രചന : അൻവർ ഷാ ഉമയനല്ലൂർ* ✍
മഹനീയ സഹനപര്യായമായ് പുലരിതൻ
വെളിച്ചമായുയിർത്തെഴുന്നേറ്റതാം താരമേ,
തിരികെവന്നെത്തുവാൻ പ്രാർത്ഥനാകരളുകൾ
കാത്തിരുന്നിരുളിലാ,യാ ദിനങ്ങൾ.
അന്നുദയാർദ്രമായ് വെണ്മതൻ നന്മുഖം,
മിന്നിത്തിളങ്ങിച്ചു പൊൻവെളിച്ചം
പാരിന്റെയുന്മേഷ സുദിനമായ് തൽക്ഷണം
തിരികെനൽകിച്ചു നീർമിഴികൾ രണ്ടും.
അഴകാർന്ന പുലരികളുണരുവാൻ
പ്രാർത്ഥനാ- മനസ്സുമായ്
കാത്തിരുപ്പുലകിൽ നമ്മൾ
നിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-
ന്നുയിർത്തെഴുന്നേൽപ്പുമായ് സഹനഹൃത്തും.
ധരണിയിലുണരാത്ത മനസ്സുകൾക്കുദയമൊ-
ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം;
സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാം
നന്മോദയത്തിൻ മഹിതകാവ്യം.
പ്രാർത്ഥനാഹൃദയമോ-
ടൊരുമയോടാർദ്രമായ്
ചേർത്തണയ്പ്പൂ ലോകമീ,സുദിനം
തലമുറകൾക്കാർദ്ര,സഹനപാഠങ്ങളായ്
സന്മാർഗ്ഗചിന്തയേകുന്നു നിത്യം.
കനിവറ്റലോകമേ,യുള്ളിലൊരു തുള്ളിയാ-
യെങ്കിലും സ്വീകരിക്കാപ്തവാക്യം.
പാരിൻവെളിച്ചമുയിർത്തനാ,ളാർദ്രമാ,
യുദയാമായുണരുക!ഹൃദയപൂർവ്വം…

