​”ഇപ്പൊ നിനക്ക് ജോലിയില്ലല്ലോ ഹാരിസേ… പുറത്തിറങ്ങാൻ പോലും പറ്റാത്ത ലോക്ക്ഡൗൺ കാലമല്ലേ..? നീ ഒന്നിനും ടെൻഷനാവണ്ട വീടിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.”
​ഇബ്രാഹിംക്കയുടെ ആ വാക്കുകൾ ആ കനത്ത ഇരുട്ടിൽ ഹാരിസിന് മുന്നിൽ തെളിഞ്ഞ ഒരു ചെറിയ വിളക്കുനാളം പോലെയായിരുന്നു. ലോകം മുഴുവൻ നിശ്ചലമായപ്പോൾ വരുമാനം നിലച്ച ഹാരിസിന് ആശ്വാസത്തിന്റെ വലിയൊരു തണലാണ് തന്റെ ജേഷ്ഠൻ നൽകിയത്.

പക്ഷേ, ആ തണലിലും റൈഹാനത്തിന് ആശങ്കയുള്ള പോലെ . റൂമിൽ വന്നപ്പോ അവൾ പതിയെ അവന്റെ കാതുകളിൽ മന്ത്രിച്ചു:
“ഇക്ക, ഇത് ശരിയാകുമോ..?
ഇന്ന് സ്നേഹത്തോടെ ഇത് പറയുന്നവർ നാളെ ഇതൊരു കണക്കായി നമ്മുടെ മുഖത്തടിച്ചാലോ?”
ഇത് കേട്ടതും ​ഹാരിസ് അവളെ ഒന്ന് തറപ്പിച്ചു നോക്കി.
“നീ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടണ്ട. എന്റെ ജേഷ്ഠനെ എനിക്ക് നന്നായറിയാം അവൻ അത്തരക്കാരനല്ല.”

കാരണം രക്തബന്ധം അവത്രമേൽ പ്രാധാന്യം കൽപ്പിക്കുന്നവനായിരുന്നു
‘ശെരി ഞാൻ പറയാനുള്ളത്
പറഞ്ഞു എന്താച്ചാ ഇങ്ങള് ചെയ്താളി “
അവൾ പറഞ്ഞൊഴിഞ്ഞു
​ദിനങ്ങൾ മാറി കഥയും മാറി…
​ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറി ജീവിതം പിച്ചവെച്ചു തുടങ്ങി. ഹാരിസ് വീണ്ടും അധ്വാനത്തിന്റെ ലോകത്തേക്ക് മടങ്ങി. ഉമ്മയുടെ വീട്ടിലെ സൽക്കാരത്തിനിടെ എല്ലാവരും ഒത്തുക്കൂടിയ സന്തോഷ നിമിഷം. ചിരികൾക്കും തമാശകൾക്കുമിടയിൽ എപ്പോഴോ ലോക്ക്ഡൗൺ കാലത്തെ കഷ്ടപ്പാടുകൾ ചർച്ചയായി.

പെട്ടെന്നാണ് ഇബ്രാഹിമിന്റെ ശബ്ദം കനത്തത്:
“ഞാനില്ലായിരുന്നെങ്കിൽ അന്ന് ഇവന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിച്ചു നോക്കിയേ..? കയ്യിൽ നയാപൈസയില്ലാതെ നട്ടംതിരിഞ്ഞു നിൽക്കുകയായിരുന്നു. പൈസ കയ്യിലുണ്ടെങ്കിലും ഇല്ലാത്തതുപോലെ അഭിനയിക്കാൻ ഇവൻ മിടുക്കനാണ്. സ്വന്തം കാര്യത്തിന് പൈസയുണ്ടാകും, പക്ഷേ അന്ന് വീടിന്റെ മുഴുവൻ ചെലവും നോക്കിയത് ഞാനാണ്..!”

കൂട്ടച്ചിരികൾക്കിടയിൽ ഇബ്രാഹിം ആ സഹായത്തിന്റെ കണക്കുപുസ്തകം തുറന്നപ്പോൾ വാതിലിനപ്പുറം വിജയഭാവത്തിൽ മൂത്തച്ചിയുടെ പരിഹാസച്ചിരി മിന്നിമറഞ്ഞിരുന്നു . ബന്ധുക്കളുടെ കുത്തുവാക്കുകൾ റൈഹാനത്തിന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി അവൾ മുറിയിലേക്ക് നടക്കുമ്പോൾ അമ്മായിമാരുടെ അടക്കംപറച്ചിലുകൾ അവൾ കേട്ടു..
​”ഹാരിസേ, നീ വീട്ടിലേക്ക് പൈസയൊന്നും കൊടുക്കാറില്ലേ..? ഇബ്രാഹിം പറഞ്ഞത് ശരിയാണോ?”

ഇന്നലെ പോലും അയ്യായിരം രൂപയുടെ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങി നൽകിയ ഹാരിസ് ഒരു നിമിഷം തരിച്ചുപോയി. അവന് വേണമെങ്കിൽ പ്രതികരിക്കാമായിരുന്നു, കണക്കുകൾ നിരത്താമായിരുന്നു. പക്ഷേ ബന്ധങ്ങളുടെ വില തകർന്നു വീഴുന്നത് കണ്ടപ്പോൾ അവന് വാക്കുകൾ നഷ്ടമായി.
​ഒരു ചെറിയ പുഞ്ചിരിയോടെ മുഖം താഴ്ത്തി ഉപദേശ സമിതിയായ മാമന്മാരുടെ അരികിൽ നിന്നും അവൻ പതുക്കെ എഴുന്നേറ്റു.

മറുപടി പറയാൻ അവന് കഴിവില്ലാഞ്ഞിട്ടല്ല
മറിച്ച് തന്റെ സാമീപ്യം ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുറിക്കുള്ളിൽ വിങ്ങുന്ന റൈഹാനത്താണെന്ന് അവന് ഉറപ്പായിരുന്നു.
​”കണ്ടില്ലേ… ഓൻ വാ തുറന്നോ..?
ഒന്നും പറയാനില്ലാത്തതുകൊണ്ടല്ലേ!”
പിന്നിൽ നിന്നും ഉയർന്ന ആ പരിഹാസച്ചിരികൾ അവന്റെ ചങ്കിൽ തറച്ചു.

സ്നേഹത്തിന്റെ പേരിൽ നൽകുന്ന സഹായങ്ങൾ പോലും കാലം തികയുമ്പോൾ ആയുധങ്ങളായി മാറുമെന്ന് അവൻ വേദനയോടെ തിരിച്ചറിഞ്ഞ നിമിഷം .
അവൾക്കും അനുഭവങ്ങൾ ഉണ്ടായേക്കാം അതാവണം അവളന്നു അങ്ങനെ പറഞ്ഞത് മുറിക്കുള്ളിൽ തകർന്നിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ ഹാരിസ് റൈഹാനത്ത് അന്ന് പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. പിന്നെഅവന്റെയുള്ളിൽ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനി ആരോടും കണക്കു പറയാൻ ഇടവരുത്താത്ത ഒരു ജീവിതം പടുത്തുയർത്തണം.
കാരണം ഉറ്റവർ എന്നത് വെറും വാക്ക് മാത്രമാണെന്നത് സത്യമെന്ന തിരിച്ചറിയൽ.

ജാബി പാത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *