രചന : റോബി കുമാർ.✍
അർദ്ധനാരീശ്വരം
പേപിടിച്ച ജീവിതചക്രങ്ങൾക്കിടയിൽ നിന്നും
നിന്റെ ജീവനെ ഞാൻ കണ്ടെടുക്കുന്നു.
രക്തമുറയുന്ന നിന്റെ
ശ്വാസ വേഗങ്ങളിൽ ഞാനെന്റെ
ഉയിർ ചേർത്തു കെട്ടുന്നു.
ജന്മഭാരത്തിന്റെ വെന്ത നോവിൽ
കണ്ണീരിന്റെ കയ്പ്പൊഴുക്കുന്നു,
തുന്നിക്കൂട്ടിയ മുറിവുകൾ
ചുംബനങ്ങൾ കൊണ്ടുണക്കുന്നു,
പൊട്ടിയുടഞ്ഞ അസ്ഥികൾ
എന്റെ രക്തത്തിന്റെ ചുവപ്പിനാൽ ചേർക്കുന്നു,
തകർന്ന നിന്റെ ഒറ്റ കണ്ണിൽ
എന്റെ ആത്മാവിന്റെ നീരിറ്റിക്കുന്നു,
നിനക്ക് ഞാൻ കണ്ണും കാഴ്ചയുമാകുന്നു.
വേട്ടക്ക് വന്ന ദൈവത്തിന്
ചങ്കറുത്തു കൊടുത്ത് ചിരിച്ചവർ.
എങ്കിലും
ഉണങ്ങാത്ത പുണ്ണിലവൻ
ഉപ്പും ചാരവും കുഴച്ചു പുരട്ടുന്നു.
മുട്ടുകുത്തി തഴമ്പിച്ച കാലുകളെ
നാം സ്വയം പഴിക്കുന്നു.
ദൈവം + ദൈവം =കുരുടൻ
എന്ന് നാം കരളിലെഴുതുന്നു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നിനക്കൊപ്പമെന്നല്ല
നീയായി പിറക്കണം…
എന്റെ ഉടലും നിന്റെ മനസ്സും;
അർദ്ധനാരീശ്വരം
അർദ്ധനാരീശ്വരം.

