രചന : അൻവർഷാ ഉമയനല്ലൂർ✍️
ഓം നമഃ ശിവായ – സഹസ്രനാമ പ്രിയം
മഹിയുണർത്തുന്നതാം ഹൃദയാർദ്ര മന്ത്രണം
ശിവക്ഷേത്ര ദർശനം, മഹാ ശ്രേഷഠമീ ദിനം
ശിവരാത്രി മംഗളം മഹനീയമാദരം.
ക്ഷീര,മധു,സലിലമായഭിഷേക സാഗരം
ഭക്താർദ്ര ഹൃദയമായ് നമിപ്പൂ സമാദരം
കൂവളപത്രമാൽ സ്തുത്യസ്സമർപ്പണം
നിത്യമാശിപ്പിതേനുദയാർദ്ര സാന്ത്വനം.
ഹൃത്തുണർത്തുന്നുപരി ശ്രീ മഹാരജനിതൻ
ഹൃദ്യപ്രഭാമയം; സ്മരണീയ കീർത്തനം
ധരണിയിലാദിവ്യ ജ്യോതിയാൽ ജീവിതം;
തേടുന്നുദാരതേ, കരണീയ ധർമ്മകം.
നാശപാശങ്ങളില്ലാതെ, മഹീതലം
പുണ്യഗേഹങ്ങളായ് തളിർക്കുവാനാ, മനം
മഹിതാർദ്രമായുയർന്നേകുകാ തിരുവരം;
കർമ്മനക്ഷത്രമായുണരും മനോബലം.
ശിവരാത്രിയോതുന്നുദയാർദ്ര ചിന്തകം
ബലിതർപ്പണത്തിനായൊരുങ്ങുന്നു ഹൃദയകം
ഭക്ത്യാദരം തൊഴുതു നിൽപ്പേനനന്തരം
തേടുന്നിതെൻ വിഭോ;വിജയാനുഗ്രഹം.
ലോക രക്ഷാർത്ഥമാ, കാളകൂട വിഷം
പാനം ചെയ്തു രക്ഷിച്ചയാ, ശ്രേഷ്ഠകം
ആർദ്രമായോർത്തു നമിപ്പൂ സമാദരം;
നീലകണ്ഠാ, വിഭോ, തേടുന്നതേവിധം.
ആഗിരണം ചെയ്ത,യാ ദിനസ്മരണയായ്
മനോകിരണങ്ങളായുണരുന്നുമീ ദിനം
ആത്മീയമായുയർന്നീടുകിൽ മാത്രമേ,
ആത്മാർത്ഥ സ്നേഹോദയങ്ങളേകൂ മനം.
ഭക്ത്യാദരം നമിക്കുന്നിതേ നീവിധം
ഹൃദയമന്ത്രത്താലുണർത്തുന്നു ഭൂതലം
കീർത്തനാലാപനത്താലിന്നു മുഖരിതം
ഹൃത്താൽക്കൊതിക്കുന്നുദയമായ് തിരുവരം.🙏

