പാണൻ്റെപാട്ടിൽകേട്ടേൻ പഴയകാലത്തിൻ്റെ-
യീണംതുളുമ്പിനിൽക്കും ജീവിത യാഥാർഥ്യങ്ങൾ
ശ്രാവണമാസംതോറും പാടുകയല്ലീ,പാണൻ
മാവേലിമന്നൻതൻ്റെ ഭരണനൈപുണ്യങ്ങൾ!
ശിവനെപ്പോലും തുയിലുണർത്തി,പണ്ടേയിവർ
ശിവൻ്റെ പ്രശംസയ്ക്കു പാത്രീഭൂതമായേവം!
ഉറങ്ങിക്കിടപ്പോരെയുണർത്താം പാണാ,പക്ഷെ
ഉറക്കംനടിപ്പോരെയുണർത്താൻ നിനക്കാമോ?
പണ്ടത്തെക്കാലമല്ലിന്നെത്രയോമാറി ലോകം,
വിണ്ടലംപോലും തൊണ്ടേലേറ്റുവോരത്രേ ചുറ്റും!
നാണംകെട്ടുംപത്തുകാശെങ്ങനെയുണ്ടാക്കിടാം
മാനവജന്മങ്ങൾക്കിന്നിതുമാത്രമേ വേണ്ടൂ!
മറ്റുള്ളോർ ചത്തുമണ്ണടിഞ്ഞീടി,ലിവർക്കെന്തേ?
മുറ്റിത്തഴച്ചീടണ,മായതൊന്നുംകാണാതെ!
കാണക്കാണെയിക്കൂട്ടർ മദിച്ചാടുന്നു,മുന്നിൽ
ചേണെഴുംപ്രകൃതിയെ,യികഴ്ത്തിക്കാട്ടിക്കൊണ്ടേ!
ചൂതുകളിയിൽ ശിവൻ തോൽക്കുന്നുനിരന്തരം,
വ്യാധൻമാർ വിജയശ്രീലാളിതരായിടുന്നു!
പണ്ടുപറയിപെറ്റ പന്തിരുകുലംതന്നി-
ലുണ്ടായ പാണനാർക്കിന്നെന്തുമാഹാത്മ്യം പാരിൽ?
സത്യധർമ്മത്തെപ്പാടേ,മുറുകെപ്പിടിക്കുവാ-
നെത്രപേരുണ്ടീലോക,ത്തെന്നതൊന്നോർത്തീടുവിൻ
ഒക്കെയും സ്വാർത്ഥതത,ന്നന്ധതമസ്സിൽ മുങ്ങി
ചിക്കെന്നുനിഷ്പ്രഭമാകുന്നിതാ നിഷ്കരുണം!
ജാതിചിന്തയെയൂട്ടിവളർത്തീടുന്നൂ,വേടൻ!
പാതിമെയ്യിനെ വെട്ടിനുറുക്കീടുന്നൂ,കാടൻ!
കനകസിംഹാസനം ലക്ഷ്യമാക്കിരാഷ്ട്രീയ-
ക്കപടവർഗ്ഗമടരാടുകയാണെങ്ങെങ്ങും!
ചാണകവേടൻ കഞ്ചാവടിച്ചുപാടീടുമ്പോൾ
പാണനുംപാണൻ്റെയാ,പാട്ടിനുമെന്തേമൂല്യം?
ഗോവണികളോരോന്നുകയറി വേടൻവീണ്ടും,
രാവണവേഷംകെട്ടിയാടിടാൻ മുതിരുന്നു!
നല്ലൊരുനാളെ പുലരുംവരെപ്പാടൂപാണാ,
തെല്ലുമേയാത്മധൈര്യം കെട്ടുപോയിടാതാർദ്രം
ഇന്നുനാംകാണും കാഴ്ചയൊക്കയു,മർത്ഥശൂന്യം
വന്നിടാതിരിക്കില്ലാ,പഴയപ്രഭാതങ്ങൾ
പന്തിരുകുലത്തിൻ്റെ പുകഴ്മ നിലനിർത്താൻ
നന്തുടികൊട്ടിക്കൊട്ടിയങ്ങനെയനാരതം
ബന്ധുരസ്നേഹത്തിൻ തൂവമൃതം പൊഴിച്ചാ വോ,
ചിന്തുകളനവധി പാടുകപാണാനീളെ
ആരെന്തു പഴിനിന്നെപ്പറഞ്ഞാലും പാടുനീ
നേരിൻ ചിറകുനീർത്തി, തളരാതെപാടുനീ
ഏതുപാട്ടിനെക്കാളും കാതിന്നുസാന്ദ്രാനന്ദം
മേദിനിതന്നിൽ പകർന്നീടുവാൻ മറ്റെന്തുള്ളൂ!
ഉൾപ്പൂവിലൊരായിരം സ്വപ്നങ്ങൾ കാൺമൂ മൂഢർ,
അൽപ്പമേയുള്ളു വാഴ്‌വിൻ വ്യാപ്തിയെന്നറിയാതെ!
ഒരുമാത്രകൊണ്ടേതും നിഷ്പ്രഭമായ്മാറിടാം
പരമസത്യത്തെപിൻതുടരുകപ്പോഴുംനാം.

By ivayana