രചന : സെഹ്റാൻ ✍
സൈക്കിൾ ചവിട്ടി
മലയിറങ്ങിവരുന്നു
നഗ്നയായ പെൺകുട്ടി.
തുരുമ്പിച്ച ചങ്ങലയുടെ
കരകരശബ്ദത്തിനിടയിലൂടെയും
കേൾക്കാവുന്ന
അവളുടെ ഏങ്ങലടികൾ…
.
യാത്രാന്ത്യത്തിൽ
വിജനമായ മൈതാനത്തിനരികിലെ
വൃക്ഷശിഖരത്തിലൊന്നിൽ
തൂങ്ങിയാടുന്നൊരുവളായി
അവൾ അവളെക്കണ്ടെത്തുന്നു!
.
മൈതാനത്തിൻ്റെ മധ്യത്തിൽ
ഉടലാകെ കത്തിക്കരിഞ്ഞു
പോയൊരുവളായി അവൾ
അവളെക്കണ്ടെത്തുന്നു!
.
മൈതാനത്തിനപ്പുറം
ആളൊഴിഞ്ഞ വീടിനുള്ളിൽ
വിഷം ഉള്ളിൽച്ചെന്ന്
ജീവനറ്റുപോയൊരുവളായി
അവൾ അവളെക്കണ്ടെത്തുന്നു!
.
സൈക്കിൽ ചവിട്ടി
തിരികെ മലകയറുകയാണവൾ.
തുരുമ്പിച്ച ചങ്ങലയുടെ
കരകരശബ്ദത്തിനിടയിലൂടെയും
കേൾക്കാവുന്ന അവളുടെ
ഏങ്ങലടികൾ…
.
നോക്കൂ, ഞാൻ ചിന്തിക്കുന്നതെന്തെന്നോ…?
ഈ കാഴ്ച്ചകളൊന്നും,
ഈ ഒച്ചകളൊന്നും
നിങ്ങളുടെ ഉണർവ്വിലോ,
ഉറക്കത്തിലോ യാതൊരുവിധ
അസ്വസ്ഥതകളും എന്തുകൊണ്ട്
ഉളവാക്കുന്നില്ല എന്നതാണ്!
⚫
✒️

