ശരീരത്തിന്റെ വിശപ്പ് ഒരു പിടി അന്നം
കൊണ്ട് അടക്കാമെങ്കിൽ മനസ്സിന്റെയും
ആത്മാവിന്റെയും വിശപ്പുകൾ
അങ്ങനെയല്ല അവ അതിരുകളില്ലാത്തതും
ആഴമേറിയതുമാണ്. ഈ വാക്കുകൾ
നിങ്ങൾ കേട്ടിട്ടുണ്ടോ..?
വയറിന്റെ കനലുകൾ കെടുത്തുമ്പോൾ
നമ്മൾ കേവലം ജീവിച്ചിരിക്കുന്നു എന്ന്
ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അല്ലേ.?
എന്നാൽ മനസ്സിന്റെ വിശപ്പുകളാണ്
നമ്മൾ എങ്ങനെ ജീവിക്കണം എന്നും
നമ്മൾ ആരാകണം എന്നും
നിശ്ചയിക്കുന്നത്.
​സ്നേഹത്തിനായുള്ള വിശപ്പാണ് ഇതിൽ
ഏറ്റവും തീവ്രമായത്. ജന്മം നൽകിയ
ഉമ്മയുടെ നെഞ്ചിലെ ചൂടിൽ നിന്ന്
തുടങ്ങി സൗഹൃദത്തിന്റെ തണലിലൂടെയും
പ്രണയത്തിന്റെ ആഴങ്ങളിലൂടെയും അത്
നീണ്ടുപോകുമ്പോൾ . ആരും ഒറ്റപ്പെടാൻ
ആഗ്രഹിക്കുന്നില്ല. എന്നാലും ഈ വലിയ
ലോകത്ത് തന്നെ കേൾക്കാൻ
മനസ്സിലാക്കാൻ ചേർത്തുപിടിക്കാൻ
ഒരാളുണ്ടാകുക എന്നത് ആത്മാവിന്റെ
പരമമായ ആവശ്യമല്ലേ..!
സ്നേഹിക്കപ്പെടാനും തിരിച്ച്
സ്നേഹിക്കാനുമുള്ള ഈ ദാഹമാണ്
മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന
ഏറ്റവും വലിയ ശക്തി.
ആ സ്നേഹച്ചൂടിലാണ് മനുഷ്യൻ തന്റെ
ആകുലതകളെയെല്ലാം മറക്കുന്നതും
പ്രത്യാശയോടെ നാളെയെ നോക്കുന്നതും.
​അതുപോലെ തന്നെയാണ്
പരിഗണനയ്ക്കായുള്ള വിശപ്പ്.
ഈ വലിയ ജനക്കൂട്ടത്തിനിടയിൽ താൻ
വെറുമൊരു നിഴലല്ലെന്നും തന്റെ സാന്നിധ്യം
മറ്റുള്ളവർ തിരിച്ചറിയുന്നുണ്ടെന്നും
ഉറപ്പുവരുത്താൻ ഓരോ ഹൃദയവും
കൊതിക്കാറില്ലേ..?
അവഗണിക്കപ്പെടുന്നതിന്റെ വേദനയോളം
വരില്ല മറ്റൊരു നൊമ്പരവും. ഒരു ചെറിയ
പുഞ്ചിരിയിലൂടെ ഒരു നല്ല വാക്കിലൂടെ
അല്ലെങ്കിൽ ആപത്തിൽ നീട്ടുന്ന ഒരു
കൈയിലൂടെ ലഭിക്കുന്ന അംഗീകാരവും
പരിഗണനയും നമ്മൾക്ക് നൽകുന്ന
ഊർജ്ജം ചെറുതല്ല. അത് അവന്റെ
സ്വത്വത്തെയും ആത്മവിശ്വാസത്തെയും
വളർത്തുന്നുഎന്ന് പറഞ്ഞാൽ..!
​പിന്നീട് വരുന്നത് സ്വപ്നങ്ങളിലേക്കും
ലക്ഷ്യങ്ങളിലേക്കും എത്താനുള്ള
വിശപ്പാണ്.
നമ്മൾ കേവലം ഭൗതികമായ
സാഹചര്യങ്ങളിൽ ഒതുങ്ങിക്കൂടാൻ
ഇഷ്ടപ്പെടുന്നില്ല. നക്ഷത്രങ്ങളെ
തൊടാനും പുതിയ ലോകങ്ങൾ
കീഴടക്കാനും തനിക്കായി ഒരു സാമ്രാജ്യം
പടുത്തുയർത്താനും നമ്മൾ
ആഗ്രഹിക്കുന്നത് ഈ സ്വപ്നങ്ങളുടെ
വിശപ്പുകൊണ്ടല്ലേ..?
ഈ വിശപ്പാണ് ചരിത്രത്തിലെ എല്ലാ
കണ്ടുപിടുത്തങ്ങൾക്കും മാനവികതയുടെ
പുരോഗതിക്കും പിന്നിലുള്ള യഥാർത്ഥ
ഇന്ധനം.
തളരാത്ത ഈ ആഗ്രഹം തന്നെയാണ് എല്ലാ
പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട്
കുതിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത്.
​ഈ ആത്മീയ വിശപ്പുകളിൽ നിന്നാണ്
കലയും സാഹിത്യവും സംസ്കാരവും
ജന്മമെടുക്കുന്നത്. ഉള്ളിലെ പ്രക്ഷുബ്ധമായ
ചിന്തകളെയും വിരഹത്തെയും
വാക്കുകളാക്കാൻ ഒരു എഴുത്തുകാരനെ
പ്രേരിപ്പിക്കുന്നത് ഈ വിശപ്പാണ്. ഒരു
ചിത്രകാരൻ കാൻവാസിൽ ചായങ്ങൾ
ചാലിക്കുന്നതും ഗായകൻ
രാഗങ്ങളുണർത്തുന്നതും ഉള്ളിലെ ഈ
ദാഹത്തെ ശമിപ്പിക്കാനല്ലേ…? നമ്മുടെ
ഹൃദയത്തിൽ തൊടുന്ന ഓരോ കവിതയും
ഓരോ ചിത്രവും ഓരോ ഈണവും
സത്യത്തിൽ മറ്റൊരു മനുഷ്യന്റെ ഉള്ളിലെ
വിശപ്പിന്റെയോ പ്രാർത്ഥനയുടെയോ പ്രകടനമാവാം .
അത് പോലെ
​സൂര്യോദയം മുതൽ അസ്തമയം
വരെ നമ്മൾ ഓടുന്നത് ഉറക്കമില്ലാതെ
രാപ്പകലുകൾ അധ്വാനിക്കുന്നത് ഈ
അദൃശ്യമായ വിശപ്പുകൾ ഉള്ളിലാണ്
കൊണ്ടുനടക്കുന്നത് കൊണ്ടാണ്.
അവയില്ലാത്ത മനുഷ്യൻ വെറുമൊരു
ശൂന്യമായ പാത്രം പോലെയാണ് എന്ന്
പറഞ്ഞാൽ..?
ഈ വിശപ്പുകളാണ് നമ്മെ മൃഗങ്ങളിൽ
നിന്ന് വേറിട്ടു നിർത്തുന്നതും യഥാർത്ഥ
മനുഷ്യരാക്കുന്നതും. ഉള്ളിലെ
ഇത്തരത്തിലുള്ള
വിശപ്പിന്റെ തിരി കത്തുന്നത്
കൊണ്ടാണ് നാം ഇന്നും പ്രതീക്ഷയോടെ
പുഞ്ചിരിക്കുന്നതും പ്രണയിക്കുന്നതും
ജീവിക്കുന്നതും.😌

ജാബി പാത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *