രചന : രാഗേഷ് ✍️
മമ്മൂക്കയുടെ ഗാനരംഗമാണ്,
നടക്കുന്നു,
ഇരിക്കുന്നു,
നടക്കുന്നു,
ഇരിക്കുന്നു,
അതൊരു ലൂപ്പിൽ…
പക്ഷേ
നായിക മനോഹരമായി നൃത്തം കളിക്കുന്നു.
ഞാൻ ഒരു കടുത്ത മമ്മൂക്കാ ഭക്തൻ;
പുള്ളി നടക്കട്ടെ,
പുള്ളി അവിടിരിക്കട്ടെ.
നായിക
ശോഭനയോ! ഉർവ്വശ്ശിയോ!
ആരായാലും
അവർ എന്തിനാണ്
ഇത്ര നന്നായി നൃത്തം കളിക്കുന്നത്!
എന്തിനാണ് എന്റെ മമ്മൂക്കയെ
ഇങ്ങനെ കൊച്ചാക്കുന്നത്!
സ്ത്രീകൾ നൃത്തം ചവിട്ടുന്നത്
സദാചാര വിരുദ്ധം എന്നൊരു
നിയമം ഉണ്ടാക്കാൻ ആവശ്യപ്പെടാം,
ശോഭനയെയും ഉർവ്വശിയെയും
ഈ ഡി യെക്കൊണ്ട് ഭീഷണിപ്പെടുത്താം,
അല്ലേൽ ഒരു ഫത്വ…
വേണ്ട,
മമ്മൂക്ക അടുത്ത ഇമോഷണൽ സീനിൽ
അഭിനയിച്ചു തകർക്കും
ശോഭനയോ ഉർവ്വശിയോ
ആരായാലും ചമ്മിപ്പോവും
എനിക്കുറപ്പാണ്..
വീണ്ടും
മമ്മൂക്കയുടെ ഗാനരംഗം!
അതൊരു ചിത്രഗീതമാണെന്ന്
തിരിച്ചറിഞ്ഞ ഞാൻ
ഇറങ്ങി നടക്കുന്നു,
പിറകിൽ
മമ്മൂക്കയും നടക്കുന്നു,
ഇരിക്കുന്നു.
മുൻപിൽ
ഞാൻ നടക്കുന്നു..
ശോഭനയെയും ഉർവ്വശ്ശിയെയും
പരലോകത്തു ശിക്ഷിക്കാൻ
വകുപ്പുണ്ടാക്കണം.
ഞാൻ നടക്കുന്നു
മമ്മൂക്ക അൽപ്പം ഇരുന്നോട്ടെ..

