട്ടുണ്ട്. നമുക്ക് നാളെ തന്നെ ഹോസ്പിറ്റലിൽ പോകാം.”
​ആ പണം എവിടെ നിന്ന് വന്നുവെന്ന് അവൾ അന്ന് ചോദിച്ചില്ല. പക്ഷേ, പിറ്റേന്ന് പുലർച്ചെ പോലീസ് വന്ന് ശ്യാമിനെ വിലങ്ങുവെച്ച് കൊണ്ടുപോയപ്പോൾ, അവൻ ഒരു മയക്കുമരുന്ന് മാഫിയയുടെ കണ്ണി ആണെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞപ്പോൾ, അവളുടെ ലോകം തകർന്നുപോയി. തന്നെ രക്ഷിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി തെറ്റായിപ്പോയല്ലോ എന്നോർത്തുള്ള സങ്കടവും ദേഷ്യവുമാണ് അന്ന് ആ വാക്കുകളായി പുറത്തുവന്നത്.

​”എന്റെ ജീവിതം തകർക്കാൻ വന്ന ഒരു ശാപമായിരുന്നു നീ…” എന്ന് അവൾ വിളിച്ചുപറഞ്ഞത് ശ്യാമിനോടുള്ള വെറുപ്പുകൊണ്ടായിരുന്നില്ല, മറിച്ച് താൻ കാരണം അവന്റെ ജീവിതം ജയിലഴിക്കുള്ളിലായല്ലോ എന്ന നീറ്റൽ കൊണ്ടായിരുന്നു. സത്യം അറിഞ്ഞ നിമിഷം മുതൽ അവൾ നീറുകയായിരുന്നു. ശ്യാം നൽകിയ ആ പണം കുമാർ വഴി വന്നതാണെന്നും, കുമാർ തന്നെ ചതിച്ചതാണെന്നും വൈകിയാണ് അവൾ മനസ്സിലാക്കിയത്.
​ആശുപത്രി കിടക്കയിൽ ബോധം മറഞ്ഞു കിടക്കുമ്പോഴും അഞ്ജനയുടെ ഉള്ളിൽ ശ്യാമിന്റെ മുഖം മാത്രമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും അവളുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തത് മരുന്നിന്റെ കുറവുകൊണ്ടല്ല, മറിച്ച് മനസ്സിലെ കുറ്റബോധം കൊണ്ടായിരുന്നു. ശ്യാമിനെ ജയിലിലാക്കി താൻ മാത്രം ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?

അന്ന് വൈകുന്നേരം വക്കീൽ മേനോൻ അവളെ കാണാൻ ആശുപത്രിയിൽ എത്തി.
​”അഞ്ജനാ… കുമാറിന്റെ മരണ മൊഴി എടുത്തിട്ടിട്ടുണ്ട് നമുക്ക് അനുകൂല മാണ് നിന്റെ സാക്ഷിമൊഴി കൂടി ഉണ്ടെങ്കിൽ ശ്യാമിന് നാളെ പുറത്തിറങ്ങാം. പക്ഷേ നീ ഈ അവസ്ഥയിൽ…”
​അഞ്ജന പതുക്കെ കണ്ണുതുറന്നു. വിളറിയ അവളുടെ മുഖത്ത് ഒരു നിശ്ചയദാർഢ്യം മിന്നിമറഞ്ഞു. “എനിക്ക് കോടതിയിൽ പോകണം സാർ. ശ്യാം നിരപരാധിയാണെന്ന് എനിക്ക് ലോകത്തോട് പറയണം. അവൻ എനിക്ക് വേണ്ടി അനുഭവിച്ച ഓരോ തുള്ളി വിയർപ്പിനും എനിക്ക് മറുപടി നൽകണം.”

അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ തലയിണയിൽ പടർന്നു. തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം അന്തസ്സും ജീവിതവും ബലികഴിച്ച ആ മനുഷ്യനെ താൻ എത്ര ക്രൂരമായാണ് ആക്ഷേപിച്ചത്! ആ വേദന ശ്യാമിന് നൽകിയ മുറിവിനേക്കാൾ വലുതായിരുന്നു അഞ്ജനയ്ക്ക്.
​അതേസമയം, താഴ് വാരത്തി ലെ ആ വിജനമായ റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുമാറിന് അരികിലേക്ക് പോലീസ് ജീപ്പ് പാഞ്ഞെത്തി. കുമാറിന്റെ കയ്യിൽ ആ പെൻഡ്രൈവ് മുറുകെ പിടിച്ചിരുന്നു. ബോധം മറയുന്നതിന് മുൻപ് അവൻ പോലീസുകാരന്റെ യൂണിഫോമിൽ പിടിച്ചു.

“ഇത്… ഇത് കോടതിയിൽ എത്തിക്കണം. ശ്യാം… അവൻ നിരപരാധിയാണ്. അവന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണിത്…”
​കുമാറിന്റെ കണ്ണുകൾ സാവധാനം അടഞ്ഞു.
​പിറ്റേന്ന് കോടതി മുറിയിൽ ഒരു വലിയ നിശബ്ദത പടർന്നു. വീൽചെയറിൽ ഇരുന്നുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ അഞ്ജന തന്റെ മൊഴി നൽകി. ശ്യാം തന്നെ രക്ഷിക്കാൻ വേണ്ടി കുമാറിനെ വിശ്വസിച്ചതും, കുമാർ അവനെ ചതിച്ചതുമെല്ലാം അവൾ വിവരിച്ചു. കുമാറിന്റെ മരണമൊഴിയും അവൻ നൽകിയ പെൻഡ്രൈവിലെ തെളിവുകളും കോടതിക്ക് മുന്നിലെത്തി.

ജഡ്ജിയുടെ വിധി വരുമ്പോൾ ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“പ്രതിയായ ശ്യാമിനെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി കോടതി ഉത്തരവിടുന്നു.”
​ജയിൽ മോചിതനായി പുറത്തിറങ്ങിയ ശ്യാം ആദ്യം കണ്ടത് കോടതി വരാന്തയിൽ തന്നെ നോക്കി നിൽക്കുന്ന തന്റെ അമ്മയെയും വീൽചെയറിൽ ഇരിക്കുന്ന അഞ്ജനെയുമാണ്. ഓടിവന്ന് അവളുടെ മുന്നിൽ ഇരിക്കുമ്പോൾ ശ്യാമിന് വാക്കുകൾ കിട്ടിയില്ല.
​അഞ്ജന അവന്റെ കൈകൾ പിടിച്ചു.

“എനിക്ക് മാപ്പ് തരണം ശ്യാം… ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു.”
​ശ്യാം അവളുടെ നെറുകയിൽ തലോടി.
“നമുക്ക് ഇനി ഒന്നിച്ച് ജീവിക്കണം അഞ്ജൂ… കുമാർ നമുക്ക് വേണ്ടി നൽകിയത് അവന്റെ ജീവിതമാണ്. അത് വെറുതെയാവില്ല.”
​മഴ തോർന്നു തുടങ്ങിയിരുന്നു. ആകാശത്ത് ഒരു മഴവിൽ തെളിയുന്നത് നോക്കി അവർ മൂന്നുപേരും പതുക്കെ കോടതി പടികൾ ഇറങ്ങി. തളിരണിയാൻ പോകുന്ന സ്വപ്നങ്ങളുമായി പുതിയൊരു ജീവിതത്തിലേക്ക്…

ദിവാകരൻ പികെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *