രചന : ബിനു. ആർ.✍

തമിഴ്പേശും അയൽനാടി-
ന്നക്കരെയിക്കരെ
മലയാളം മണക്കും
മാമലനാട്ടിൽ
തിരുവിതാംകൂറിൽ
ജനിച്ചുവളർന്നുയെൻ
തലമുറകൾ
ഒരാൽമരത്തിൻ
ശികരങ്ങൾ പോലവേ..
പിരിഞ്ഞും വളഞ്ഞും
ബലവത്തായവർ
തലമുറകൾ വീശി-
ത്തണുപ്പിച്ചുംകെട്ടിപ്പിടിച്ചും
ചേർത്തുനിറുത്തിയും
പരിപാലിച്ചങ്ങനെ
ഒട്ടേറെപ്പേരെ..
ചിരിച്ചുനിന്നവർ
സ്നേഹത്തോടൊപ്പം
കൊണ്ടുപോയി
നാടിൻ നന്മകളെ
തിരുമൂക്കുത്തിയണിഞ്ഞ
കന്യാകുമാരിയെ,
തിരുവിതാംക്കോടിൻ
പത്മനാഭപുരംരാജമാളികയെ.
വന്നെത്തീപലതരം
വിക്രിയകൾ,പട്ടിണിതൻ
പരിവട്ടമെന്നുകണ്ടിട്ട്
അയൽനാടിൻ ഭൂമിയിൽ
നല്ലവിത്തിനങ്ങൾ വളരാൻ
നല്കീ ജലമത്രയും
മുല്ലപ്പെരിയാറിൻ
മടിത്തട്ടിൽ മേവും
വൻജലസംഭരണിയാലേ,
എന്നിട്ടുമാ ജലം സ്വന്തമായ്
വേണമെന്നു
കർക്കശിക്കുന്നു
തമിഴ്‌പേശും അയൽക്കാർ.
നമ്മുടെ ജീവനുംസ്വത്തിനും
ഭീഷണിയെങ്കിലും
വന്നുഭവിച്ചജനമേലാളന്മാർ
ജനായത്തമേലങ്കിയണിഞ്ഞവർ
സ്വാർത്ഥലാഭത്തിനായി
തൊന്തരവുകൾ
കണ്ടിട്ടും കാണാതെ
കൊഴിഞ്ഞുപോയ പണയശീട്ടുകൾ
പുതുക്കി സമ്മതപത്രം നൽകി
ഭീഷണിപ്പെടുത്തുന്നു
പിന്നാംതലമുറയിലുള്ള
കുഞ്ഞുകുട്ടിക്കിടാങ്ങളെ.
വടക്കിൻ ചെരുവിൽ
പിറന്നുവീണവർ
തലമുറകളിൽ മലയാളം
മറന്നവർ
വേണമെന്നു ശഠിക്കുന്നു
സ്വന്തം തട്ടകം
പേർഷ്യൻ പിന്നാമ്പുറങ്ങളിൽ
ശക്തിയാർജിച്ചവർ
കൊണ്ടും കൊടുത്തും
സ്നേഹമൂട്ടിയവർ
മുൻതലമുറകളില്ലാ
മതസ്പർദ്ധകൾ
ചിന്തകളിപ്പോലുമില്ലാ
വിഭജനങ്ങളെല്ലാം
വന്നു ചേർന്നിരിക്കുന്നു
കേരംതിങ്ങും കേരളനാട്ടിൽ..
വന്നു ഭവിച്ചതെല്ലാം മറ്റൊന്നു-
മോർക്കാതെ പുറം തള്ളാം,
കോർത്തിടാംനന്മകൾ മാത്രം,
ഉള്ളിന്റെയുള്ളിൽ
കൊരുത്തിടാംതലമുറകളുടെ
ജീവശ്വാസങ്ങൾ,
നിറയട്ടേ നമ്മുടെ മനസ്സുകളിൽ
ചിന്തകൾ ചന്തമാംവണ്ണം.

By ivayana