ഹേമന്തത്തിന്റെ വസന്തത്തിലാണ്
നാട്ടിൽ മരങ്ങൾ പെയ്യുക.
മരങ്ങൾ പഴുത്ത്
ചുവന്ന ഇലകൾ പൊഴിച്ച്
ഭൂമിയിൽ വർണ്ണപ്പരവതാനി തീർക്കുക.
മനുഷ്യർ ഉഷ്ണസൂചികളെ തടയാൻ
നിറമുള്ള കമ്പിളിപ്പുതപ്പുകൾ തേടുക.
സ്വറ്ററും, മഫ്ളറും, തൊപ്പിയും അണിയുക.
ഹേമന്തത്തിന്റെ വസന്തത്തിലാണ്
ഞെട്ടറ്റ് വീഴുന്ന പച്ചിലകൾ
നമ്മെ വേദനയുടെ
ആഴക്കടലുകളിലേക്ക് വലിച്ച് താഴ്ത്തുക.
ഹേമന്തത്തിന്റെ വസന്തത്തിലാണ്
പാതയോരങ്ങളിലെ
പൂന്തോട്ടങ്ങൾ നമ്മിലാനന്ദം ചൊരിയുക.
ഞെട്ടറ്റ് വീണ
ഒരു പനിനീർ മൊട്ട്
നമ്മുടെ ആനന്ദത്തിന്റെ
പൂക്കളെ തല്ലിക്കൊഴിക്കുന്നതും,
വിധിയുടെ ക്രൂരത
വെളിവാക്കുന്നതും
ഹേമന്തത്തിന്റെ വസന്തത്തിൽ തന്നെ.
ഹേമന്തത്തിന്റെ വസന്തത്തിലാറാടുമ്പോഴായിരിക്കും
നൂറ് പിന്നിട്ട
ഒരു പേരാൽ
തെക്കോട്ട് ചാഞ്ഞ്
ശവാസനത്തിൽ കിടക്കുന്നത്
കാണേണ്ടി വരിക.
എത്രയോ കാലങ്ങളായി
അത് നമുക്കായി
കുടപിടിക്കുകയായി രുന്നതെന്നോർത്ത്
നാം നെടുവീർപ്പിടുക.
അപ്പോൾ നമ്മളെ
ഹേമന്തത്തിന്റെ വസന്തം
മറവിയുടെ
മഞ്ഞ് മലയിലൊളിപ്പിക്കുന്നു.
വസന്തമായാലും,
ഹേമന്തമായാലും,
ശിശിരവും,വർഷവും,
ഗ്രീഷ്മവുമായാലും
ഋതുക്കൾ ഒരേ അളവിൽ നമ്മെ ആനന്ദിപ്പിക്കുന്നു,
വേദനിപ്പിക്കുന്നു……

കെ.ആർ.സുരേന്ദ്രൻ

By ivayana