വർഷം കൃത്യമായി ഓർമയില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപാണത്.
അന്ന് സൗദിഅറേബ്യയിൽ വിദേശികൾക്ക് ഇന്നത്തെ പോലെ കർശനമായ നിയമങ്ങളൊന്നുംസൗദി സർക്കാർ നടപ്പാക്കിയിരുന്നില്ല.കൂടുതൽ പേരും തൊഴിൽവിസാ നിയമലംഘനം നടത്തി ജോലി ചെയ്യുന്നവർ.അതിൽ കൂലിക്ക് സ്പോൺസറെ വെച്ച് പുറത്ത് ജോലി ചെയ്യുന്നവർ.മറ്റുചിലർ സ്പോൺസറുടെ അടുത്ത് നിന്ന് ചാടി പണിയെടുക്കുന്നവർ. അതിലും കൂടുതൽപേര് ഒരുമാസത്തെ തീർത്ഥാടന വിസക്ക് (ഉംറ വിസ )വന്ന് തിരിച്ചുപോകാതെ ജോലി ചെയ്യുന്നവർ.

ഞാൻ എഗ്രിമെന്റ് ചെയ്ത് സ്പോൺസറുടെ കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു. പക്ഷെ സ്പോൺസറുമായി ഒത്തു പോകാൻ ബുദ്ധിമുട്ടായത് കൊണ്ട് ഞാൻ അവിടുന്ന് ചാടി പല ഇടങ്ങളിലായി ജോലി ചെയ്തു.
ഷുഗർ പ്ലാന്റിൽ , പവർ പ്ലാന്റിൽ. കല്യാണ മണ്ഡപത്തിൽ,റെസ്റ്റോറന്റിൽപിന്നെ തെരുവ് കച്ചവടം.. അങ്ങനെ പല മേഖലകളിലും . അതിനിടയിൽ രണ്ട് പ്രാവശ്യം പോലീസ് എന്നെ പിടിച്ചു എന്തൊക്കെയോ കാരണത്താൽ അവർ എന്നെ വഴിയിൽ ഇറക്കി വിട്ടു.
അങ്ങനെ നീണ്ട 4 വർഷം നാട്ടിൽ പോകാതെ.. (എന്റെ ദൈവമേ …ഇപ്പോൾ അത് ഓർക്കാൻ വയ്യ )
നാട്ടിൽ നിന്ന് വന്നിട്ട് 4 വർഷം ആവാറായി.

എനിക്ക് നാട്ടിൽ പോകണം. എന്റെ കയ്യിലാണെങ്കിൽ ഒരു രേഖയുമില്ല.പോലീസ് പിടിക്കുന്നുമില്ല. പിടിക്കപ്പെട്ടാൽ ഒരാഴ്ച കൊണ്ട് അവർ കയറ്റി വിടും.അത് കൊണ്ട് തന്നെ രണ്ടും കൽപ്പിച്ചു (എന്തും നേരിടാൻ തയ്യാറായി )ഞാൻ പുറത്തിറങ്ങി നടന്നു. അതിന്റ ആദ്യപടിയായി നാട്ടിൽ നിന്ന് വരുന്ന ഒരു സുഹൃത്ത് വഴി ഞാനെന്റെ തിരിച്ചറിയൽ കാർഡ് ഇവിടെ എത്തിച്ചു.ജയിലിൽ നിന്ന് പെട്ടന്ന് കയറ്റിവിടാൻ ഇന്ത്യക്കാരൻ എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ വേണം. അതിന് വേണ്ടിയാണ് ആ ID കാർഡ് ഞാൻ ഇവിടെ എത്തിച്ചത്.
ജോലിക്ക് പോകാതെയായി. രാവിലെ കുളിച്ച് പുറത്തിറങ്ങും കയ്യിൽ ഒരു പ്ലാസ്റ്റിക്ക് കീസും ഉണ്ടാകും. അതിൽ രണ്ട് കൂട്ടം വസ്ത്രം ഒരു അലക്ക് മുണ്ട്. ടൂത്ത് പേസ്റ്റ്, പല്ല് തേക്കാനുള്ള ബ്രഷ്,സോപ്പ് എന്നിവ.

പിന്നെ പോലീസിന്റെ കണ്ണിൽ പെടാത്ത രീതിയിൽ പാന്റിന് ഉൾ ഭാഗത്ത്‌ ഒരു കീശയുണ്ടാക്കി അതിൽ കുറച്ചു റിയാലും വെക്കും..
അങ്ങിനെ ഞാൻ നാട്ടിലേക്ക് പോകാനായി തെരുവിലേക്ക് ഇറങ്ങി.. പോലീസ് എവിടെയുണ്ടോ അവിടേക്ക് പോയി. പക്ഷെ പോലീസ് പിടിക്കുന്നില്ല… ഒരുപാട് ദിവസം അങ്ങനെ നിരാശനായി മടങ്ങി.
കയ്യിലെ കാശ് തീർന്നു കൊണ്ടിരിക്കുന്നു, പൊലീസാണേൽ പിടിക്കുന്നുമില്ല. വല്ലാത്തൊരു അവസ്ഥയിലായി ഞാൻ. “ജോലിക്ക് വീണ്ടുംകയറിയാലോ ” ഒരുവേള ഞാൻ വീണ്ടു വിചാരം നടത്തി.
വേണ്ട ജോലിക്ക് പോകേണ്ട. തെരുവിലെന്തെങ്കിലും കച്ചവടം നടത്താം. പിടിക്കുകയാണേൽ നാട്ടിലെത്താം.
അന്ന് മുതൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ വീണ്ടും ഗോദയിലേക്കിറങ്ങി. തെരുവിൽ പച്ചക്കറി കച്ചവടം തുടങ്ങി..
.കച്ചവടം നല്ലത് പോലെ മുന്നോട്ട് പോയി.
തരക്കേടില്ലാത്ത മിച്ചവുംകിട്ടി.

പക്ഷെ എത്ര ലാഭം കിട്ടിയാലും കച്ചവടം പൊടിപൊടിച്ചാലും ചിന്ത മുഴുവൻ
നാട്ടിലെത്തണം മക്കളെ കാണണം എന്നതിലേക്ക് മാത്രമാണ്.
അങ്ങിനെയിരിക്കെ കച്ചവടം നല്ലത് പോലെ നടന്നു കൊണ്ടിരിക്കുന്ന ഒരു വ്യാഴായ്ച്ച രാത്രി. ഏകദേശം 10 മണി കഴിഞ്ഞു കാണും. പോലീസ് ചെക്കിങ്ങ് ഉണ്ടെന്നറിഞ്ഞു എല്ലാവരും ഒഴിഞ്ഞു മാറി. ഞാനും എന്നെപോലെ നാട്ടിൽ പോകാൻ മോഹിച്ചു നിൽക്കുന്ന ചിലരും അവിടെ തന്നെ നിന്നു.
ഞാൻ ആഗ്രഹിച്ചത് പോലെ പോലീസ് എന്നെ പിടിച്ചു. ഞാൻ വല്ലാതെ സന്തോഷിച്ചു.. പക്ഷെ ആ സന്തോഷവും അതികം നീണ്ടുനിന്നില്ല. പോലീസ് എന്നെ വഴിയിൽ ഇറക്കി വിട്ടു..
പിന്നീടാണ് ഒരു സുഹൃത്ത് വഴി അറിയുന്നത് 150 റിയാൽകൊടുത്താൽ പോലീസ് പിടിക്കുമെന്നും അതിനു മലയാളി ഏജന്റുമാർ ഉണ്ടെന്നും.അങ്ങനെ ആ മലയാളി ഏജന്റിനെ കണ്ടെത്തി അയാളുടെ കയ്യിൽ 150റിയാൽ കൊടുത്തു.
അങ്ങനെ എന്നെ ഞാൻ തന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു.(അതാണ് മലയാളി. കണ്ടെത്താൻ ഞാൻ വൈകി എങ്കിലും.)

ജയിലിൽ എത്തിയപ്പോഴാണ് പോലീസ് പിടിക്കാത്തതിന്റ സത്യാവസ്ഥ എനിക്ക് മനസ്സിലായത്. ജയിലിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. അവരാരും ക്രിമിനൽ കുറ്റവാളികൾ അല്ല. എല്ലാവരും വിസാ കാലാവധി കഴിഞ്ഞു സൗദിയിൽ ജോലിയെടുക്കുന്ന അനധികൃത തൊഴിലാളികൾ.അവരിൽ ഇന്ത്യക്കാർ, പാകിസ്ഥാനികൾ നേപ്പാളികൾ ശ്രീലങ്കക്കാർ ബംഗാളികൾ എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാർ, ഫിലിപ്പീൻസ് പിന്നെ ഒട്ടുമിക്ക അറബ് രാജ്യക്കാർ അങ്ങനെ ഒരുപാട് ജനം.
എല്ലാവരെയും പോലെ എന്റെ മേൽവിലാസവും ഞാൻ നൽകി. ഇനി ഇന്ത്യൻ എമ്പസിയിൽ നിന്ന് ഉദ്യോഗസ്ഥർ വരണം. അന്ന് ഞാൻ എത്തുന്നതിനു മുൻപേ ഉദ്യോഗസ്ഥർ വന്നുപോയതിനാൽ ഇനി ഒരാഴ്ച്ച ജയിലിൽ കഴിയണം.അന്ന് ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥർ ഒരാഴ്ചയിൽ ഒരിക്കലേ വരൂ.. ചില രാജ്യക്കാരുടെത് രണ്ടാഴ്ചയിൽ ഒരിക്കലോ അതിൽ കൂടുതൽ ദിവസമോ പിടിക്കും.. അത് വരെ ജയിലിൽ കിടക്കുക തന്നെ.

എന്നെ ഒരു ഹാളിലേക്ക് മാറ്റി.200ആളുകൾക്ക് സൗകര്യമുള്ള ആ ഹാളിൽ എഴുന്നൂറോളം ആളുകൾ.
വിത്യസ്ത രാജ്യക്കാരായ പല ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്തമായ സംസ്കാരത്തിനുടമകളായ ആ ജനക്കൂട്ടത്തിൽ ഞാനും..
പെട്ടന്ന് ഒരു മലയാളി കൂട്ടം വട്ടമിട്ടിരുന്നു സംസാരിക്കുന്നത് ഞാൻ കണ്ടു..അവരോടൊപ്പം ഞാനും ഇരുന്നു. എല്ലാവരുമായും പരിചയപെട്ടു.
വളരെ ദയനീയമായ അന്തരീക്ഷമായിരുന്നു അവിടെ…
ആദ്യ ദിവസം അങ്ങനെ കഴിഞ്ഞു പോയി.. രണ്ടാം ദിവസം രാവിലെ.. എനിക്ക് പ്രഭാത കൃത്യങ്ങൾ നടത്തണം…

ആർക്കും ഉറക്കിന് കൃത്യത ഇല്ലാത്തത് കൊണ്ട് അതിന് സമയ കണക്ക് ഇല്ലായിരുന്നു.. ഉറക്കിന് കൃത്യത ഇല്ല എന്ന് പറയാൻ കാരണം ആ വലിയ ഹാളിൽ ആ ജനങ്ങൾ മുഴുവൻ തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ലൈറ്റ് അണക്കില്ല. സംസാരം നിൽക്കില്ല. ഉറക്കം വരുന്നവർ സമയ കണക്കില്ലാതെ ഉറങ്ങും.
ആദ്യ ദിവസം ആയതിനാൽ അന്ന് രാവിലെ തന്നെ കക്കൂസിൽ പോകാൻ ഉണ്ടായിരുന്നു..
ടോയ്ലറ്റ് എന്ന് പറയാൻ ഇല്ല. ഒരാൾ ഉയരമില്ലാത്ത രീതിയിൽ ചുമര് കെട്ടിപ്പൊക്കിയിരിക്കുന്നു. വാതിൽ ഇല്ല.
പൊട്ടിപ്പാളീസായ ബക്കറ്റും കോപ്പയും.. കൂടുതൽ കക്കൂസും നിറഞ്ഞു കവിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ മാലിന്യം നിറഞ്ഞ വെള്ളമാണ് നിലം മുഴുവൻ.അവിടുത്തെ ബാക്കി അവസ്ഥ ഞാൻ വിവരുക്കുന്നില്ല. അത്രക്കും ശോചനീയമാണെന്ന് ഊഹിച്ചാലറിയാം. തൂറാൻ മുട്ടി അങ്ങ് എത്തിയ എനിക്ക് തൂറുകയല്ലാതെ വഴിയില്ല..

കുളിക്കാൻ, അലക്കാൻ, പല്ല് തേക്കാൻ എല്ലാത്തിനും ആ ചുറ്റുപാടുകൾ തന്നെ.
ഓപ്പൺ ആയ സ്ഥലത്താണ് കുളി. കുളി സ്ഥലമല്ല. അതിന് പ്രത്യേക സൗകര്യവുമില്ല. പൈപ്പിന് ചുവട്ടിൽ തല വെച്ച് കൊടുക്കുക. കക്കൂസിലെ മാലിന്യം അവിടെയാകെ ഒലിച്ചെത്തിയത്കൊണ്ട് അതികപേരും കുളിക്കില്ല അതിനാൽ അവിടെ വലിയ തിരക്കുമില്ല..
ഒരേ ഒരു സമാധാനം “Ac”നല്ലത് പോലെ പ്രവർത്തിക്കുന്നത് കൊണ്ട് ചൂടില്ല. (കൊതുക് ആളൊന്നിന് തികയാത്തത് കൊണ്ട് കൊതുകുമില്ല എന്നതാണ് )
സമയം ഉച്ചയായി ഗേറ്റിന് മുൻപിൽ ചോറ് വന്നു. അഞ്ച് പേർക്ക് 6 പേർക്ക് തിന്നാൻ പാകത്തിലുള്ള വലിയ വട്ട പാത്രത്തിൽ ചോറ് നിറച്ചു കൊടുക്കും.കൂടെ ചിക്കനും.ആറടിക്കു മുകളിൽ ഉയരമുള്ള പാകിസ്ഥാനികളോടും സുഡാനികളോടും മറ്റും അഞ്ചടി അഞ്ച് ഇഞ്ചു കാരനായ എനിക്ക് മല്ലടിക്കാൻ കഴിയാത്തത് കൊണ്ട് ചോറിന് തിരക്കാൻ ഞാൻ പോകാറില്ല. പിന്നെ പോയില്ലെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രശ്‌നമില്ല.. അറബ് വംശജർ അവർ ഭക്ഷണം കഴിക്കുകയാണെങ്കിൽ നിർബന്ധിച്ചു കൂടെ ഇരുത്തും..

ആദ്യ ദിവസം മാത്രമേ ഞാൻ പതിവ് അളവിൽ ഭക്ഷണം കഴിച്ചുള്ളൂ.. പിന്നീട് വളരെ കുറച്ചു മാത്രം. കാരണം മറ്റൊന്നുമല്ല കക്കൂസിൽ പോകാനുള്ള അസൗകര്യം തന്നെ…
ദിവസം മൂന്നും നാലും കഴിഞ്ഞു.. ധരിച്ച വസ്ത്രമെല്ലാം മുഷിഞ്ഞു വാസനിക്കാൻ തുടങ്ങി. ശരീരം വല്ലാത്തൊരു അവസ്ഥയിലായി.. ഉറക്കിന്റ സ്ഥിരതയില്ലായ്‌മ എന്നെ താളം തെറ്റിക്കാൻ തുടങ്ങി.. അഞ്ച് ദിവസം കഴിഞ്ഞു. എനിക്ക് വല്ലാത്ത പേടി തോന്നി.. പലർക്കും എന്തൊക്കെയോ രോഗം ഉള്ളവരുണ്ട്.രോഗം എനിക്കും പിടിപെടുമോ.. പിടിപെട്ടാൽ എന്താകും അവസ്ഥ…
അങ്ങിനെ ആറാം നാൾ.. ദൈവ ദൂദരെ പോലെ ഉദ്യോഗസ്ഥർ എത്തി.. നാട്ടിലേക്ക് പോകാൻ ഉള്ള അറീപ്പ് തന്നു..

ദുർഗന്ധം വമിക്കുന്ന ആ ശരീരവും പേറി അന്നത്തെ ബോംബെ യിലേക്കുള്ള ഫ്‌ളൈറ്റിനുള്ളിലേക്ക് ഞാൻ അടങ്ങുന്ന സംഘം കയറുമ്പോൾ വിമാന ജോലിക്കാരായ സുന്ദരികൾ മുഷിഞ്ഞ വാസന ഉള്ളിൽ ഉണ്ടാവാതിരിക്കാൻ ഏതോ അറേബ്യൻ പെർഫ്യൂം ഞങ്ങളുടെ ശരീരമാസകലം പൂശി.. എന്റെ മധുരമൂറുന്ന പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്നത് ഈ പെർഫ്യുമിന്റെ വാസനയിലാണ്..🌹

By ivayana

Leave a Reply

Your email address will not be published. Required fields are marked *