തൻ്റെ ഈ ജീവിതംകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തതുപോലെ… കുറച്ച് ദിവസങ്ങളായി അയാൾക്ക് ജീവിതത്തിനോട് വെറുപ്പ് തോന്നാൻ തുടങ്ങിയിട്ട്. ജീവിതം അവസാനിപ്പിച്ചാലോ എന്നൊരു ചിന്തപോലും തോന്നിത്തുടങ്ങി.
ചെറുപ്പത്തിൽതന്നെ അയാൾക്ക് നല്ലൊരു ജോലി നേടാൻ സാധിച്ചിരുന്നു അന്നുമുതൽ ഒരു യന്ത്രം പോലെയായിരുന്നു അയാൾ. കുറേയധികം സമ്പാദിച്ച് കൂട്ടി. ജോലി, വീട്, അതിലപ്പുറം യാതൊരു നേരം പോക്കുകളും അയാൾക്ക് ജീവിതത്തിൽ ഇല്ലായിരുന്നു.
തൻ്റെ ജീവിതത്തിൽ താൻ ഒന്നും നേടിയില്ല എന്നൊരു തോന്നൽ അയാളെ അലട്ടാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി.

മറ്റുളളവർ സന്തോഷിക്കുന്നത് കാണുമ്പോൾ, അവരുടെ നേട്ടങ്ങൾ കാണുമ്പോൾ തന്നെ ഒന്നിനും കൊള്ളില്ല എന്നൊരു തോന്നൽ. മനസ്സ് മരവിച്ചു പോയിരിക്കുന്നു. ഒന്നിലും ഒരു ശ്രദ്ധയും കൊടുക്കാൻ പറ്റുന്നില്ല. അയാൾ തൻ്റെ വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി.
“മരിക്കാൻ അയാൾക്ക് പേടിയായിരുന്നു. എങ്കിലും, ഒന്നു മരിച്ചിരുന്നെങ്കിലെന്ന ചിന്ത അയാളെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു.”

എങ്ങനെ മരിക്കും എന്ന ചിന്തയ്ക്കൊടുവിൽ, വെള്ളത്തിൽ ചാടി മരിക്കാൻ അയാൾ തീരുമാനിച്ചു. വണ്ടി സൈഡ് ഒതുക്കി ആളൊഴിയാൻ അയാൾ കാത്തിരുന്നു.
അവിടെനിന്നും കുറച്ചകലെ മാറി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഒരു സ്ഥലമായിരുന്നു. ടെസ്റ്റിനുള്ള ആളുകൾ അവിടെ കൂടി നിന്നിരുന്നു. ആളൊഴിഞ്ഞ നേരംനോക്കി അയാൾ പാലത്തിൽ കയറി താഴേക്ക് ചാടി. കുത്തി ഒഴുകുന്ന പുഴയിൽ വീണ് അയാൾ മുങ്ങി പൊങ്ങിക്കൊണ്ടിരുന്നു.

ആളുകളെല്ലാം ഓടി കൂടി…
പോലീസ് വന്നു.
അയാളെ രക്ഷിക്കാൻ, നീന്തൽ അറിയുന്ന ആരേലുമുണ്ടോ എന്ന് അന്വേഷിച്ചു.? നീന്തൽ അറിയുന്ന ആരുംതന്നെ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
വെള്ളത്തിൽ മുങ്ങി പൊങ്ങി ശ്വാസത്തിനായി പിടഞ്ഞപ്പോൾ മരണവെപ്രാളത്തിൽ, അടുത്ത് കണ്ട കര നോക്കി അയാൾ ആഞ്ഞു നീന്തി. അപ്പോഴാണ് തനിക്ക് നീന്തൽ അറിയാമായിരുന്നു എന്ന കാര്യം
പോലും ആയാൾ ഓർത്തത്.

“ചെറുപ്പത്തിൽ എപ്പോഴോ താൻ നീന്താൻ പഠിച്ചിരുന്നു.”
ഒരു വിധത്തിൽ കരയ്ക്കെത്തിയ അയാളുടെ ചുറ്റും ആളുകൾ ഓടിക്കൂടി. ആളുകൾ അയാളെ വഴക്കു പറയാൻ തുടങ്ങി. അതിലൊരാൾ പറയുന്നത് കേട്ടു.
“നീന്തൽ അറിയാവുന്നതുകൊണ്ട് നേട്ടമായി, ഇല്ലേ ഇപ്പോ ശവം ആയേനെ.”
വീട്ടിൽ എത്തിക്കണോ?
ആശുപത്രിയിൽ പോണോ?
ആളുകൾ ഓരോന്ന് ചോദിച്ചു തുടങ്ങി.
“വേണ്ടാ… എനിയ്ക്കു കുഴപ്പമൊന്നുമില്ല, വണ്ടിയുണ്ട്.. ഞാൻ തനിയെ പൊയ്ക്കോളാം.” അയാൾ പതിയെ നടന്നു വണ്ടിയിൽ കയറി.
തനിക്ക് ലൈസൻസ് ഒക്കെ ഉണ്ടോടോ?
പോലീസുകാരൻ വിളിച്ചു ചോദിച്ചു..?
“ഉണ്ട് സാർ.”

“ഇനിയും ഇത്തരം സാഹസത്തിനൊന്നും മുതിരണ്ട.. വേഗം വീട് പറ്റാൻ നോക്ക്..”
പോലീസുകാരൻ അയാളുടെ നമ്പർ എഴുതി വാങ്ങി അയാളെ പറഞ്ഞു വിട്ടു.
അയാൾ പതിയെ വണ്ടി മുന്നോട്ട് എടുത്തു. അയാളുടെ മനസ്സാകെ മരവിച്ചു പോയിരുന്നു. വീട്ടിലോട്ടു പോകണമെന്നുതന്നെ ഇല്ലായിരുന്നു. മരിക്കാൻപോലും പറ്റുന്നില്ലല്ലോ, എന്നൊരു ചിന്തയായിരുന്നു അയാൾക്ക്.
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലമായപ്പോൾ അവിടെ വണ്ടി നിർത്തി അയാൾ കുറച്ചുനേരം അത് നോക്കിനിന്നു. ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട ഒരു പെൺകുട്ടി അവിടെനിന്നു കരയുന്നത് കണ്ടു. ഒന്നിലേറെ തവണയായി അവളതിന് ശ്രമിക്കുന്നു, ഇത്തവണയും പരാജയപ്പെട്ടു.

“സാരമില്ല മോളേ, നന്നായി പ്രാക്ടീസ് ചെയ്യ്.” അടുത്തപ്രാവശ്യം കിട്ടും അവളെ ആരോ ആശ്വസിപ്പിക്കുന്നത് കേട്ടു. അന്നത്തെ ടെസ്റ്റിൽ മിക്കവരും പരാജയപ്പെട്ടിരുന്നു.
“ചെറുപ്പത്തിലേ തന്നെ ഡ്രൈവിങ് ലൈസൻസ് എടുത്തത് നേട്ടമായി എന്നയാൾക്ക് തോന്നി.”
കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു.
അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. അയാള് പേഴ്സ് തുറന്നുനോക്കി. പേഴ്സിനുള്ളിൽ പൈസയൊന്നും ഇരിപ്പില്ല, കാർഡ് മാത്രമേ ഒള്ളു.
അയാൾ അടുത്തുകണ്ട എ റ്റി എം ൽ കയറി. അകത്ത് ആളുണ്ട്, പ്രായംചെന്ന ഒരു മനുഷ്യൻ അകത്ത് ക്യാഷ് എടുക്കാൻ ശ്രമിക്കുന്നു. കുറെ സമയം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതുകൊണ്ട് അയാൾ അകത്തേക്ക് കയറി.

എന്താ.. എന്തു പറ്റി? ഞാൻ സഹായിക്കണോ.
“വേണം മോനെ.”കുറെ നേരമായി നോക്കുന്നു.! പൈസാ എടുക്കാൻ പറ്റുന്നില്ല.
അയാൾ കാർഡ് മേടിച്ച് ക്യാഷ് എടുക്കാൻ ഇട്ടു.
ചേട്ടാ പിൻ നമ്പർ എത്രയാ?
അയാൾ നമ്പർ പറഞ്ഞു കൊടുത്തു. ക്യാഷ് എടുത്ത് കയ്യില് കൊടുക്കുമ്പോൾ അയാൾ പറഞ്ഞു. ചേട്ടാ പിൻ നമ്പരൊന്നും ആർക്കും പറഞ്ഞു കൊടുക്കരുത് കേട്ടൊ?
അതിന് ഇത് കിട്ടിയിട്ട് ആർക്ക് എന്ത് പ്രയോജനം മോനെ.?
“ഇതിൽ എൻ്റെ പെൻഷൻ കാശ് മാത്രേ വരൂ, അത് വന്നയുടനെ ഞാൻ എടുക്കും. അത് എടുത്ത് കഴിഞ്ഞാൽപിന്നെ അതിലൊന്നും ഇല്ല.”
ചേട്ടൻ്റെ വീട്ടില് വേറേയാരും ഇല്ലേ?
“ഉണ്ട് മോനെ.. ഒരു മോനും, ഒരു മോളും ഉണ്ടെനിക്ക്.”

മോളെ ഒരു വിധത്തിൽ കെട്ടിച്ചയച്ചു. മോനെ പറ്റാവുന്നതുപോലെ ഒക്കെയും പഠിപ്പിച്ചു. അവനിതുവരെയും ഒരു ജോലി ആയില്ല മോനെ. പരീക്ഷകൾ ഒക്കെ ഒരുപാട് എഴുതുന്നുണ്ട്.
കിട്ടണ്ടെ.!
ഓരോ തലവര, അല്ലാതെന്ത് പറയാൻ.! നെടുവീർപ്പിട്ടുകൊണ്ട് അയാൾ നടന്നു നീങ്ങുന്നതുനോക്കി അയാൾ നിന്നു.
കാശ് എടുത്ത് അയാൾ പുറത്തിറങ്ങി. വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ അയാൾ ഓർത്തു. ചെറുപ്പത്തിൽതന്നെ പരീക്ഷ എഴുതി തനിക്ക് നല്ലൊരു ജോലി ലഭിച്ചത് വളരെ നേട്ടമായി എന്നയാൾക്ക് തോന്നി.

തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിലയേറിയ നേട്ടങ്ങളൊക്കെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ആ യാത്ര അയാളുടെ പുതിയ ജീവിതത്തിലേക്കുള്ള മടക്കയാത്ര ആയിരുന്നു.

ഷീബ ജോസഫ്

By ivayana