രചന : രാജേശ്വരി ടി കെ ✍️
വെയിൽ കാഞ്ഞിരുന്ന ഉച്ചയിലേക്കാണ് തപന്റെ കാൾ വന്നത്. അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവനെ കഴിയു, എന്റെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന ഏക ഇടവും അതു തന്നെ. അത്രമേൽ അലിവോടെ എന്നെ ആരും നോക്കാറില്ല. നിന്നിലിപ്പോഴും ഒരു കുട്ടിയുണ്ടെന്നും നിന്റെ പൂച്ചക്കണ്ണുകളിൽ ഒടുങ്ങാത്ത വിസ്മയങ്ങൾ ഉണ്ടെന്നും അവനെത്രയോ തവണ പറഞ്ഞിരിക്കുന്നു എന്നോട്.
“നീയെവിടെയാ കുട്ട്യേ”
“ഞാൻ പെരുവഴിയിൽ വെയിൽ കൊണ്ടു തണുപ്പുകാലം ആസ്വദിക്കുന്നു”
“വരൂ മസാലചായ കുടിച്ചു ഒരിടം വരെ പോയിവരാം”
പോലീസ് സ്റ്റേഷന്റെ മുന്നിൽ നിർത്തിയിട്ട അവന്റെ ബൈക്കിന്റെ പുറകിലിരിക്കുമ്പോൾ എനിക്കു തണുക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനടുത്തുള്ള റോഡരുകിലെ ഉന്തുവണ്ടിയിൽ നിന്നും മേടിച്ച ചായ ഊതിക്കുടിക്കുമ്പോൾ തപൻ നിശബ്ദനയായിരുന്നു, എനിക്കും പറയാൻ ഒന്നുമില്ലാത്ത പോലെ. റോഡുമുറിച്ചു നിരയായി നിൽക്കുന്ന മൺവീടുകളിൽ ഒന്നിന് മുന്നിൽ കുറച്ചുപേർ കൂടി നിൽക്കുന്നുണ്ട്.
“ഇതാ ക്യാൻസർ ബാധിച്ച മനുഷ്യന്റെ വീടല്ലെ നമ്മൾ അന്ന് റേഷനും ഡ്രെസ്സുമൊക്കെ കൊടുത്ത…”
“അതെ നിനക്ക് മരണത്തെ പേടിയുണ്ടോ”
“ഹേയ് ഇല്ല ഞാനില്ലെങ്കിലും ജീവിക്കാനുള്ള തന്റെടമൊക്കെ മക്കൾക്കായിട്ടുണ്ട് പൊടുന്നനെ ഉറക്കത്തിൽ എന്നപോലെ അങ്ങ് മരിച്ചുപോകണം എന്നാ എന്റെ ഒരാഗ്രഹം”
ഈ ലോകത്തിലെ എല്ലാ ആർദ്ര ഭാവങ്ങളും നിറഞ്ഞ അവന്റെ കണ്ണുകളിൽ നോക്കിയപ്പോൾ എനിക്കു കണ്ണു നിറഞ്ഞു. മറുകുറിയായി അവനെന്റെ കയ്യിൽ അമർത്തി പിടിച്ചു. തല കുനിച്ചു ആ കുടിലിനു അകത്തേക്ക് കയറി. ടാർപ്പൊളിൻ വിരിപ്പിൽ വിരിച്ചിട്ട ഷാളിൽ ഒരുമിച്ചു കിടത്തിയിരിക്കുന്ന രണ്ടു മൃതദ്ദേഹങ്ങൾ. കത്തുന്ന മൺചെരാതും പുകയുന്ന ചന്ദനത്തിരിയും. ഞാനവന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
“ആത്മഹത്യ ആരുന്നു, ഇന്നലെ രാത്രി. ഞാൻ രാവിലെ വന്നു നടപടികൾ ഒക്കെ പൂർത്തിയാക്കിയാണ് നിന്നെ വിളിക്കാൻ വന്നത്. വേദനിച്ചയാൾക്ക് മടുത്തിരുന്നു കുട്ട്യേ കരയാൻ പോലും ശേഷി ഉണ്ടായിരുന്നില്ല.അവർക്കു കണ്ടു നിൽക്കാനുള്ള ശേഷിയും ഉണ്ടായില്ല. അതാകും കീടനാശിനിയും ഉറക്കഗുളികകളും ഒക്കെ കഴിച്ചിരുന്നു. മക്കളില്ലാത്ത ഇവർക്ക് ഞാൻ അന്ത്യകർമ്മം ചെയ്യുന്നു.”
ആരോ കൊണ്ടു കൊടുത്ത ഒരു ഗ്ലാസ്സിലെ വെള്ളത്തിൽ മുക്കിയ തുളസിയില അവനെന്റെ കയ്യിൽ തന്നിട്ട് അമ്മയുടെ വായിൽ വച്ചുകൊടുക്കാൻ പറഞ്ഞു. എന്നെ വിറക്കുന്നുണ്ടായിരുന്നു.
ഒരു തോരാതെ പെയ്ത കർക്കിടക രാവുമുഴുവൻ മൊബൈൽ മോർച്ചറിയിൽ എന്നെ കാത്തു കിടന്ന അമ്മയുടെ തണുപ്പായിരുന്നു ആ ചുണ്ടുകൾക്കു. ജീവനുള്ളപ്പോഴൊക്കെ അമ്മ എന്നെ കാണാൻ ആഗ്രഹിച്ചിരിക്കണം. ഞാനൊഴികെയുള്ള നാലുമക്കളുടെയും സ്നേഹവും പരിചരണവും ഏറ്റുവാങ്ങിയാണ് അമ്മയുടെ പ്രാണനകന്നുപോയത്. ഏതൊരാളുടെയും മരണം അടുത്തു എന്നു ബോധ്യമായാൽ അവരെ ഒരിക്കലും ആശുപത്രിയുടെ, ഐ സി യു വിന്റെ ഏകാന്തതയിലേക്ക് മാറ്റരുത് കഴിവതും വീട്ടിൽ മക്കളുടെ പരിജനങ്ങളുടെ സാന്നിധ്യത്തിൽ മരിക്കാൻ അനുവദിക്കുകയെന്നാണ് നാം ജീവിച്ചിരിക്കുമ്പോൾ അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യo.
അയാളുടെ അൽപ്പം പിളർന്ന വായിലേക്ക് അവൻ തുളസിയിലയാൽ വെള്ളമിറ്റിച്ചുകൊടുത്തു. തപൻ ഒരുപക്ഷെ അവന്റെ അച്ഛനെ ഓർത്തിരിക്കണം. വിശന്നു വലഞ്ഞ ഒരു പത്തുവയസ്സുകാരൻ പച്ചക്കറി വണ്ടിയിൽ നിന്നോരു പിഞ്ചു വെണ്ടയ്ക്ക എടുത്തു തിന്നതിനു വണ്ടിക്കാരൻ അവന്റെ കയ്യിൽ നിന്നും അതെടുത്തു തറയിലിട്ട് ചവിട്ടുകയും അവന്റെ കരണത്തടിക്കുകയും ചെയ്തപ്പോൾ കണ്ടുനിന്ന അവന്റെ അഛൻ അവനെ പൊതിരെ തല്ലിയത്, അന്നാ നാടിനോട് വിട പറഞ്ഞത്. പിന്നീട് ഒരിക്കൽപോലും ഒരു ബന്ധങ്ങളേയും തേടിപ്പോകാതിരുന്ന അവൻ എത്രയോ പേർക്ക് ബന്ധുവാകുന്നു.
അവൻ മെല്ലെ ആ മൃതദ്ദേഹങ്ങൾ മുഖം മൂടി വരിഞ്ഞു കെട്ടി പുറത്തെ വണ്ടിയിലേക്ക് കയറ്റുമ്പോൾ പറഞ്ഞു.
“ഡോണ്ട് വറി യാർ ഇതൊക്കെയാണ് ജീവിതമെന്നു നീയേത്രയോ വട്ടം അറിഞ്ഞിരിക്കുന്നു കുട്ട്യേ. നീ പൊക്കോളു ഞാൻ വിളിക്കാം”
റോഡ് മുറിച്ചുകടക്കുമ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ്മ വന്നു എനിക്കു ചോറുണ്ണാൻ കൊതിയാണെന്ന് പറഞ്ഞു പൊടിയരിക്കഞ്ഞി നിഷേധിച്ചു എന്റെ കയ്യിൽ നിന്നൂർന്നുപോയ ജീവൻ. മരണത്തിന്റെ തണുപ്പ് അന്നാണ് ആദ്യമായറിഞ്ഞത്.അമ്മയ്ക്കു വൈധവ്യവും ഞങ്ങൾക്ക് അനാഥത്വവും തന്നു തീപ്പെട്ടുപോയ അച്ഛൻ. അവിടെ നിന്നാണ് മരണത്തെ ഭയക്കാതിരിക്കാൻ പഠിച്ചത്.
റോഡരുകിലൂടെ തിരികെ നടക്കുമ്പോൾ എന്റെ മനസ്സിന് തീരെ ഭാരമുണ്ടായിരുന്നില്ല. എന്നിട്ടും കണ്ണുകളിൽ നിന്നും വെറുതെ വെള്ളം നിറഞ്ഞുകൊണ്ടേയിരുന്നു.
ആ കണ്ണീർ പാടയിലൂടെ രണ്ടു മൃതദ്ദേഹങ്ങളുമായി എന്നെ കടന്നു പോയ ആംബുലൻസിന്റെ ചില്ലു ജാലകത്തിലൂടെ തപൻ എന്റെ നേരെ കൈ വീശികാണിച്ചത് ഞാൻ കണ്ടില്ലെന്നു നടിച്ചു. തപൻ നീയീ ജീവിതമെന്ന കുപ്പതൊട്ടിയിൽ തിളങ്ങുന്നൊരു മാണിക്യമാണ്. ഇങ്ങനെയുള്ള ചിലരൊക്കെ ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇപ്പോഴും ഇങ്ങനെ നിലകൊള്ളുന്നത്. നീ നീണാൾ വാഴ്ക, ഞാനിവിടെയുള്ളിടത്തോളം എന്നതെന്റെ സ്വാർത്ഥത.
മനുഷ്യരോളം സ്വാർത്ഥരായി മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഇല്ലെന്നു നമ്മളെപ്പോഴേ തിരിച്ചറിഞ്ഞതാണല്ലേ.അത്രമേൽ വ്യർത്ഥമീ ഭൂമിയിലെ ജീവിതം എന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാനും നിസ്വാർത്ഥരാകാനും നമ്മളിനിയുമെത്രനാൾ കാത്തിരിക്കണം.

