രചന : വി സി അഷ്റഫ് ✍️
സമ്മിലൂനീ.. സമ്മിലൂനീ
ഇശ്‌ഖിൻ്റെ പുതപ്പിലേക്ക്
നഫ്സിൻ്റെ റഹ്‌മിലേക്ക്
അവൻ ഊളിയിട്ടിറങ്ങി.
യാ വദൂദ്.. യാ വദൂദ്
ഉറക്കത്തിലും അവൻ മന്ത്രിച്ചു
സ്നേഹമേ, സ്നേഹമേ..
കാതുകൾ കൊട്ടിയടച്ചു,
മാഷൂഖ് തിരിഞ്ഞു നടന്നു!
കഫൻ പുടവയിൽ
പൊതിഞ്ഞ മയ്യിത്തിൻ്റെ
ഖൽബ് അപ്പോഴും
അവൾക്കായി മിടിക്കുന്നത്
പക്ഷെ,ആരും കണ്ടില്ല !
ആകാശപ്പരപ്പുകളിൽ
അവനെ കൊണ്ട് പോകാൻ
വെളുത്ത ബുറാഖ് വന്നിറങ്ങി.
മാലാഖമാർ കൂട്ടത്തോടെ
ഇശ്‌ഖിൻ്റെ ദുറൂദുകൾ ചൊല്ലി
അവനെ ആനയിച്ചു.
നിത്യമേ,സത്യമേ,പ്രണയമേ
അഹ്‌ലൻ വ സഹ്‌ലൻ !
കാവൽ മാലാഖ
ആദരവോടെ ഹബീബിനെ
സ്വാഗതം ചെയ്തു !
ദൂരെ സ്വർഗ്ഗ സീമകൾ
നൂറുൻ അലാ നൂർ ആയി
അവൻ്റെ മൺമുന്നിൽ
തെളിഞ്ഞു വന്നു.
ഇനി താങ്കളുടെ വഴിയാണ്.
മുബാറക്കായ മുഹബ്ബത്തിൻ്റെ
സിറാത്തിലേക്ക്..
ഫിർദൗസിലെ
ഫദായിലുകളിലേക്ക്,
ഒരിക്കലും നിലക്കാത്ത
റഹ്മത്തുകളിലേക്ക്,
ബർക്കത്തുകളിലേക്ക്,
മൗലായുടെ നാമത്തിൽ
കടന്നു ചെല്ലുക!
സലാം അലൈക്ക !
അവനെ പരിചരിക്കാൻ
സർവ്വ സൗഭാഗ്യങ്ങളും
ഒന്നിന് പിറകെ ഒന്നായി
അണി നിരന്നു !
വേദങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ട
ഹൂർലീങ്ങൾ അവൻ്റെ
ചുറ്റിനും നൃത്തം ചെയ്തു.
അവൻ്റെ കണ്ണുകൾ നനഞ്ഞു
സ്വർഗ്ഗത്തിലെ മണ്ണ്
ആദ്യമായി മനുഷ്യൻ്റെ
കണ്ണീർ വീണുതിർന്നു.
യാ മുഖല്ലിബുൽ ഖൂലൂബ്..
അവൻ റഹ്മാനിലേക്ക് തിരിഞ്ഞു
ഭൂമിയിലുള്ള എൻ്റെ പ്രണയിനിയുടെ
ഖുബൂലിയത്ത് മാത്രം മതി
ഈ സ്വർഗ്ഗവും ഇത് പോലുള്ള
എഴുപതിനായിരം സ്വർഗ്ഗങ്ങൾക്കും
പകരമായി..
ഇർഹമ് ഇർഹമ് ഇർഹമ്നീ !
മലായികത്തുകൾ കരഞ്ഞു
സ്വർഗ്ഗവും ഭൂമിയും ആകാശവും
അവന് വേണ്ടി കൈകളുയർത്തി !
കുൻഫയകൂൻ !!
മലികുൽ ജബ്ബാറിൻ്റെ
കരുണാകടാക്ഷം വർഷിച്ചു !
ഫിർദൗസിൽ ജല്ലജലാലിൻ്റെ
നൂറുൻ അലാ നൂർ പരന്നു.
അർശ് ആനന്ദക്കണ്ണീര് പൊഴിച്ചു.
ഇശ്ഖ് തൊട്ടറിഞ്ഞ രണ്ട് റൂഹുകൾ
ഒന്നായി,അഹദോനെ വാഴ്ത്തി !!
