കടലാസ് പൂവിനോട്
എനിക്കുള്ള പ്രണയം അറിയുന്നവർ
എന്നെ കളിയാക്കി ചിരിച്ചു.
എന്നിട്ടും…
ആരും അറിയാതിരിക്കാൻ,
മറ്റൊരാൾ കാണാതിരിക്കാൻ,
കൊതി തീരുവോളം
ഞാൻ അത് മറച്ചുവെച്ചു…
നിഴൽപോലും വീഴാത്ത
ഇരുളിൽ
ഒളിപ്പിച്ചതെന്തിനെന്നു
ഇതുവരെ എനിക്കറിയില്ല…
എന്നാലും…
അതിന്റെ മുള്ളുകൾ
മറ്റാരിലും കൊള്ളാതിരിക്കാനായി
എന്റെ ഹൃദയത്തിനുള്ളിൽ തന്നെ
കുഴിച്ചു വെച്ചു ….
കനം വെച്ച കാത്തിരിപ്പിൽ
ഒടുവിൽ ഒരിക്കൽ
ഇരുളിൽ നനഞ്ഞ
ചൂട് ചോര ചോർന്നു—
ഊര്ന്നുപോയത്
ഒരു ആർത്തനാദം പോലും ഇല്ലാതെ…
മൂവിതൾ പൂവിൽ നിന്നല്ല—
എന്നിൽ നിന്നായിരുന്നു…അത്
കരിമ്പടക്കെട്ടിൽ നിന്ന്
സൗഹൃദങ്ങൾ മഴപെയ്യുന്നതുപോലെ
വീണ്ടും പെയ്തൊഴിഞ്ഞുപോയി…
കാലം
ആരോടും പരിഭവം പറഞ്ഞില്ല…
വിളർത്ത പ്രഭാതവും,
മഞ്ഞളിച്ച നട്ടുച്ചയും,
കനം വെച്ച സന്ധ്യകളും
ധാരാളമായി പെറ്റുപെരുകി …
പുതിയ തലമുറയ്ക്ക്
എല്ലാം അപരിചിതമാകുന്നു…
കടലാസ് പൂക്കളും,
വേലിത്തലപ്പും,
പൂവാംകുറുന്തലയും,
കൊന്നപ്പൂവും—
അന്യമായതൊഴിച്ചാൽ
ബാക്കി എല്ലാം പഴയപോലെ…
ഒരിളം ചിരിയോടെ
മൂവിതളുള്ള ഒരു സ്വപ്നം
ഒരിക്കൽ വിരിഞ്ഞിരുന്നു—
എന്നു മാത്രം പറയേണ്ടിവരുന്നു…
പക്ഷേ ഇന്ന്—
ആ ചിരി
ഒരു പൊള്ളയായ ശബ്ദം…
ആ പൂവ്
ഒരു ചുരുണ്ട ഓർമ്മ മാത്രം…
സ്പർശിക്കാൻ പോലും പേടിയാകുന്നത്ര
അകൽച്ചയിൽ
കരിനിഴൽ വീഴ്ത്തുന്നു അത്…
എന്നാൽ
ചിതറിപ്പോയ ഓർമ്മകൾ
ഒരുപാട് കഷണങ്ങളായി
എന്റെ ഉള്ളിൽ തന്നെ
ചുറ്റിത്തിരിഞ്ഞ്
എന്നെ മുറിക്കുന്നു ഇന്നും…
നിറങ്ങളില്ലാത്ത കടലാസ് പൂക്കളെ പോലെ
എന്റെ ഓർമ്മത്താളുകളിൽ
ജീവൻ ഇല്ലാത്ത അടയാളങ്ങളുടെ
ഘോഷയാത്ര നടക്കുന്നു…
വിരിയാത്ത വസന്തം പോലെ…
വീണ്ടും വരാത്ത ഒരു കാലം…
നെടുവീർപ്പുകളുടെ
തിരിഞ്ഞു കുത്തൽ…
അന്ന് ഞാൻ ഒളിപ്പിച്ചത്—
നിറം മങ്ങിയ പൂക്കളെ അലായിരുന്നു …
അതൊരു നഷ്ടപ്രണയത്തിന്റെ
തിരുശേഷിപ്പും അല്ലായിരുന്നു…
നിശ്ശബ്ദമായ
കാലത്തിന്റെ ചില അടയാളങ്ങൾ മാത്രം…
ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലാകും
ഞാൻ ഒളിപ്പിച്ചത്….
പ്രണയപുഷ്പം അല്ലായിരുന്നു…
ഒരു നിശ്ശബ്ദ ശവകുടീരം…
കൊഴിഞ്ഞുവീണ
മൂവിതൾ പൂവുകളുടെ
ശവകുടീരം…

ഡോ. സാജു തുരുത്തിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *