രചന : പ്രസീദ . എം.എൻ. ദേവു ✍️
ഓലക്കുടയുടെ
കാലിൽ പിടിച്ചൊരാൾ
ഉമ്മറത്തേറി വന്നു
മുത്തശ്ശനല്ലെ
എന്നു ചോദിക്കുമ്പോൾ
മുറ്റം മറഞ്ഞു പോയി,
കോലായവക്കിൻ്റെ
ചാരെയിരുന്നൊരാൾ
ചമ്രം പടിഞ്ഞിരുന്നു
മുത്തശ്ശിയെന്നു ഞാൻ
നീട്ടി വിളിക്കവെ
വീടും നടന്നു പോയി,
പാടവരമ്പിൻ്റെ
നെഞ്ചിലിരുന്നൊരാൾ
ഓടിക്കിതച്ചു നിന്നു
അച്ഛേയെന്നു ഞാൻ
കൈകാട്ടി പായവെ
വയലും മരിച്ചു പോയി,
അടുക്കളത്തിട്ടിൻ്റെ
മടിയിലുന്നൊരാൾ
പുകഞ്ഞു ചിരിച്ചിരുന്നു
അമ്മേയെന്നു ഞാൻ
കെട്ടിപ്പിടിക്കവെ
അടുപ്പും തകർന്നു പോയി,
കുഞ്ഞിപ്പെരയ്ക്കു
ഓലമെടയുന്ന
കൂട്ടരെ കണ്ടതില്ല,
കുഞ്ഞനുറുമ്പുകൾ
കടിച്ചു മുറിക്കുന്ന
മണ്ണപ്പവും പോയ്മറഞ്ഞു.
മാങ്കനി വീഴ്ത്തുവാൻ
ചില്ലയിലില്ലൊരു
അണ്ണാറക്കണ്ണൻ്റെയീണമില്ല,
മധുരം പറഞ്ഞതു
പെറുക്കിയെടുക്കുവാൻ
ഉണ്ണികളൊട്ടുമില്ല,
ഈരിഴത്തോർത്തുകൾ
രണ്ടറ്റം പിടിച്ചിട്ട്
മീനിനെ തേകുവാനായ്
കുട്ടനില്ലൊരു നല്ല
കൂട്ടുകാരിയുമില്ല
ബാല്യത്തെ കാൺമാനില്ല,
നാട്ടിട വഴിയിലായ്
പരസ്പ്പരം കാണുമ്പോൾ
മിണ്ടുന്ന നാവതില്ല,
മരങ്ങൾക്കു പിന്നില്ലായ്
കണ്ണിണകൾ തുടിപ്പിക്കും
പൂവാലൻ തുമ്പിയില്ല,
പച്ചിലനീരിനാൽ
മുറിവുകളൂതുന്ന
പ്രിയതമരാരുമില്ല
പച്ചയില കൊണ്ട്
പാവാട തുന്നുന്ന
കൊച്ചുങ്ങൾ ഇന്നതല്ല,
ഓണത്തിനെന്നും വരാറുള്ള
നാവേറ്റുപാട്ടുക്കാരികളാരുമില്ല,
ചിങ്ങത്തിലെന്നും
പൊലിയളവു പുലമ്പുന്ന
പുത്തരിക്കണ്ടമില്ല,
മാതേവൻമാരേറെ
വന്നു പോയിട്ടും
വിശപ്പിനു പഞ്ഞമില്ല,
മൂധേവിയെന്നു
ഉറക്കെയാർക്കുന്ന
വഴക്കടി താളമില്ല,
വാഴക്കൊടപ്പൻ്റെ
തോളിലിരിക്കുന്ന
വാലാട്ടിപക്ഷിയില്ല,
വെയിലത്ത് പൂക്കണ
കൊന്ന മരമില്ല,
വിഷു വെള്ളരിക്കയില്ല,
ഒറ്റയുറുപ്പിക
നിധി പോലെ കാക്കുന്ന
ഒരു വർഷക്കാലമില്ല,
ഞാനിരുടാന്നുമ്പോൾ
കൂടെയിരുന്നാടുന്ന
ഊഞ്ഞാലക്കയറുമില്ല,
ഉണ്ണിക്കിടാക്കൾക്ക്
ചൊല്ലി കൊടുക്കുവാൻ
ഒരു നല്ല കവിതയില്ല,
കവിതതൻ മൂല്യമുയർത്തി
പാടുവാൻ
ഒരു നല്ല കവിയുമില്ല,
കാണുവാനില്ല
എൻ്റെ ഗ്രാമത്തെ
നിങ്ങൾ കണ്ടതുണ്ടോ?
കണ്ടെങ്കിലൊന്നു
കൊണ്ടത്തരാമോ
കൂട്ടത്തിലാരെങ്കിലും?
കണ്ടെങ്കിലൊന്നു
കൊണ്ടത്തരാമോ
കൂട്ടുകാരാരെങ്കിലും?
