രചന : വനജസൂനിൽ ✍️
മുറ്റം നിറയെ കരിയിലകൾ..
കരിഞ്ഞുണങ്ങിയ ചെടികൾ.
അവൾ മുറ്റത്തേക്ക് കാലെടുത്തു വെച്ചതേയുള്ളൂ
.കരിയിലകൾക്കിടയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോയി..
ഭദ്ര കാലുകൾ പിന്നിലേക്ക് വെച്ചു..
ഒറ്റ നിലയുള്ളൊരു വാർപ്പ് വീട്..
നിറം മങ്ങിയ ചുമരുകൾ….
ഇടക്ക് സിമന്റ് പൊട്ടിയടർന്നിരിക്കുന്നു..
വൃത്തിയാക്കാൻ ആള് ഇപ്പോൾ വരും..
പെട്ടന്ന് പിന്നിൽ നിന്നാ ശബ്ദം കേട്ടപ്പോൾ ഭദ്ര ഞെട്ടിപ്പോയി..
ബ്രോക്കർ ആണ്..
നാലഞ്ചു പണിക്കാർ വന്നു വീട് വൃത്തിയാക്കി..
മുറ്റത്തെ കരിയിലകൾ അടിച്ച് തീയിട്ടു..
പുല്ലുകളെല്ലാം ചെത്തി വൃത്തിയാക്കി..
ഒരു പടുമരണം നടന്ന വീടാണ് എന്ന് പറഞ്ഞിട്ടും.. എന്തിനാണ് ഈ വീട് വാടകക്ക് എടുത്തത്..
ബ്രോക്കർ ചോദിച്ചപ്പോൾ ഭദ്ര
പുഞ്ചിരിച്ചു..
അല്ല കുട്ടി ഇവിടെ രാത്രിയിൽ അപശബ്ദങ്ങൾ കേൾക്കാറുണ്ട്….
ആരൊക്കെയോ നിലവിളിക്കുന്നത്ഞാനും കേട്ടിരിക്കുന്നു..
രാത്രിയിലെ ഈ ശല്ല്യം കാരണമാണ് വിമൽ കുഞ്ഞിന്റെ അച്ഛനും അമ്മയും മോളുടെ കൂടേ മുംബൈയിലേക്ക് പോയത്..
ഭദ്ര വീണ്ടും പുഞ്ചിരിച്ചു..
ആഹാ.. ഇതൊക്കെ പറഞ്ഞിട്ടും ഒരു പേടിയില്ലാലോ..
അനുഭവത്തിൽ വരുമ്പോൾ പഠിച്ചോളും.
പണിക്ക് വന്നവരിൽ ഒരാൾ പിറുപിറുത്തു..
സന്ധ്യയായി… ഭദ്ര ഉമ്മറത്തു വിളക്ക് വെച്ച് സന്ധ്യാപ്രാർത്ഥന ചൊല്ലി..
രാത്രിയിൽ ബ്രെഡും പഴവും വെള്ളവും കുടിച്ചു..
ഭദ്ര കൊണ്ടുവന്ന പെട്ടിയിൽ നിന്നും പഴയ ഫോട്ടോ എടുത്തു..
ഒരു വിവാഹഫോട്ടോ..
അതിൽ അവൾ തഴുകി കൊണ്ടിരുന്നു..
വിമൽ നിന്നെ ഞാൻ ഉപേക്ഷിച്ചു പോയതല്ല..
മകനു ചേർന്ന പെണ്ണല്ല…. സ്ത്രീധനം കുറവാണ്.. എന്ന് പറഞ്ഞ് നിന്റെ അമ്മയും അച്ഛനും എന്നെ കൊല്ലാകൊല ചെയ്യുന്നത് നീയറിഞ്ഞില്ലല്ലോ..
ജാതകദോഷം മാറാൻ ഇനിയും മാസങ്ങൾ ഉണ്ട്.. ഒരുമിച്ച് ഒരു മുറിയിൽ കിടക്കാൻ പാടില്ല എന്ന് പറഞ്ഞ്.. രണ്ടുമുറിയിൽ കിടത്തി..
എന്നിട്ടും നീയെതിർക്കാത്തതുകൊണ്ടാണ് ഞാൻ വീട് വിട്ട് പോയത്..
പക്ഷെ നീ സൂയിസൈഡ് ചെയ്തത് ഞാൻ ഈ അടുത്താണ് അറിഞ്ഞത്..
എന്നെ നിനക്ക് അത്രക്കും ഇഷ്ടമായിരുന്നു എന്ന് നിന്റെ കൂട്ടുക്കാരൻ പറഞാണ് അറിഞ്ഞത്..
ഇപ്പോൾ നിന്റെ ഓർമ്മകളിൽ ഉരുകുന്നു..
കണ്ണടച്ചാൽ നീയാണെന്റെ മുന്നിൽ..
ഉറങ്ങിയിട്ട് വർഷങ്ങളായി..
ഇന്നെനിക്ക് സുഖമായി ഉറങ്ങണം..
നമ്മുക്ക് ഒരുമിച്ചു ഒരു മുറിയിൽ കിടക്കാം..
ബാഗിൽ വെച്ച ചെറിയൊരു കുപ്പി തുറന്ന് അതിലെ ദ്രാവകം ഭദ്ര വായയിലേക്ക് കമഴ്ത്തി മുറിയിലേക്ക് നടന്നു..
വിമൽ കട്ടിലിൽ കിടന്ന് അവളെ ഉറ്റുനോക്കി കൈകൾ നീട്ടി.. ഭദ്ര സന്തോഷത്തോടെ അവന്റെ മാറിലേക്ക് മുഖമണച്ചു…ശാന്തമായി ഉറങ്ങി..
വരണ്ടുണങ്ങിയ ഭൂമിയെ പുളകമണിയിച്ചുകൊണ്ട്
മഴ ആർത്തലച്ചുപെയ്തുകൊണ്ടിരുന്നു..

