എന്നെ മരണം
മണക്കുന്നു
എന്നെ നാഗഗന്ധി
മണക്കുന്നു
എന്നെ പൂത്തപാല
മണക്കുന്നു
മഴ മണക്കുന്നു
എന്നെ മരണം
മണക്കുന്നു……..
എന്നെ മരവിച്ച
കൈകൾ തൊടുന്നു
എന്റെ ജാലകം
കറുപ്പ് കീറുന്നു
എന്റെ കിളികൾ
പിടഞ്ഞു പാടുന്നു
എന്റെ ശബ്ദം
ഉടഞ്ഞു വീഴുന്നു
എന്റെ മച്ചകത്തിരുളിൻ
നിഴലുകൾ പയ്യെ വന്നു
ചേക്കേറി നിൽക്കുന്നു
എന്നെ മരണം മണക്കുന്നു……..
പൂത്ത നെൽക്കതിർ
പാടത്തിനപ്പുറം
കോതാമൂരികൾ
ഉറഞ്ഞു തുള്ളുന്നു
നെഞ്ചകം
പൊട്ടുമുച്ചത്തിലാരോ
വിറകു കീറി
അടുക്കി വെക്കുന്നു
എന്റെ കണ്ണിൽ
ഇരുട്ടു വീഴുന്നു
ഉച്ചത്തിലലറി മഴ
വാതിലിൽ മുട്ടുന്നു
എന്നെ മരണം
മണക്കുന്നു…………

By ivayana

Leave a Reply

Your email address will not be published. Required fields are marked *