ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

“ഓണമാണുണ്ണീ,യിന്നോണമാണ്
ഓണം പോലുണ്ണേണ്ടും നാളു,മല്ലേ?”
അമ്മയില്ലെങ്കിലും ഓണമെത്തി
അമ്മതൻ നിസ്വനമിങ്ങു കേൾക്കാം.
പൂവിറുക്കാനമ്മ വന്നതില്ല
പൂക്കളം തീർക്കുവാനെത്തിയില്ല
പുഞ്ചനെൽ കൊയ്തവൾ വെച്ചെങ്കിലും
പുന്നെല്ലിൻ ചോറുണ്ണാൻ വന്നേയില്ല.
കാണുവാൻ കണ്ണിനകത്തുള്ളവൾ
കാണേണ്ട കാഴ്ചകൾ കാണുന്നില്ല
എങ്കിലും ഞാൻ കാണും ദുഃഖമോടെ
ചങ്കു പകുത്തമ്മ തന്നകാഴ്ച.
അന്നമ്മ തൂശനിലയതിലായ്
അന്നം വിളമ്പിയ കാര്യമോർത്താൽ
ഇന്നെൻ മനസ്സിന്റെ കോണുകളിൽ
മന്ദം പൊടിയുന്നു നീർച്ചാലുകൾ.
ഊണിനു ചേർന്നൊരു പച്ചക്കറി
ഉപ്പിലിട്ടുള്ളതാം അച്ചാറൊന്ന്
ഉപ്പേരി പപ്പടം പുളിശ്ശേരി
ഉണ്ണിക്കായമ്മ കരുതിയന്ന്.
പാത്രം കഴുകിയ വെള്ളം പോലെ
പായസമൊന്നമ്മ വെച്ചു തന്നു
ഇന്നും അതിന്റെ സ്വാദിനൊപ്പം
ഒന്നും വരില്ല,പാൽപ്പായസ്സവും.
കുട്ടികളേറെയുണ്ടാകയാലാം
വീട്ടിലന്നാർക്കുമേയില്ലഘോഷം
തുട്ടുകളൊക്കെയും കൂട്ടിവെച്ച്
തട്ടിക്കുട്ടിയമ്മ,യോണ സദ്യ.
പുന്നാര മക്കളെ കാണാനവൾ
എന്നേവരേണ്ടതാണെങ്കിലെന്തേ
മന്നവൻ മാവേലിക്കൊപ്പമെത്താൻ
ഇന്നും വരാതവളെങ്ങു പോകാൻ?
ഓണമിന്നുണ്ണുവാനമ്മയില്ല
ഓർമ്മകൾ കൂട്ടുകാരോത്തു ഞാനി –
ന്നോർത്തോർത്തിരിക്കും അന്നമ്മതന്ന
ഒരായിരംകിളിക്കൊഞ്ചലുമ്മ.

തോമസ് കാവാലം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *