മഴയെ ഞാൻ ആദ്യം പ്രണയിച്ചത് അതിന്റെ ശബ്ദത്തെയല്ല, അതിന്റെ ഹൃദയത്തെയായിരുന്നു. ഓരോ തുള്ളിയും ഭൂമിയെ ചുംബിക്കുന്ന രീതി കണ്ടപ്പോൾ, ആകാശത്തിനും ഭൂമിക്കും ഇടയിൽ പ്രണയം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. മഴ നനച്ച വഴികളിലൂടെ നടന്നുപോയവരുടെ കാലടിപ്പാടുകൾ പോലും കവിതയായി തോന്നിയിരുന്നു.
എന്റെ ബാല്യത്തിൽ മഴയ്ക്ക് ഒരു ക്രൂരമുഖമുണ്ടായിരുന്നില്ല. മുറ്റത്തെ മാവും പ്ലാവും മഴയെ കൈകൾ നീട്ടി സ്വീകരിക്കുമായിരുന്നു. തൊടികൾ നിറഞ്ഞൊഴുകിയാലും വീടുകൾ ഭയപ്പെട്ടിരുന്നില്ല. ഞങ്ങൾ പേപ്പർ വള്ളങ്ങൾ ഒഴുക്കിയിരുന്ന വെള്ളം, ആരുടെയും കണ്ണീരായിരുന്നില്ല. ചെളിയിൽ കളിച്ചിരുന്ന കാലുകൾക്ക് അന്ന് പ്രകൃതി അമ്മയുടെ മടിത്തട്ടിന്റെ ചൂടായിരുന്നു.

പക്ഷേ ഇന്ന് മഴ പെയ്യുമ്പോൾ ജനലരികിൽ നിൽക്കാൻ പോലും പലരും ഭയക്കുന്നു. ഒരിക്കൽ പ്രണയത്തിന്റെ ഭാഷയായിരുന്ന മഴ, ഇന്ന് പല വീടുകളുടെയും അവസാന നിലവിളിയായി മാറുന്നു. ഒരു രാത്രി മുഴുവൻ പെയ്ത മഴയിൽ ജീവിതകാലം മുഴുവൻ പണിത സ്വപ്നങ്ങൾ ഒഴുകിപ്പോകുന്നു. ചുമരുകൾ ഇടിഞ്ഞുവീഴുന്നു. മനുഷ്യരുടെ ഓർമ്മകൾ മണ്ണിൽ കലരുന്നു. ചിലപ്പോൾ ഒരു കുടുംബത്തിന്റെ ചിരി പോലും പ്രളയജലത്തിൽ കാണാതാകുന്നു.
അപ്പോൾ ഞാൻ മഴയെ കുറ്റപ്പെടുത്താൻ ശ്രമിക്കും. പക്ഷേ മഴ നിശ്ശബ്ദമായി ചോദിക്കും… “എന്നെയാണോ നിങ്ങൾ വിചാരണ ചെയ്യുന്നത്? അതോ എന്നെ താങ്ങിനിർത്തിയിരുന്ന മരങ്ങളെ വെട്ടിമാറ്റിയ കൈകളെയോ?”

അതെ… കുറ്റം മഴയ്ക്കായിരുന്നില്ല. ആകാശം ഒരിക്കലും മനുഷ്യനോട് പക സൂക്ഷിച്ചിട്ടില്ല. പക സൂക്ഷിച്ചത് മനുഷ്യനാണ്. കാടുകളെ കോൺക്രീറ്റാക്കി. വയലുകളെ പ്ലോട്ടുകളാക്കി. തോടുകളെ മണ്ണിട്ട് മൂടി. പുഴകളുടെ ശ്വാസം മുട്ടിച്ചു. പ്രകൃതിയുടെ നെഞ്ചിൽ കെട്ടിടങ്ങൾ ഉയർത്തിയപ്പോൾ, ഒരുനാൾ പ്രകൃതി തന്റെ വേദന കണ്ണീരാക്കി തിരികെ നൽകുമെന്ന് നമ്മൾ മറന്നുപോയി.
ഇന്നത്തെ ഓരോ പ്രളയവും മഴയുടെ കോപമല്ല; മനുഷ്യന്റെ മറവിയുടെ ചരിത്രമാണ്. ഓരോ ദുരന്തവും പ്രകൃതി എഴുതുന്ന മുന്നറിയിപ്പാണ്. കേൾക്കാൻ നമ്മൾ തയ്യാറാകാത്ത ഒരു നിശ്ശബ്ദ കത്ത്.

എനിക്ക് ഇന്നും മഴയെ സ്നേഹമാണ്. പക്ഷേ ആ സ്നേഹത്തിനുള്ളിൽ ഒരു പേടിയുണ്ട്. ജനലിൽ പതിക്കുന്ന ഓരോ തുള്ളിയും ഇനി കവിതയാണോ, അതോ ആരുടെയെങ്കിലും നിലവിളിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കാലമാണിത്.
ഒരിക്കൽ മരങ്ങളുടെ തണലിൽ വളർന്ന ബാല്യം ഇന്നും മനസ്സിൽ നനഞ്ഞുകിടക്കുന്നു. ആ മഴയെ ഞാൻ തിരയുന്നു. പേപ്പർ വള്ളങ്ങൾ മാത്രം ഒഴുകിയിരുന്ന ആ ചെറുതോടുകളെ ഞാൻ തിരയുന്നു. പ്രകൃതിയെ സ്വന്തമെന്നല്ല, അമ്മയെന്നു വിളിച്ചിരുന്ന മനുഷ്യരെയും ഞാൻ തിരയുന്നു.
ഒരുപക്ഷേ… വീണ്ടും മരങ്ങൾ വളർന്നാൽ, വീണ്ടും പുഴകൾ ശ്വസിച്ചാൽ, വീണ്ടും മനുഷ്യൻ പ്രകൃതിയെ പ്രണയിക്കാൻ പഠിച്ചാൽ, മഴയും വീണ്ടും പഴയ പ്രണയലേഖനമായി ഭൂമിയിലേക്കിറങ്ങും. അന്നത്തെ മഴ വീടുകളെ കൊണ്ടുപോകില്ല… മനുഷ്യരുടെ മനസ്സുകളെ മാത്രം നനച്ചുപോകും…

ബദറുദീൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *