രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
അകലം പാലിക്കുവാൻ
അറിയാതെയല്ലെന്റെ
ഹൃദയമടച്ചൊരു താഴിട്ടു,
പൂട്ടുവാനറിയാതെയല്ലെന്റെ
മനസ്സിന്റെ വാതിലും
കൊട്ടിയടക്കുവാൻ
അറിയാതെയല്ലെന്റെ
ചൊൽപ്പടിക്കെവിടെയും
നിൽക്കാത്ത മനസ്സല്ലെനി
ക്കെങ്കിലുംശരി,
ക്ഷമയുടെ,നെല്ലിപ്പടികളടുക്കു-
ബൊളെപ്പൊഴോ,
ചെറുതായിവിങ്ങുന്ന
മനസ്സിൽനിന്നെപ്പൊഴോ
ഒരു ചെറു പ്രതിഷേധം,
ആർക്കുന്നതാണ് ഞാൻ…..
കപട മനസ്സിനേ വിലയുള്ളൂ,
എങ്കിലും,
കപടമാവാനെനിക്കാവില്ല,
കാപട്യ ചടുലതകൾക്ക്
വഴങ്ങാനുമാവില്ല,
വെറുതെ നാവിൻതുമ്പു
കൊണ്ടൊരു സ്വപ്നവും
നടവഴിയിലാകെ വിതറുവാനാവില്ല,
ഇല്ല,തിരക്കിൻ ഇടയിൽ
ശ്വസിക്കുന്ന വായുവുണ്ടെന്നു
മറക്കാനുമാവില്ല,
സഹജീവികൾക്കുള്ള
സഹനവും,സ്നേഹവും
ചെറുജീവിതം വാണു തീർക്കും
പ്രപഞ്ചവും
മറവിയിലേക്കുവലിച്ചെറിഞ്ഞന്ധനായ്
നിറമുള്ള
ശലഭത്തിനൊപ്പത്തിനൊപ്പമെൻ
ഇരുകാലുകൊണ്ട്
പറക്കാനുമാവില്ല,
ശരികളും തെറ്റും
പിണഞ്ഞുകിടക്കുന്ന
ഒരു ജീവിതത്തിന്റെ
മാത്രം ഉടമയായ്,
വഴികൾ വളഞ്ഞും
പുളഞ്ഞും കിടക്കുന്നു
വഴിപോക്കനാണ് ഞാൻ….
യാത്രയാക്കീടുക….
