പ്രതി ദിവസം അവൾ വാർത്തകൾ തുറക്കുമ്പോൾ
ഒരു പെൺകുട്ടിയുടെ കഥ അവിടെ കിടക്കുന്നു
ഒരാളുടെ നിലവിളി
ഒരാളുടെ അവസാന ശ്രമം
അത് വായിച്ചുകഴിഞ്ഞാൽ
അവൾ ഒരു നിമിഷം നിശ്ശബ്ദമാകും
നാളെ അത് ഞാൻ ആകുമോ
എന്ന ചിന്ത അവളെ പിന്തുടരും
പൊതു യാത്രയുടെ തിരക്കിൽ
അനുമതിയില്ലാത്ത ഒരു സ്പർശം
മുഴുവൻ ദിവസം അവളുടെ തോളിൽ കിടക്കും
തെരുവ് മൂലയിലെ ചില കണ്ണുകൾ
അവളുടെ ശരീരത്തിൽ മാത്രം താമസിക്കും
അവൾ തിരിച്ചറിയുന്നു
പ്രശ്നം അവളുടെ വസ്ത്രത്തിൽ ഇല്ല
പ്രശ്നം അവളുടെ ചിരിയിലും ഇല്ല
അവൾ സ്ത്രീയാണെന്ന സത്യത്തിലാണ്
ചിലർക്കുള്ള അസ്വസ്ഥത
എന്തുകൊണ്ട് ഞാൻ
ഒരു മനുഷ്യനായി കാണപ്പെടുന്നില്ല
എന്തുകൊണ്ട് ഞാൻ
ഒരു ഉപഭോഗ വസ്തുവായി മാത്രം വായിക്കപ്പെടുന്നു
ജീവിച്ചിരിക്കുന്ന ശരീരത്തെയും
ശവമായ നിശ്ശബ്ദതയെയും
വ്യത്യാസമില്ലാതെ കാണുന്ന
വികലമായ മനസ്സുകളുള്ള ലോകത്തിൽ
എന്റെ ഭയം അസാധാരണമാണോ
മരിച്ച ശരീരത്തെയും
അവമതിക്കാൻ കഴിവുള്ള
അത്ര താഴ്ന്ന ദാഹങ്ങൾ ഉണ്ടെങ്കിൽ
ജീവിച്ചിരിക്കുന്ന എന്നെ
ബഹുമാനിക്കുമെന്ന വിശ്വാസം
എവിടെ നിന്നാണ് വരേണ്ടത്
പ്രശ്നം എന്റെ നിലനിൽപ്പിൽ അല്ല
മനുഷ്യത്വം ചോർന്നുപോയ
ചില മനസ്സുകളിലാണ്
ഈ ചോദ്യങ്ങൾ അവളുടെ ഉള്ളിൽ
ദിവസംതോറും അടിഞ്ഞുകൂടുന്നു
ചില രാത്രികളിൽ
അവൾ നിദ്രയെ കാത്തിരിക്കും
കാരണം ഉറക്കത്തിൽ
ആരും അവളെ അളക്കില്ല
ആരും പിന്തുടരില്ല
ഒരു നിമിഷം
നിത്യമായൊരു നിശ്ശബ്ദത പോലും
മോചനമായി തോന്നും
പക്ഷേ അതിന്റെ അരികിൽ തന്നെ
ഒരു ചെറിയ ചിന്ത ഉയരും
ഞാൻ ഇല്ലാതാകേണ്ടത് എന്തിന്
മാറേണ്ടത് ഞാൻ ആണോ
അല്ലെങ്കിൽ ഈ ലോകമോ
അപ്പോൾ അവൾ കണ്ണ് തുറക്കും
അവൾ തളർന്നിരിക്കാം
പക്ഷേ തകർന്നിട്ടില്ല.

യൂനസ് മണത്തല

By ivayana