രചന : കല ആർ ✍️
കാറ്റിലോളംതല്ലിപോകുന്ന
അപ്പൂപ്പൻതാടിക്കറിയില്ലല്ലോ
എവിടെയെങ്കിലുംവച്ച് ഉപേക്ഷിക്കപ്പെടാനുള്ള
കൗതുകമേ തനിക്കുള്ളുവെന്ന്
കൊളുത്തിവലിക്കുന്നതിൻ്റെ നോവ്
ചൂണ്ടല് കണ്ണിലൂടെ തുളച്ചിറങ്ങിയ
മത്സ്യത്തിനും പിന്നെ,
കിം കി ഡൂക്കിൻ്റെ നായകനുമേ അറിയൂ
തീൻമേശകളിലെ നാടകങ്ങളിൽ
ഓർമ്മകൾ കുരുക്കിയിടാതിരിക്കണം
അപ്പൂപ്പൻതാടിയെ നനയിച്ച മഴത്തുള്ളിയും
കൊളുത്തിവലിച്ച ചൂണ്ടലും വേഷക്കാർ
ഇറങ്ങിനടന്നാൽ കുറ്റബോധമില്ലാതെ
മടങ്ങിയെത്തുന്നിടത്ത്
ചാരംമൂടിയ കാടിൻ്റെ ഏകാന്തതയിൽ
പറക്കാൻശ്രമിക്കുന്നൊരു തൂവലുകാണാം
വാഴക്കയ്യിലെ ചെറിയ കിളിക്കൂട്ടിൽ
മൂന്നു ചെറിയ പച്ചനിറ മുട്ടകൾ
മനസ്സിലെവിടെയോ ചോന്ന
പൂച്ചപ്പഴത്തിൻ്റെ രുചിയും മണവും
