രചന : അനിൽ ചേർത്തല ✍
ദൈവത്തിന്റെ പണിപ്പുരയിൽപൂർത്തിയാകാതെ
അവശേഷിച്ചകുറേ കരടുകൾ കുന്നുകൂടിക്കിടക്കുന്നു.
ആദ്യവരി കുറിച്ച ശേഷംകീറിക്കളഞ്ഞ കവിതകൾ,
തൊടാതെ മായ്ച്ചവിരൽപ്പാടുകൾ.
ഇരുളിന്റെ മറുപിള്ളകളായിതിരിച്ചെടുക്കപ്പെട്ടവർ.
ആകാശം അവരുടെ പേരുകൾ കുറിച്ചിട്ടില്ല.
എങ്കിലുംഅവർക്ക് ഒരു പൊതുപേര് കിട്ടി
ചാപിള്ളകൾ.
അവരുടെ പ്രണയവും സ്വപ്നങ്ങളുംപ്രപഞ്ചത്തിന്റെ പറയാത്ത ഭാഷയിൽഉറങ്ങിക്കിടന്നു.
ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളെപ്പോലെ.
ഭൂമിയിലെത്തിയില്ലെങ്കിലുംഅവർ അടഞ്ഞ പുസ്തകങ്ങളായിരുന്നില്ല
തുറക്കാതെ പോയഗ്രന്ഥശാലകളായിരുന്നു.
സംഭവിക്കാതെ പോയ ഭാവികളുടെഅസ്ഥികളായിരുന്നു.
ഒരു കവിയുടെ ആദ്യവരി,
ഒരു ശാസ്ത്രജ്ഞന്റെ ആദ്യ പരീക്ഷണം,
ഒരു പ്രണയത്തിന്റെ ആദ്യസ്പർശം,
ഒരു അമ്മയുടെ അവസാന ആശ്വാസം
എല്ലാംപേരിടപ്പെടാതെ കിടക്കുന്നു.
മണ്ണിൽ വീഴാതെ പോയ വിത്ത്നഷ്ടപ്പെടുത്തിയത്ഒരു വൃക്ഷത്തെ മാത്രമല്ല;
അതിന്റെ തണലിനെയും,
കൂടുകൂട്ടേണ്ടിയിരുന്ന പക്ഷികളെയും,
ഇലകളെ തഴുകേണ്ടിയിരുന്നകാറ്റിന്റെ സംഗീതത്തെയും.
രാത്രിയുടെ ഏറ്റവും ആഴമുള്ള നിശ്ശബ്ദതയിൽ
ജനിക്കാതെ പോയൊരു ശബ്ദം
അമ്മയുടെ സ്വപ്നവാതിലിൽ മുട്ടി.
“അമ്മേ,
എപ്പോഴെങ്കിലും നീഎന്നെ സ്വപ്നം കാണാറുണ്ടോ?
ഉണർന്നുടൻ മറന്നുപോയഒരു
സ്വപ്നത്തിൽഞാനുണ്ടായിരുന്നോ?
നിന്റെ വിളിയിൽഉച്ചരിക്കപ്പെടാതെ പോയ
ആ പേര് എന്റെയായിരുന്നോ?”
അമ്മ ഉറങ്ങിയില്ല.
നനഞ്ഞ തലയിണയിൽ
സ്വപ്നം മാത്രംഉറങ്ങാതിരുന്നു
നേരം വെളുപ്പിച്ചു.
