രചന : ദിവാകരൻ പികെ ✍️
ആമുഖം: സമൂഹം കല്ലെറിഞ്ഞുടച്ച ഒരു സ്വപ്നം, പോരാട്ടവീര്യം കൊണ്ട് എങ്ങനെ സിംഹാസനങ്ങൾ കീഴടക്കി എന്ന് ബാലാമണിയിലൂടെ ഈ കഥ നമ്മോട് പറയുന്നു. വിവേചനത്തിന്റെ ഇരുളിൽ നിന്നും നീതിയുടെ വെളിച്ചത്തിലേക്കുള്ള ഒരു പെൺകരുത്തിന്റെ യാത്രയാണിത്. വിജയത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴും ഭൂതകാലത്തിന്റെ നീറുന്ന ഓർമ്മകൾ അവളെ പിന്തുടരുന്നു. മാറ്റത്തിന്റെ കാറ്റ് വീശിയ ഒരു ഗ്രാമത്തിന്റെയും, നോവു ണങ്ങാത്ത പ്രണയവുമായികാത്തിരക്കുന്നവളുടെ യും കഥ.
ചേരാപുരം ഗ്രാമം ഇന്ന് ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. വഴിയോരങ്ങളിൽ തോരണങ്ങളും വർണ്ണക്കടലാസുകളും കാറ്റിൽ നൃത്തം ചെയ്യുന്നു. വർഷങ്ങൾക്ക് മുൻപ്, കല്ലെറിഞ്ഞും ആക്ഷേപിച്ചും ഈ മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ബാലു എന്ന ബാലാമണി സുപ്രീം കോടതി ജഡ്ജിയായി മടങ്ങി വരികയാണ്.
കവലയിലെ വലിയ സ്റ്റേജിന് മുന്നിൽ ഗ്രാമം മുഴുവൻ ഒഴുകിയെത്തിയിരിക്കുന്നു. പണ്ട് ബാലുവിനെ ശപിച്ചവരും അവന്റെ അച്ഛനമ്മമാരെ പരിഹസിച്ചവരും ഇന്ന് മുൻനിരയിൽ വിനയത്തോടെ കൈകൂപ്പി നിൽക്കുന്നു. ഇത് വെറുമൊരു സ്വീകരണമല്ല, ആ ഗ്രാമം അന്ന് ചെയ്ത തെറ്റിനുള്ള ഒരു വലിയ പ്രായശ്ചിത്തം കൂടിയായിരുന്നു. നീല വെളിച്ചം കറങ്ങുന്ന കറുത്ത ഔദ്യോഗിക വാഹനം വേദിക്ക് അരികിൽ വന്നു നിന്നു. കാറിന്റെ വാതിൽ തുറന്ന്, കറുത്ത കോട്ടിട്ട ഗാംഭീര്യത്തോടെ ബാലാമണി പുറത്തിറങ്ങി. ജനക്കൂട്ടം ആവേശത്തോടെ കൈയടിച്ചു. പണ്ട് ‘അറപ്പോടെ’ നോക്കിയവർ ഇന്ന് ആദരവോടെ ആ മുഖത്തേക്ക് നോക്കി.
ബാലാമണി മൈക്കിന് മുന്നിൽ അല്പനേരം നിശബ്ദയായി നിന്നു. പണ്ട് താൻ നടന്ന ഇടവഴികളും, തന്നെ നോക്കി കൊഞ്ഞനം കുത്തിയ ബാല്യങ്ങളും അവിടെയുണ്ട്. അവൾ പതുക്കെ സംസാരിച്ചു തുടങ്ങി:
“ഇന്ന് നിങ്ങൾ എനിക്ക് നൽകുന്ന ഈ പൂച്ചെണ്ടുകൾക്കും പൊന്നാടകൾക്കും വലിയ സുഗന്ധമുണ്ട്. പക്ഷേ, വർഷങ്ങൾക്ക് മുൻപ് ഇതേ മണ്ണിൽ നിന്ന് ഒരു രാത്രിയിൽ ഞാൻ ഇറങ്ങിപ്പോയപ്പോൾ എന്റെ കയ്യിൽ ഒരു കീറിയ ബാഗ് മാത്രമാണുണ്ടായിരുന്നത്. അന്ന് എന്റെ അച്ഛനും അമ്മയും പോലും എന്നെ നോക്കി വാതിലടച്ചു. ഒരു ട്രാൻസ്‌ജെന്റർ ആയി ജീവിക്കുക എന്നത് ഈ സമൂഹത്തിൽ എത്ര വലിയ കുറ്റമാണെന്ന് അന്ന് ഞാൻ പഠിച്ചു. ഡൽഹിയിലെ കൊടും തണുപ്പിൽ വിശന്നു തളർന്ന് ഇരിക്കുമ്പോഴാണ് ഞാൻ ആ മഹാമനുഷ്യനെ കാണുന്നത്—നമ്മുടെ കലാം സാറിനെ. എന്റെ സ്വത്വം വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം എന്നെ ആട്ടിയകറ്റിയില്ല. പകരം എന്റെ തോളിൽ കൈവെച്ച് അദ്ദേഹം പറഞ്ഞു
“കുട്ടീ, നിന്റെ ശരീരം നിന്റെ വിധിയല്ല, നിന്റെ അധ്വാനമാണ് നിന്റെ വിധി. ലോകം നിന്നെ നോക്കി ചിരിക്കുമ്പോൾ, നീ നിന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കുക.’
“ആ വാക്കുകളാണ് എന്നെ നിയമപുസ്തകങ്ങൾക്കിടയിൽ തളച്ചിട്ടത്. അന്ന് ഞാൻ തീരുമാനിച്ചു, പരിഹാസങ്ങൾക്കല്ല, നീതിക്കാണ് എന്റെ ജീവിതത്തിൽ സ്ഥാനമെന്ന്.എനിക്ക് ആരോടും പരാതിയോ പകയോ ഇല്ല. അന്ന് നിങ്ങൾ എന്നെ പുറത്താക്കിയത് ഭയം കൊണ്ടായിരുന്നു എന്ന് എനിക്കറിയാം—വ്യത്യസ്തമായ ഒന്നിനെ അംഗീകരിക്കാനുള്ള ഭയം. പക്ഷേ, ആ ഭയം എന്നെ തളർത്തിയില്ല. പകരം, കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചു. നമ്മുടെ ലോകം മാറേണ്ടത് ശിക്ഷകൾ കൊണ്ടല്ല, മറിച്ച് മനുഷ്യത്വം കൊണ്ടാണ്. നിങ്ങളിൽ നിന്ന് വ്യത്യസ്തനായ ഒരാളെ കാണുമ്പോൾ അവരെ മാറ്റിനിർത്തരുത്, അവർക്കും കാണും ഒരുപാട് സ്വപ്നങ്ങൾ…”
ജഡ്ജിയുടെ മോട്ടിവേഷൻ പ്രസംഗം കേട്ട് ഗ്രാമം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പണ്ട് പരിഹസിച്ചവരുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന ബാലാമണിയെ നോക്കി മാതാപിതാക്കൾ കുറ്റബോധത്താൽ തലകുനിച്ചു.
തിരികെ മടങ്ങാനുള്ള സമയമായി. കാർ പതുക്കെ കവല കടന്നുപോകുമ്പോൾ ബാലാമണി പെട്ടെന്ന് ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. അവൾ കാറിൽ നിന്നിറങ്ങി പതുക്കെ ആ പഴയ അരയാൽത്തറയിലേക്ക് നടന്നു. അവിടെ, ആൾക്കൂട്ടത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി മീര തനിയെ ഇരിക്കുന്നുണ്ടായിരുന്നു. ബാലാമണി അവളുടെ അരികിൽ ചെന്ന് വിളിച്ചു: “മീരാ…”
മീര പതുക്കെ തലയുയർത്തി. അവളുടെ കണ്ണുകളിൽ പ്രണയവും സങ്കടവും ഒരുപോലെ നിഴലിച്ചു. “നിന്നെ ഞാൻ ആൾക്കൂട്ടത്തിൽ തിരയുന്നുണ്ടായിരുന്നു. നിന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ നീ അവിടെ ഉണ്ടായിരുന്നെന്ന് ചിലർ പറഞ്ഞു. പക്ഷെ അവിടെ ഒന്നും കണ്ടില്ല
നീ എന്തെ ഇവിടെ ഒറ്റക്കിരിക്കുന്നു?”
“ബാലുവെട്ടാ…” അവളുടെ ശബ്ദം ഇടറി. “എല്ലാവരും വലിയ ജഡ്ജിയെ കാണാൻ പോയി. എനിക്ക് എന്റെ പഴയ ബാലുവെട്ടനെ മതിയായിരുന്നു. ശരീരം കൊണ്ട് നിങ്ങൾ മാറിയെങ്കിലും, എന്റെ ഉള്ളിലെ ബാലുവെട്ടൻ മരിച്ചിട്ടില്ല.”
“മീരാ, നിനക്ക് ഇനിയെങ്കിലും സ്വന്തമായി ഒരു ജീവിതം തുടങ്ങിക്കൂടെ?” ബാലാമണി ചോദിച്ചു.
മീരയുടെ മറുപടി ഇതായിരുന്നു: “ബാലുവെട്ടാ… നിങ്ങൾ ശരീരത്തോട് നീതി കാണിച്ചു, ഞാൻ എന്റെ മനസ്സിനോടും. എന്റെ ഉള്ളിലെ ബാലുവെട്ടൻ മരിക്കാൻ ഞാൻ അനുവദിക്കില്ല. എനിക്ക് ഈ അരയാൽമരവും ഇതിന്റെ ഓർമ്മകളും മതി. ലക്ഷ്മണനെ യാത്രയാക്കിയ ഉർമ്മിളയെപ്പോലെ ഞാൻ ഇവിടെ ഇരുന്നോളാം.”
ബാലാമണിയുടെ തൊണ്ടയിടറി. ഒരു സുപ്രീം കോടതി ജഡ്ജിയുടെ കരുത്തൊന്നും ആ നിമിഷം അവർ ക്കുണ്ടായിരുന്നില്ല. അവരു ടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ കറുത്ത കോട്ടിലേക്ക് അടർന്നു വീണു. “മീര ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ പ്ലീസ്… ഞാൻ ബാലുവല്ല, ബാലാമണിയാണ്.”
എല്ലാവരും എന്നെ വെറുത്ത പ്പോൾ നീ മാത്രമായിരുന്നു എനിക്കു ആശ്വാസം അതൊന്നും ഞാൻ മറന്നിട്ടില്ല പക്ഷെ നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല.
അതുപറഞ്ഞു തൂവാല കൊണ്ട് കണ്ണുതുടച്ചുകൊണ്ട് പെട്ടെന്ന് തന്നെ കാറിൽ കയറി. ഔദ്യോഗിക വാഹനം ചീറിപ്പാഞ്ഞു പോയി, പിന്നാലെ നിരവധി അകമ്പടി വാഹനങ്ങളും. ആ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു. കണ്ണിൽ നിന്ന് കാറുകൾ മാഞ്ഞു പോയിട്ടും മീര അവിടെ തനിച്ചിരുന്നു. വിജനമായ ആ അരയാൽത്തറയിൽ ഇരുന്നു. ആകാശം മേഘാവൃതമായി അന്തരീക്ഷം അവളുടെ ദുഃഖത്തിൽ പങ്കു ചേർന്ന പോലെകറു ത്തി രുണ്ടു. അവൾ പൊട്ടി പൊട്ടി കരഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു ചാറ്റൽ മഴ വന്നു. പരിസരം മറന്ന് ഒറ്റയ്ക്ക് നിന്ന മീര നനഞ്ഞു കുളിച്ചു. മീര ഈറനണിഞ്ഞ വസ്ത്രത്തോടെ അഴിച്ചിട്ട മുടിയുമായി വേച്ചു വേച്ചു നടക്കാൻ തുടങ്ങി.
ലോകം ഒരു വലിയ വിജയത്തെ ആഘോഷിക്കുമ്പോൾ, ആ മൗനനോവ് ഗ്രാമത്തിന്റെ തീരാ നോവായ് തീർന്നു.
ശുഭം🌹🙏❤️

