രചന : ഗൗതം രാജീവ് ✍️
” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹന്നാൻ 14:18)
ഇതു ഒര് ബൈബിൾ വാചകം മാത്രമല്ല പലപ്പോഴും ഞാൻ പലരോടും പറയുന്ന ഒര് ആശ്വാസ വാചകം കൂടിയാണ്.
എന്നോട് സംസാരിക്കുന്ന പലരും അവരവരുടെ ഉള്ളിൽ കിടന്നു പുകയുന്ന വിഷമങ്ങൾ ആരോടേലും ഒന്ന് പറയാനായി ആരുമില്ലാത്തവരാണ്.
ഞാൻ ഒരിക്കലും ഒര് നന്മ മരമല്ല.. എന്നിൽ നിന്നും സാമ്പത്തിക സഹായം ആർക്കും കിട്ടാനും വകുപ്പില്ല… എങ്കിലും എന്റെ അടുത്തേക്ക് പലരും സംസാരിക്കാൻ വരും… ഞാനൊരു കേൾവിക്കാരൻ ആയതു കൊണ്ടാവാം അത്….
” കേൾക്കുക എന്നതും ഒര് നന്മയാണ് “.
ചിലപ്പോഴൊക്കെ ജീവിതം നമ്മളെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു ശൂന്യതയിലേക്കാണ്. കൂടെയുള്ളവർ നമ്മളെ മനസ്സിലാക്കാത്തപ്പോൾ, പ്രിയപ്പെട്ടവർ അകന്നുപോകുമ്പോൾ, അല്ലെങ്കിൽ മനസ്സിന്റെ സമാധാനം പൂർണ്ണമായും നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഉഴലുമ്പോൾ നാം സ്വയം ചോദിച്ചുപോകും
“ഞാൻ ഒറ്റയ്ക്കാണോ?”
മനസ്സ് കൈവിട്ടുപോകുന്ന അവസ്ഥയിൽ, ഇരുളടഞ്ഞ ചിന്തകൾക്കിടയിൽ ഉഴറുന്ന മനുഷ്യന് നമുക്ക് എന്ത് കൊടുക്കാൻ കഴിയും…..
അപ്പോൾ അവരെ ഞാൻ ചേർത്തു പിടിക്കും…. ” നീ ഒറ്റയ്ക്ക് അല്ല… “
എന്ന് പറയും… അതാണ് അവർക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.
ഈ വാക്കുകൾ വെറുമൊരു വാചകമല്ല; അതൊരു ഉറപ്പാണ്. ലോകം മുഴുവൻ നമ്മളെ തള്ളിക്കളഞ്ഞാലും, നമ്മുടെ ഉള്ളിലെ സമാധാനം വറ്റിയാലും നമ്മെ ചേർത്തുപിടിക്കാൻ ഒരാളുണ്ട് എന്ന വലിയ സത്യം.
നമുക്ക് എപ്പോഴാണ് അനാഥത്വം തോന്നുന്നത്?
ആരും സഹായിക്കാനില്ലെന്ന് തോന്നുമ്പോൾ.വിഷാദവും ഉത്കണ്ഠയും നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.
പ്രത്യാശയുടെ അവസാന കതിരും അസ്തമിക്കുമ്പോൾ.
എന്നാൽ ഓർക്കുക, തകർന്ന മനസ്സുള്ളവർക്ക് ദൈവം, അല്ലേൽ ദൈവത്തെ പോലെ ഒരാൾ എന്നും സമീപസ്ഥനാണ്. നിങ്ങൾ കടന്നുപോകുന്ന നിശബ്ദമായ വേദനകൾ കാണുന്ന, നിങ്ങളുടെ കണ്ണുനീരിന്റെ വിലയറിയുന്ന ആ സാന്നിധ്യം നിങ്ങളെ തനിച്ചാക്കില്ല. മനസ്സ് നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന്, സമാധാനത്തിന്റെ തീരത്തേക്ക് അവൻ നിങ്ങളെ കൈപിടിച്ച് നടത്തും.
ഇന്ന് നിങ്ങൾ അനുഭവിക്കുന്ന ആകുലതകൾ എന്തുതന്നെയായാലും, ഈ വാഗ്ദാനത്തിൽ മുറുകെ പിടിക്കുക. നിങ്ങൾ അനാഥരല്ല, നിങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ്. പതറാതെ കാത്തിരിക്കുക, ആശ്വാസത്തിന്റെ ആ വലിയ സാന്നിധ്യം നിങ്ങളിലേക്ക് എത്തും.

