രചന : അനുമിതി ധ്വനി ✍️
എന്റെ അധോലോകനായികാ കഥാപാത്രം സുഷി ലിയോണിന്റെ സാമ്രാജ്യത്തിൽ ചെസ്സ് കളിയിൽ ആദ്യകരുനീക്കാവകാശം കറുപ്പ് കരുവുമായി കളിക്കുന്നയാൾക്കാണ്.
വെളുപ്പിന്റെ വംശീയമേൽക്കൈ രാഷ്ട്രീയമായി അട്ടിമറിക്കാനുള്ള കളിനീക്കമാണത്.കളി ആരംഭിക്കുന്നതിനു മുമ്പേയുള്ള സുഷിയുടെ ഈ കരുനീക്കം.
രാഷ്ട്രീയ നീക്കം.
പ്രതീകയുദ്ധത്തിൻ്റെ ഘടനയ്ക്കുള്ളിൽ
പ്രതീകമാനമുള്ള തിരിച്ചിടൽ !
യുദ്ധം തുടങ്ങാനുള്ള അധികാരം എപ്പോഴും അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ വെള്ളക്കാർക്കാണ്. അജണ്ടകൾ അവർ സെറ്റു ചെയ്യുന്നു. പ്രതിരോധിക്കാൻ അധിനിവേശിതർ നിർബന്ധിതരാകുന്നു. പ്രതിരോധം യുദ്ധക്കുറ്റകൃത്യമാകുന്നു. വെളുപ്പിന്റെ ഈ വംശീയാഹമ്മതിയെ സുഷി ലിയോൺ തിരിച്ചിടുകയായിരുന്നു. കറുത്തവൻ യുദ്ധത്തിൻ്റെ അജണ്ട നിശ്ചയിക്കട്ടെ.
ആദ്യം ബാറ്റിങ്ങ് വേണോ ബൗളിങ്ങ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം, ആദ്യം പന്ത് തട്ടാനുള്ള അവകാശം, മൈതാനത്തിന്റെ ഏതു ഭാഗത്ത് കളിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം,എന്നിങ്ങനെ കളി തുടങ്ങും മുമ്പ് മേൽക്കൈ നേടാനുള്ള അവസരം മിക്കപ്പോഴും ടോസിലൂടെ നിശ്ചയിക്കപ്പെടുന്നു.
ഭാഗ്യത്തിൻറെ ആനുകൂല്യമാണ് ടോസ്.
രണ്ടാം ഇന്നിങ്ങ്സിൽ പിച്ചിന്റെ നട്ടിളകി കുത്തിത്തിരിയുന്ന ചില ഇന്ത്യൻ പിച്ചുകളിൽ രണ്ടാമത് ബാറ്റിങ്ങ് മരണം തന്നെയാണ്.
ടോസ് കളിവിധി തീരുമാനിക്കുന്ന അവസ്ഥ.
മിക്കവാറും എല്ലാ കളികളിലും ഗാംബ്ലിങ്ങിന്റെ അംശമുണ്ട്.
ചെസ്സ് കളി അസാധ്യമാണ് എന്ന് എൻ്റെ മറ്റൊരു ആഖ്യാനത്തിലെ കഥാപാത്രം പറയുന്നുണ്ട്. തുല്യശക്തികൾക്കിടയിൽ വെള്ളക്കരുവിന് നിർണായക പ്രാധാന്യമുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സുകൾ പറയുന്നു. കറുപ്പ് കരുവിൻ്റെ രണ്ടാമൂഴം ചില ഓപ്പണിങ്ങുകൾക്ക് ഗുണകരമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസിക് ചെസ്സിൽ പ്രഥമനീക്കാവകാശമുള്ളവർക്ക് വിജയസാധ്യത കൂടുതലാണ്. ബ്ലിസ്, റാപ്പിഡ് ഗെയിമുകളിൽ ഇതത്ര പ്രകടമല്ലെങ്കിലും.
രണ്ടാമൂഴക്കാരന് രണാരംഭാവകാശം കൊടുത്ത സുഷിയുടെ തീരുമാനത്തെ ഞാൻ പിന്നീട് വിലയിരുത്തി നോക്കിയിട്ടുണ്ട്.
ചുമ്മാ ഇരുന്ന് കളിപ്പാട്ടങ്ങളുടെ സ്ക്രൂ അഴിച്ച് തിരിച്ചും മറിച്ചും പരിശോധിച്ച് നശിപ്പിക്കുന്ന കുട്ടിയാണ് ഞാൻ.
സുഷി ഞാൻ സൃഷ്ടിച്ച കഥാപാത്രമാണെങ്കിലും അവളുടെ നിലപാടുകളുടെയും കാഴ്ചപ്പാടിന്റെയും പരമാധികാരിയും ഉത്തരവാദിയും അവൾതന്നെ.
ബൈനറികളെ തിരിച്ചിട്ടാൽ രാഷ്ട്രീയ വിപ്ലവം ഉണ്ടാകുമോ എന്നത് ഒന്നാമത്തെ ചോദ്യം.
മുതലാളികൾക്കു പകരം തൊഴിലാളികൾക്ക് സർവ്വാധിപത്യമുണ്ടായി വന്നാൽ ലോകം മാതൃകാപരമാകുമോ?
ആകുമോ ?
സാങ്കൽപ്പികമായി പറയുകയാണ്.
ഇനി അഥവാ ചെസ്സിൻ്റെ ചരിത്രാരംഭത്തിൽ കറുത്ത വർഗ്ഗക്കാരനായിരുന്നു ആദ്യം ആക്രമിക്കാനുള്ള അവകാശം അനുവദിച്ചതെങ്കിൽ അതിൻ്റെ അർത്ഥം എന്താവും???
ചിഹ്നവ്യവസ്ഥ എന്ന നിലയിൽ അത് കുറേക്കൂടി വംശീയവാദ സ്വഭാവത്തിലുള്ളതാകുമായിരുന്നു.
കറുത്ത വർഗ്ഗക്കാരൻ യുദ്ധമാരംഭിക്കുന്ന പ്രതീകകേളി, കറുത്തവൻ്റെ വംശപരമായ അക്രമോൽസുകത എന്ന ആശയത്തെ ചരിത്ര വിരുദ്ധമായി സ്ഥാപിച്ചെടുക്കുമായിരുന്നു !!!
സ്വഭാവേന ബ്ലാക്സ് വയലൻസ് ഉള്ളവരെന്ന പ്രതീകാർത്ഥ വ്യവസ്ഥയായി ചെസ്സിനെ നമുക്ക് കാണേണ്ടി വരുമായിരുന്നു.
വെള്ളക്കരുക്കളുടെ പ്രഥമചലനാവകാശം കളിയിലെ സ്വാഭാവികമായ അവകാശമെന്ന നിലയിൽ അരാഷ്ട്രീയമായി മനസ്സിലാക്കപ്പെടുമ്പോൾ കറുത്ത കരുവിൻ്റെ ആദ്യനീക്കാവകാശം ഒരു ജനവിഭാഗത്തിൻ്റെ അഗ്രഷൻ്റെ ചരിത്രമായി യൂറോസെൻട്രിക് ചിന്തകർ വായിക്കും.
കാര്യങ്ങൾ സങ്കീർണമായി, അല്ലേ?
ലോകം, വെള്ളക്കാരൻ നടത്തിയ തേരോട്ടങ്ങളുടെയും ബോംബ് വർഷത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രമാണെങ്കിൽ ചെസ്സിലും വെളുത്തവൻ ആദ്യം യുദ്ധമാരംഭിക്കുന്നതു തന്നെയല്ലേ ശരി?
യാഥാർത്ഥ്യവും പ്രതീതിയാഥാർത്ഥ്യവും തമ്മിൽ പൊരുത്തം വേണ്ടേ?
അതെങ്ങനെ ശരിയാവും?
ആദ്യം നീക്കുന്നയാൾക്ക് വിജയ സാധ്യതകൂടുതലാണെങ്കിൽ വെള്ളക്കാരൻ അനർഹവും അധാർമികവുമായി ജയിക്കുന്നതിൻ്റെ ചിഹ്ന കഥനമാകില്ലേ ചെസ്സ് ഗെയിം?
വെള്ളക്കരുവിനെയും കറുത്തകരുവിനെയും വംശീയ പ്രതിനിധാനങ്ങളായി കാണാതിരുന്നു കൂes?
രണ്ടു വർണ്ണങ്ങൾ.അത്ര മാത്രം.
മനുഷ്യ വംശത്തിൻ്റെ പ്രത്യയശാസ്ത്രങ്ങൾക്കു വെളിയിൽ വർണങ്ങളെയും ചെസ് കളിയെ കണ്ടുകൂടേ?
കളികളിൽ രാഷ്ട്രീയം കലർത്തണോ?
കളികളിൽ രാഷ്ട്രീയമില്ല എന്നത് ഒറ്റബുദ്ധി വിലയിരുത്തലാണ്. കളികളുടെ ഘടന, നിയമങ്ങൾ, ലാവണ്യസംകൽപ്പനങ്ങൾ എന്നിവയിലെല്ലാം രാഷ്ട്രീയമുണ്ട്.
മനുഷ്യൻ്റെ കരുനീക്കങ്ങളിൽ രാഷ്ട്രീയബാഹ്യമായി ഒന്നും ഇല്ല.
ഇനി ഇപ്പോൾ എന്താ ചെയ്യുക ?
പച്ച X നീല
മഞ്ഞ x ചുവപ്പ്
ഇങ്ങനെ കറുപ്പ് വെളുപ്പ് ദ്വന്ദ്വത്തെ മായ്ച്ച് പുതിയ കളറാക്കിയാൽ കാര്യങ്ങൾ കുറേക്കൂടി കളറാകുമോ?
എനിക്കൊരു പിടിയുമില്ല. കളിപ്പാട്ടത്തിൻ്റെ യന്ത്രഭാഗങ്ങൾ കൗതുകത്തോടെ ഊരിയിട്ട് പുന:സ്ഥാപിക്കാനാവാതെ വിഷണ്ണനായി കുഴങ്ങുന്ന കുട്ടിയാണ് ഞാൻ എന്നു പറഞ്ഞല്ലോ.
അസാധ്യമായ അപഗ്രഥനശേഷിയുണ്ടെങ്കിലും എൻ്റെ മസ്തിഷ്കത്തിന് പ്രശ്നപരിഹാരശേഷി ഇല്ല.
പാവം സാജു മോൻ.

