അങ്കത്തിൻ കാഹളം മുഴങ്ങുന്ന വീഥിയിൽ,
അലറുന്ന കാറ്റുപോൽ പായുന്നു യോദ്ധാക്കൾ.
ചടുലമാം പദതാളം ഭൂമിയെ വിറപ്പിക്കെ,
ചുടുരക്തം വാർന്നുതുടുക്കുന്നു മണ്ണാകെ!
ഉയരുന്ന വാളുകൾ മിന്നൽപ്പിണരുകൾ,
ഉലയുന്ന മനസ്സില് കത്തുന്ന കനലുകൾ.
ഉറ്റവർ തൻ മുഖം ഓർമ്മയിൽ മായവേ,
ഉയിർ വെടിയാൻ വരുന്നു പടയാളികൾ!
മരണത്തിൻ ശംഖൊലി കാതുകളിൽ പടരുന്നു,
മണ്ണിൽ പതിക്കുന്ന പ്രാണൻപിടയുന്നു.
വീരന്റെവിലാപം കേൾക്കാത്തകാറ്റിലോ,
വീശുന്നതപ്പോളും ഗന്ധകം തൻ മണം!
അറ്റുവീണീടുന്നു കൈകാലുകളും,
അട്ടഹാസങ്ങൾ തൻ ഭീകരശബ്ദവും.
പുകയുന്നകബന്ധങ്ങൾ പാതിവെന്തോടവേ,
പുഴപോലെ ഒഴുകുന്നു ചുടുനിണമപ്പൊഴും!
വിജയശ്രീലാളിതർ ആരെന്നു ചോദിക്കെ,
വിതുമ്പുന്ന ശവപ്പറമ്പായി രണഭൂമി.
കിരീടങ്ങൾ വെറും മണ്ണടിയുന്നിവിടെ,
കദനത്തിൻ കണ്ണീർക്കഥകൾ ബാക്കിയാക്കി!
യുദ്ധത്തിൻ തീ അണഞ്ഞൊടുങ്ങുന്നനേരത്ത്,
ശുഷ്കമാം മണ്ണിൽ വിരിയുന്നുശോകങ്ങൾ.
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നപാഠമായ്,
മാറുന്നുഭൂമിതൻ തീരാക്കറുപ്പായി!

ബി.സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *