രചന : സബ്ന നിച്ചു ✍
പ്രേമനും ഏറാൻമൂളികളും
വെടിവട്ടം പറയുന്ന
മരച്ചോട്ടിലാണ്
രണ്ടുപെണ്ണുങ്ങൾ തൂങ്ങിച്ചത്തത്..
ഒരുത്തി നാവ് കടിച്ചുമുറിച്ചും
തുടമാന്തിക്കീറിയും ചാകാൻ നേരം
വെപ്രാളം കാട്ടിയിട്ടുണ്ട്,
മറ്റോൾ ഇന്നാ ചത്തോ പറഞ്ഞ കൂട്ട്
ഉറങ്ങിച്ചത്ത പോലെയാണെന്നാണ്
വെട്ടിക്കിടത്തിയ പരമൻ പറഞ്ഞത്..
ആർക്കറിയാം ഒന്നിനെക്കൊന്ന്
ഒന്ന് തൂങ്ങിയതാണോന്നും ചൊല്ലി
പ്രേമൻ ഊഞ്ഞാലു കെട്ടാൻ
ഉയരത്തിലുള്ള ഇതേ
കൊമ്പിൽ കേറി
കുത്തിമറിഞ്ഞത് ചിന്തിച്ചു..
ഹോ..
കൊന്നതിനെ തൂക്കാൻ കയറി
തടി കുഴഞ്ഞിട്ട് ചത്തേക്കാമെന്ന് തോന്നി
ഒരൂക്കിൻ മറ്റോളും നോക്കിക്കാണുമെന്ന് പറഞ്ഞ്
ഏറാൻമൂളിയൊരുത്തൻ രസംപിടിച്ചു,
ഹഹ..
എല്ലാരുമങ്ങ് നിന്ന് ചിരിച്ചു..
ഇനി മറ്റോളെയെങ്ങാനും
ഇവൾ..
അല്ല..കാലമിപ്പോഴതാണേയ്
തീക്കൂനക്കകപ്പെട്ട മാനിന്റെ
പോലുള്ള കണ്ണുരണ്ടും തുറന്ന്
സമാധാനംതേടുന്ന
ചോന്നപതാക പോലെ
മുറിഞ്ഞ നാവ് പുറത്തേക്കിട്ട
പെണ്ണിനെ ചൂണ്ടി
ഏറാൻമൂളി രണ്ട് വെടിവട്ടത്തിന്റെ
കപ്പിത്താനായി..
ഹ…ഹ..
ഇവനിത്…
എല്ലാരുമങ്ങ് വീണ്ടും ചിരിച്ചു
മുന്നത്തേക്കാൾ ഉറക്കെ..
വല്ലവനും നിവൃത്തികേടുകൊണ്ട്
പീഢിപ്പിച്ചു കെട്ടിത്തൂക്കി
കാണും..
പെണ്ണല്ലേ ജാതി..
ഇനിയിപ്പോൾ വരും
ഹാലിളകി
കുറേ ഫെമിനിച്ചികൾ,
ആ കൊന്ന പാവപ്പെട്ടവന്റെ
സമാധാനം കളയാൻ
പ്രേമൻ നെടുവീർപ്പിട്ടു
മീശ തടവി …
ങേ.. തന്നേ
പീഢിപ്പിച്ചു കാണുമോടെയ്,
പ്രേമനെ തോണ്ടി
ഏറാൻമൂളി സംശയിച്ചു
ഉറപ്പിച്ചു പറയാൻ പറ്റില്ല,
വീഡിയോ ഇറങ്ങുമായിരിക്കും
കണ്ടാലേ ഞാനും വിശ്വസിക്കു..
ഹ…ഹ..
ഹൌ ന്റെ പ്രേമാ..
ഇച്ചങ്ങായി ഇത്..
കിട്ടുമ്പോൾ എനിക്കും
അയക്ക്,
ഹ…ഹ..
ഇമ്മാതിരി തമാശ ഓരെ സംഘത്തിനു
പുത്തരിയല്ലങ്കിലും കപ്പടിക്കുന്നത്
പ്രേമനാണ് അതോണ്ടാണല്ലോ
ഓൻ നേതാവും
ബാക്കിയുള്ളോര്
ഏറാൻമൂളികളുമായത്
പെണ്ണുങ്ങളെ പൊതിഞ്ഞെടുത്തു
കൊണ്ടോവുമ്പോൾ
പ്രേമനും കൂട്ടരും പരമന്റടുത്തേക്ക്
നടന്നു,
ഏതാ.. ആ പെണ്ണുങ്ങൾ
നിങ്ങക്കറിയുമോ പരമേട്ടാ
ഈടെയൊന്നും കാണാത്ത മുഖങ്ങൾ?
ആ.. ആർക്കറിയാം
വല്ല കേസുക്കെട്ടുകളുമാവും
പെണ്ണല്ലേ ജാതി!
ഹ…. ഹ….ഹ
