​മഞ്ഞുമൂടിയ കൈലാസ പർവതത്തിന്റെ ശാന്തമായ വഴികളിലൂടെ ഭഗവാൻ ശിവനും യേശുദേവനും തോളോട് തോൾ ചേർന്ന് സംസാരിച്ചു നടക്കുകയാണ്. താഴെ ഭൂമിയിലെ മനുഷ്യരുടെ പരാതികളും വഴക്കുകളും കേട്ട് കേട്ട് രണ്ടുപേർക്കും നല്ലപോലെ തലവേദന തുടങ്ങിയിട്ടുണ്ട്.
​യേശുദേവൻ: ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്) മഹാദേവാ, മനുഷ്യർക്ക് സ്നേഹത്തെക്കുറിച്ച് എത്ര ക്ലാസ് എടുത്തിട്ടും ഒരു മാറ്റവുമില്ലല്ലോ.
പാവം ഞാൻ “ഇടതുകവിൾ കാണിച്ചുകൊടുക്കുക” എന്ന് പറഞ്ഞപ്പോൾ അവർ പരസ്പരം തല്ലുകൂടാനുള്ള ലൈസൻസ് ആക്കിയതിനെ മാറ്റി!

ശിവൻ: ചിരിച്ചുകൊണ്ട്
എന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം മോനേ. സമാധാനമായി ധ്യാനിക്കാമെന്ന് വെച്ചാൽ അപ്പുറത്ത് എന്റെ പേരും പറഞ്ഞു രണ്ട് ഭക്തർ തമ്മിൽ അടി തുടങ്ങിക്കാണും. ഇവരെയൊക്കെ നന്നാക്കാൻ ഇനി എന്ത് ചെയ്യണം?
​യേശുദേവൻ: എനിക്ക് തോന്നുന്നു മഹാദേവാ, ഈ പഴയ ലോകം മൊത്തത്തിൽ ഒന്ന് ‘റീസെറ്റ്’ ചെയ്യേണ്ടി വരുമെന്ന്. നമുക്ക് പുതിയൊരു ലോകം ഉണ്ടാക്കിയാലോ? ടെൻഷനില്ലാത്ത, ആരും വഴക്കിടാത്ത ഒരു ഫ്രഷ് ലോകം!
​ശിവൻ: ഹാ! കൊള്ളാമല്ലോ ഐഡിയ. എന്നാൽ പിന്നെ ഒട്ടും വൈകിക്കണ്ട, നമുക്ക് ഉടനെ പണി തുടങ്ങാം. പക്ഷേ തറക്കല്ലിടുന്നതിന് മുമ്പ് നമുക്ക് ഒരാളെക്കൂടി വിളിക്കണം.

അപ്പോഴാണ് സമാധാനത്തിന്റെ വെള്ളരിപ്രാവിനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് മുഹമ്മദ് നബി അവിടേക്ക് കടന്നുവരുന്നത്.
​മുഹമ്മദ് നബി: സലാം!
എന്താണ് എന്റെ പ്രിയ സുഹൃത്തുക്കൾ കൈലാസത്തിൽ ഒരു വലിയ കെട്ടിടം പണിയാൻ തീരുമാനിച്ചോ?
​യേശുദേവൻ: കെട്ടിടമല്ല നബിയേ, നമ്മൾ ഒരു പുതിയ ലോകം തന്നെ പണിയുകയാണ്. ഭൂമിയിലെ മനുഷ്യരുടെ വഴക്ക് കേട്ട് സമാധാനം പോയപ്പോൾ ഞങ്ങൾ എടുത്ത തീരുമാനമാണ്. അങ്ങയെത്തന്നെയാണ് ഞങ്ങൾ കാത്തിരുന്നത്.
​മുഹമ്മദ് നബി: (ചിരിച്ചുകൊണ്ട്) നല്ല കാര്യം! ഞാൻ മനുഷ്യരോട് “സമാധാനം” എന്ന് പറഞ്ഞപ്പോൾ അവർ അതിന്റെ അർത്ഥം മറന്നുപോയി. ഇനി ഈ പുതിയ ലോകത്ത് അവർ എന്റെ പേരിൽ പള്ളിയും നിങ്ങളുടെ പേരിൽ അമ്പലവും ചർച്ചും കെട്ടി വേലികെട്ടി തിരിക്കുമോ?

ശിവൻ: അതൊന്നും ഇവിടെ നടപ്പില്ല! നമ്മൾ ഈ പുതിയ ലോകത്തിന് ചില പ്രത്യേകതകൾ വെച്ചിട്ടുണ്ട്. ഇവിടെ മതമോ, രാഷ്ട്രീയമോ, “എന്റെ ദൈവം വലുത്” എന്ന അഹങ്കാരമോ പാടില്ല. എല്ലാവർക്കും ഒരേയൊരു തിരിച്ചറിയൽ കാർഡ് മാത്രം—അതിൽ “മനുഷ്യൻ” എന്ന് മാത്രം എഴുതിയാൽ മതി!
​യേശുദേവൻ: പിന്നെ നബിയേ,
അവിടെ ആരും അങ്ങയുടെ പേരിൽ ഹർത്താൽ നടത്തില്ല, എന്റെ പേരിൽ കുരിശുയുദ്ധം നടത്തില്ല, ശിവഭഗവാന്റെ പേരിൽ പരസ്പരം തല്ലില്ല. അങ്ങനെയൊരു ‘സമാധാന പാക്കേജ്’ ആണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.
​മുഹമ്മദ് നബി: എങ്കിൽ സംഗതി ജോറായി! മണ്ണും വിണ്ണും പ്രകാശവും മാത്രം നിറഞ്ഞ ഒരു പുതിയ ലോകം. അവിടെ ആരും സ്വർഗ്ഗം തേടി പോകേണ്ടി വരില്ല, കാരണം ആ ലോകം തന്നെ ഒരു സ്വർഗ്ഗമായിരിക്കും.

എന്നാൽ ശരി പരമേശ്വരാ… അങ്ങുതന്നെ ആ തറക്കല്ല് അങ്ങോട്ട് ഇട്ടേക്കൂ! പക്ഷേ ഇത്തവണ ഒരു നിബന്ധനയുണ്ട്. പുതിയ ലോകത്തേക്ക് ആളെ കയറ്റുന്നതിന് മുൻപ് അവർക്കൊരു “സൗജന്യ പരിശീലനം” നൽകണം. എല്ലാവരും ഒന്നാണെന്നും സ്നേഹം മാത്രമാണ് വലുതെന്നും പഠിച്ചാൽ മാത്രമേ അവർക്ക് എൻട്രി കൊടുക്കാവൂ.
​യേശുദേവൻ: അതെ, ഇത്തവണ വഴക്കടിക്കാൻ വരുന്നവരെ ഉടൻ തന്നെ ‘ഡിലീറ്റ്’ ചെയ്യാനുള്ള ഒരു ബട്ടണും കൂടി നമുക്ക് മേശപ്പുറത്ത് വെക്കാം!
​(മൂവരും ഒരേ മനസ്സോടെ ചിരിച്ചുകൊണ്ട് പുതിയ ലോകത്തിന്റെ തറക്കല്ലിടുന്നു. കൈലാസത്തിന് മുകളിൽ നിന്ന് സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഒരു പുതിയ വെളിച്ചം പരക്കുന്നു.

കുര്യൻ വൈദ്യൻ

By ivayana