രചന : പിങ്ക് ഹെവൻ ✍
വാശി തീർക്കാൻ ഇറങ്ങിതിരിച്ചവൾക്ക് മുന്നിൽ നിയമം കുനിഞ്ഞു നിന്നപ്പോൾ ക്രിസ്മസ് സ്റ്റാറിട്ട വീട്ടിൽ ജീവനറ്റ് മൂന്ന് തലമുറ 😢😢
ആ വീടിന്റെ ഉമ്മറത്ത് തൂക്കിയ ക്രിസ്മസ് സ്റ്റാറിന് താഴെ ഇന്ന് മരവിച്ച നിശബ്ദതയാണ്. രാമന്തളിയിലെ ആ വീട്ടിൽ നിന്നും പുറത്തുവന്ന വാർത്ത കേരളത്തിന്റെ മനസാക്ഷിയെ പൊള്ളിക്കേണ്ടതാണ്. വെറുമൊരു ആത്മഹത്യയായി ഇതിനെ എഴുതിത്തള്ളരുത്, ഇത് നമ്മുടെ നിയമസംവിധാനം വരുത്തിവെച്ച “കൊലപാതകം” തന്നെയാണ്.
സ്വന്തം പേരക്കുട്ടിയെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കിയതിന്, സ്നേഹനിധിയായ ഒരു മുത്തശ്ശനെതിരെ ‘വ്യാജ പോക്സോ’ കേസ് പ്രയോഗിച്ച ക്രൂരതയ്ക്ക് എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? അപമാനിതനായി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന ആ അച്ഛന്റെ വേദന എത്രത്തോളമായിരിക്കും.
സ്വന്തം ഭർത്താവിനെയും ഭർതൃപിതാവിനെയും ജയിലിലടയ്ക്കാൻ വ്യാജ പോക്സോ കേസും ഗാർഹിക പീഡന പരാതിയും നൽകിയ ഒരാൾക്ക്, അതേ കുട്ടികളുടെ സംരക്ഷണം ഏൽപ്പിക്കാൻ നമ്മുടെ കോടതിക്ക് എങ്ങനെ കഴിഞ്ഞു? തങ്ങൾക്ക് അമ്മയോടൊപ്പം പോകണ്ടാ എന്ന് കരഞ്ഞു പറഞ്ഞിട്ടും എന്തുകൊണ്ടാണ് കോടതി കേൾക്കാത്തത്?
കള്ളക്കേസുകൾ കൊണ്ട് വരിഞ്ഞുമുറുക്കി, അവസാനം പ്രാണനായ മക്കളെക്കൂടി നഷ്ടപ്പെടുമെന്നായപ്പോൾ ഏത് അച്ഛനാണ് പിടിച്ചുനിൽക്കാനാവുക? “മക്കളെ വിട്ടുകൊടുക്കാൻ വയ്യ” എന്ന ആ അച്ഛന്റെ നിലവിളി കേൾക്കാൻ ഇവിടെ നിയമമില്ല, മനുഷ്യാവകാശ കമ്മീഷനുകളില്ല. ഇതെന്താ ആർക്കും അച്ഛന്റെ വികാരങ്ങൾ മനസ്സിലാകാത്തത്?
കലാധരൻ എന്ന അച്ഛൻ മക്കളെയും കൂട്ടി മരണത്തിലേക്ക് നടന്നത് ഭയം കൊണ്ടാണ്. തങ്ങളെ ദ്രോഹിച്ചവരുടെ കൈകളിലേക്ക് മക്കളെ എറിഞ്ഞുകൊടുക്കാൻ വയ്യാത്തതുകൊണ്ടാണ്. പാൽകുപ്പിയിൽ വിഷം കലക്കി തന്റെ പിഞ്ചോമനകൾക്ക് നൽകണമെങ്കിൽ ആ യുവാവ് അനുഭവിച്ച നിസ്സഹായത ഒന്നാലോചിച്ചു നോക്കൂ. ജീവിക്കാൻ അനുവദിക്കാത്ത വിധം നമ്മുടെ നിയമം അവരെ വരിഞ്ഞുമുറുക്കിയിരുന്നു.
ഇന്ന് ആ വീട് അനാഥമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ ചിരി മാഞ്ഞു. ഇതിന് കാരണക്കാരായവർക്ക് എന്ത് ശിക്ഷയാണ് ലഭിക്കുക? കള്ളപ്പരാതി നൽകിയവർക്കെതിരെ കേസെടുക്കുമോ? അതോ “അവളൊരു സ്ത്രീയാണ്, അവൾക്ക് പ്രത്യേക പരിഗണനയുണ്ട്” എന്ന് പറഞ്ഞ് നിയമം വീണ്ടും തലകുനിക്കുമോ?
ഇതൊരു പാഠമാണ്. പോക്സോ നിയമങ്ങളും ഗാർഹിക പീഡന നിയമങ്ങളും പുനപരിശോധിക്കപ്പെടണം. പരാതികളിൽ കഴമ്പുണ്ടോ എന്ന് പ്രാഥമിക അന്വേഷണം നടത്താതെ ആരെയും കുറ്റവാളികളാക്കരുത്. വ്യാജ പരാതികൾ നൽകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം. ഇല്ലെങ്കിൽ ഇനിയും കലാധരന്മാർ ഉണ്ടാകും, ക്രിസ്മസ് സ്റ്റാറുകൾക്ക് താഴെ ജീവനറ്റ ശരീരങ്ങൾ ഇനിയും കാണേണ്ടി വരും.
സഹോദരാ മാപ്പ്.. നിന്റെ മരണത്തിന് പോലും നിനക്ക് നീതിയുറപ്പാക്കാൻ സാധിക്കില്ല..🌹🥀😢😢
