പ്രണയമേ… നീ…
എന്നോടെന്തു ചൊല്ലി,
നിന്നോരത്തെന്നും
നിന്നുയിരായ് ഞാൻ
ഒപ്പമുുണ്ടാകണമെന്നോ?!

ഹൃദയമേ... നീ...
എന്നോടെന്തു ചൊല്ലി,
നിൻ മനസ്സിലെന്നും
പ്രണയമായ് ഞാൻ
ഉണ്ടായിരിക്കണമെന്നോ?!

പുഷ്പ ദലങ്ങൾ കൊഴിയും പോലെ
ഊർന്നുരുളും മുത്തുമണി പോലെ
കൊഴിയാതെന്നും നീ…
വളരും കുരുന്നായി
തുടരണമെന്നോ?!

 നിൻ ചുണ്ടിലെ മന്ദസ്മിതവും
 നയനങ്ങളിലെ മിന്നൽസ്മിതവും
 നിൻ കവിളത്തൊളി മിന്നും
 നുണച്ചാർത്തും കളയരുതെന്നോ?!

ഇളം തെന്നലിൻ തലോടലാൽ
ഇളകിപ്പറക്കും നിൻ കുറുനിരകളെ
മെല്ലെ മാടിയൊതുക്കരുതെന്നോ?!
നിൻ നെറുകയിലെ സിന്ദൂരമെന്നും
മായാതെ മയങ്ങണമെന്നോ?!

 നിൽ വിരൽ സ്പർശങ്ങളാൽ
 തഴുകിത്തലോടിയെന്നും
 രാവിലുറങ്ങാതെനിക്കായ്
 ഉണർത്തു ശീലുകൾ   
 തീർക്കണമെന്നോ?!

നാട്ടുവഴികളിൽ മണ്ണിൻ മണത്തിൽ
ജലമർമ്മരങ്ങളിൽ മന്ദമാരുതനിൽ
വിടരാൻ കൊതിക്കുന്ന
പൂക്കളിൽ നിന്നെ കാണുവാൻ
ഞാൻ കൊതിച്ചീടണമെന്നോ?

 മലർവാടി തൻ സുഗന്ധത്തിലും
 അടുക്കും കുളമ്പടിയൊച്ചയിലും
 കാട്ടാറിൻ സംഗീതത്തിലും
 എൻ ശ്വാസനിശ്വാസങ്ങളിലും
 ഞാൻ നിന്നെ  ഓർക്കണമെന്നോ?!

പ്രണയമേ… നീയെൻ കാതിൽ
അത് മാത്രം മന്ത്രിച്ചു
ഞാൻ നിന്നോരത്തെന്നുമെന്നും
നിന്നുയിരായി ഉണ്ടാകണം
എന്നു മാത്രം നീ മന്ത്രിച്ചു.

അരുമാനൂർ മനോജ്

By ivayana