റമളാൻ നിലാവ് മാനത്ത് തെളിഞ്ഞപ്പോൾ തന്നെ തറവാട്ടിൽ ഞങ്ങൾ കുട്ടിപ്പട്ടാളത്തിന്റെ ലഹള തുടങ്ങി. എല്ലാവർക്കും നോമ്പ് നോൽക്കണം. ഇതാണ് ആവശ്യം.ഉമ്മച്ചി പതുക്കെ വിലക്കി നോക്കി “നിങ്ങൾക്കൊക്കെ വിശന്ന് ഇടങ്ങേറാകും സഹിക്കാൻ പറ്റില്ല ഡാ.” ഉമ്മ തീർത്തും പറഞ്ഞു എത്ര പറഞ്ഞിട്ടും ഉമ്മ കേൾക്കുന്നില്ല. നിരാശ ഭാവം പേറി നിൽക്കുന്ന അവിടെയാണ് ഞങ്ങളുടെ സുപ്രീം കോടതിയായ
വലിയുമ്മ ഇടപെട്ടത്.

“അല്ല നസീറ കുട്യോൾ പറഞ്ഞത് കേട്ടില്ലേ.? കുട്ട്യോളെ ആഗ്രഹല്ലേ… എടുത്തോട്ടണ്യേ. വലിയുമ്മ ഒരൊറ്റ തീർപ്പിൽ ഞങ്ങളെ നോമ്പുകാരാക്കി.
ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഉമ്മമ്മ എല്ലാവരേയും ഒന്നിച്ചിരുത്തി നിയ്യത്ത്
പറഞ്ഞു തന്നു അതേറ്റു ചൊല്ലി കഥകളും കേട്ട് രാത്രിയുടെ ഉറക്കത്തിലേക്ക് മഴങ്ങി പോയിപെലെച്ച ( പുലർച്ചെ )ചോർ കുട്ട്യോൾ തിന്നണ്ടന്ന
ഉമ്മാമ്മന്റെ നിർദേശം..

പിറ്റേന്ന് രാവിലെ ഉമ്മാമ്മ കുട്ടികളെ എല്ലാവരേയും വിളിച്ചു
“അല്ല എല്ലാരും നോമ്പെടുത്തൊ മക്കളെ”
“അതേ ഇമ്മമ്മ ഞങൾ ‘
ആവേശത്തോടെ പറഞ്ഞു
“കുട്ട്യോള് നോമ്പ് നോൽക്കുമ്പോ
രാവിലെ ചായേം ദോശേം തിന്നാലേ
അത് ശെരിയാവൂ!” വലിയുമ്മയുടെ സ്പെഷ്യൽ ഫിഖ്‌ഹ് അവിടെ നിലവിൽ വന്നു. വല്യുമ്മ പറഞ്ഞത് വിശ്വസിച്ച് അതനുസരിച്ച് വയറു നിറയെ ദോശയും ചായയും അടിച്ച് ഞങ്ങൾ അഭിമാനത്തോടെ നോമ്പുകാരായി മുറ്റത്തിറങ്ങി.
കളിക്കാൻ തുടങ്ങി. ഇന്ന് വെയിൽ കുറവാ
മുറ്റത്ത് കുറ്റി പുര കെട്ടിയിട്ടുണ്ട്അതിലാണ് എല്ലാവരുംപല തരം കളികൾ
ചിരട്ടകൾ നിരത്തി വെച്ചിട്ടുണ്ട്
മൺ ചോറും കറിയും റെഡിആക്കാനുള്ള ഒരുക്കത്തിലാ
ചെരുപ്പ് ചെത്തി ചെറിയ ടായറാക്കികോൽ വണ്ടി ഉരുട്ടി നടപ്പുണ്ട് ചിലർ
പെൺ കുട്ടികൾ കൊത്തക്കല്ലുംഉമ്മേം കുട്ടിയും കളിയിലാ..

പതിനൊന്ന് മണിയായപ്പോൾ തന്നെ വയറ്റിൽ ചെറിയൊരു മുരൾച്ച.
സമയം പതിയെ പിന്നിട്ടു പള്ളിയിൽ നിന്ന് ളുഹർ ബാങ്ക് കൊടുത്തതും വലിയുമ്മ വല്ലിപ്പയോട് ചോദിക്കുന്നത് കേട്ടു, “ഇത്ര പെട്ടെന്ന് മണി പന്ത്രണ്ട് കഴിഞ്ഞോ?” എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞു രഹസ്യമായി പറഞ്ഞു:
​”ദാ ബാങ്ക് കൊടുത്തു. ഇനി വേഗം പോയി ഉച്ചയ്ക്കത്തെ ചോറ് തിന്നോളി. അല്ലേൽ കുട്യോളുടെ നോമ്പ് മുറിഞ്ഞുപോകും. മുഴുവൻ തിന്നണം ട്ടാ
ബാക്കി വരുന്നത് ചെയ്ത്താൻ
തിന്നാൻ നിക്കാ… അതോണ്ട് ഒന്നും ബാക്യാക്കണ്ട എന്നാലേ ഫുൾ കൂലി കിട്ടൂ!”
​ചെയ്ത്താന് കൂലി കൊടുക്കാൻ വയ്യാത്തതുകൊണ്ട് ഞങ്ങൾ ആ ചോറും മുഴുവൻ തിന്ന് തീർത്തു. അടുക്കളയിൽ നിന്നും ഞങ്ങളുടെ വരവ് കണ്ട് പൂമുഖത്തെ ചാരു കസേരയിൽ ഇരുന്നു തസ്ബീഹ് മാല എണ്ണുന്നുണ്ട്വല്ലിപ്പ. ഇടയ്ക്ക് ചിരിയോടെ ഞങ്ങളെ നോക്കുന്നുമുണ്ട്. മുറ്റത്തെ മാവിലിരുന്ന് കരയുന്ന കിളികളെ കണ്ടപ്പോൾ എനിക്കൊരു സംശയം, “ഈ കിളികൾക്കൊന്നും നോമ്പില്ലേ പടച്ചോനേ?” ആർക്കറിയാം!

ഉമ്മച്ചിയും എളേമ്മമാരും നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതാൻ ഇരുന്നു. ഉച്ചവെയിലിന്റെ ആലസ്യത്തിൽ ഞങ്ങൾ വലിയുമ്മയുടെ അടുത്തേക്ക് പതുങ്ങി. അവിടെയാണ് കഥകളുടെ ലോകം തുറക്കുന്നത്. ഓരോ കഥ കഴിയുമ്പോഴും ഓരോ മിട്ടായി കിട്ടും. പക്ഷേ, കഥ കേട്ട് കേട്ട് ഞങ്ങൾ എപ്പോഴോ വലിയുമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോകും.

ഉറക്കത്തിനിടയിൽ ആരോ എന്റെ നെറ്റിയിൽ വളരെ മൃദുവായി തടവുന്ന പോലെ തോന്നി. കണ്ണുതുറന്നപ്പോൾ കണ്ടത് വലിയുമ്മയുടെ ചിരിക്കുന്ന മുഖമാണ്.
“വലിയുമ്മാ, ആരാ എന്റെ നെറ്റിയിൽ തൊട്ടത്?” ഞാൻ ചോദിച്ചു.
“അതോ, അത് നോമ്പ് നോറ്റ കുട്ടികളെ കാണാൻ വന്ന മലക്കാടാ… വലിയ മലക്കാണത് !” മാലാഖമാർ വരെ നേരിട്ട് വന്ന് അനുഗ്രഹിക്കുന്ന ഞങ്ങളുടെ സ്പെഷ്യൽ നോമ്പിനെ കുറിച്ച് ആലോചിച്ചപ്പോൾ വലിയ അഭിമാനം തോന്നി.വീണ്ടും ഉറക്കത്തിലേക്ക്
​അല്പം കഴിഞ്ഞാണ് ആരോ തട്ടിവിളിക്കുന്നത് പോലെ തോന്നിയത്. നോക്കുമ്പോൾ ഉമ്മച്ചിയാണ്. “എണീറ്റേ… നോമ്പ് തുറക്കാൻ സമയമായി.
എല്ലാരും ഇങ്ങളെ കാത്ത് നിക്കാ.”

ഉമ്മയുടെ പുഞ്ചിരി കലർന്ന വാക്കുകൾ
​മുഖം കഴുകി ഓടിച്ചെന്നപ്പോൾ തീൻമേശയിൽ വിഭവങ്ങളുടെ പൂരം! പഴംപൊരിയും, ഉള്ളിവടയും, തരിപ്പണവും പിന്നെ വലിയുമ്മയുടെ സ്പെഷ്യൽ ജ്യൂസും. വല്ലിപ്പ പള്ളിയിൽ പോയിട്ടുണ്ട്. നോമ്പ് തുറക്കുമ്പോൾ വലിയവർ മാത്രമേ അവിടെ പോകാൻ പാടുള്ളൂ എന്നാണ് വലിയുമ്മ പറഞ്ഞത്ആർത്തിയോടെ ഓരോന്നായി കഴിക്കുമ്പോൾ മനസ്സിൽ നാളത്തെ നോമ്പിനുള്ള ഒരുക്കമായിരുന്നു.
​വലിയുമ്മയുടെ സ്നേഹസൽക്കാരം കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും നാളത്തെ സ്പെഷ്യൽ നോമ്പിനുള്ള ഒരുക്കങ്ങൾ ഞങ്ങൾ കുട്ടിപ്പട്ടാളം തുടങ്ങിക്കഴിഞ്ഞിരുന്നു.

ജാബി പത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *