ഒരിക്കൽ നീയുമെന്നെ
വേർപ്പിരിയും.
പരസ്പരം പഴി ചാരാതെ ,
നോവിക്കില്ലെന്ന്
ഉറപ്പു വരുത്തി,
ജീവീത പകർച്ചയുടെ
വേഷവിധാനങ്ങളെടുത്തണിയും ,
കടൽ കടന്നും .
കാടു പുതച്ചും ,
ജലം നിറച്ചും ,
നമ്മളിലേന്തി നിന്ന
പ്രണയത്തിന്റെ
കൊടുമുടികൾ
അപ്പാടെ തകരും ,
നിനക്ക് ഞാനും ,
എനിക്ക് നീയും
അപരിചിതരാവും ,
എന്റെ ശബ്ദത്തിന്
നിന്നെ ഉണർത്താനോ .
എന്റെ ചിരിക്ക്
നിന്നെ ഉണർവ്വാക്കാനോ .
എന്റെ കരച്ചിലിന്
നിന്നെ തിരിച്ചു പിടിക്കാനോ
ആവാത്ത വിധം
നാം ശൂന്യരാവും.
എന്റെ നിഴൽ നിന്റെ
സ്വപ്നങ്ങളിൽ നിന്ന്
മാഞ്ഞു പോകും ,
എന്റെ വിരൽ അടയാളപ്പെടുത്തിയ
ശരീര ഭാഗങ്ങൾക്ക്
പുതിയ ത്വക്കുകൾ മുളയ്ക്കും,
കണ്ടെത്താനാവാത്ത
ദൂരത്തേയ്ക്ക്
നമ്മുടെ സങ്കല്പങ്ങൾ വീണടിയും ,
കിനാവുകൾ കത്തിയെരിയും ,
എന്നിലെ സൂര്യൻ നിന്നെ
ചുട്ടുപൊള്ളിക്കും.
എന്നിലകപ്പെട്ട മഴ നിന്നെ
പ്രളയത്തിലാഴ്ത്തും ,
വറുതിയുടെ .
വരൾച്ചയുടെ
പ്രപഞ്ചത്തിലേയ്ക്ക്
നമ്മുടെ ഉടൽ ഉറ പൊഴിക്കും,
എന്റെ ഭ്രാന്തിനെ
നീയും കളിയാക്കി ചിരിക്കും,
എന്റെ കവിതകളെ നീ
ചുട്ടു തിന്നും,
പച്ച മാംസത്തിലേയ്ക്ക്
പുഴുവരിക്കുമ്പോൾ
നീയും മൂക്കു പൊത്തും ,
മൂടലുകൾ കൊണ്ട് മുഖം മറച്ച
എന്നെ നീയും മറക്കാൻ
പ്രാർത്ഥിക്കും.
ഞാനപ്പോളും നിന്നെ
പ്രണയിച്ചു കൊണ്ടേയിരിക്കും …
ഞാനേപ്പോളും നിന്നെ
പ്രാണനായ് ശ്വസിക്കും …
ഞാനപ്പോളും നിനക്കായ്
ദാഹിച്ചു കൊണ്ടേയിരിക്കും …
ഞാനപ്പോളും നിനക്കായ്
വിശന്നു കരഞ്ഞിരിക്കും,
ഞാനപ്പോളും എന്നിൽ
നിന്നെ മാത്രം നിറയ്ക്കും …

By ivayana