മഞ്ഞുപൊഴിയുന്ന രാവെങ്കിലെന്തു പതിവുപോലെ ഗൗരി പച്ചക്കറിവിൽപ്പന കഴിഞ്ഞെത്തി ബാക്കിവന്ന പച്ചക്കറി വീടിനുമൂലയിലെ ചാക്കിൽ നിരത്തിയിട്ടു. മകളുറക്കമായിട്ടുണ്ട്. അച്ഛനുമമ്മയും കിടന്നു ഉറക്കമായിട്ടില്ലെന്നവൾക്കറിയാം. ഭർത്താവു മുകുന്ദൻ വീല്ചെയറിലിരുന്നു പേപ്പർ കൂടുകൾ ഒട്ടിക്കുന്നുണ്ടായിരുന്നു. മുകുന്ദൻ കൂടുകളൊക്കെ അടുക്കിവച്ചപ്പോഴേക്കും ഗൗരി അടുക്കളയിലേക്ക്‌ കയറി സ്റ്റവ് കത്തിച്ചു കറിചൂടാക്കി റൊട്ടി ഉണ്ടാക്കാൻ തുടങ്ങി. വലിയൊരു പ്ലേറ്റിൽ റൊട്ടിയും കറിയും കുടിക്കാനുള്ള വെള്ളവുമായി മുകുന്ദനോടൊപ്പമിരുന്നു കഴിച്ചു. എന്നും അങ്ങിനെയാണ് അച്ഛനുമമ്മയും മകളും നേരത്തെ ആഹാരം കഴിച്ചുകിടക്കും.രണ്ടാളും കലപില സംസാരിക്കുന്നുണ്ടായിരുന്നു.

കഴിച്ചുകഴിഞ്ഞു അടുക്കളയൊതുക്കിവച്ചിട്ടു വന്നു മുകുന്ദന്റെ വീൽചെയറുരുട്ടി രണ്ടാളും പുറത്തേക്കുപോയി. റോഡിലൂടെ തട്ടുകടക്കാരോടും ഫ്രൂട്ട്സ് വില്ക്കുന്നവരോടും വർത്തമാനം പറഞ്ഞു നടന്നു രണ്ടാളും റെയിൽവേ സ്റ്റേഷനിൽ എത്തി. സിമെന്റ് ബെഞ്ചിൽ ഗൗരിയിരുന്നു. ഓർമ്മകളും നാട്ടുവർത്തമാനങ്ങളും പങ്കുവച്ചു. പത്തുരൂപക്കു കടലമേടിച്ചു കൊറിച്ചു. ‘നിനക്ക് ഈ ജീവിതം ബോറടിക്കുന്നുണ്ടോ’ എന്നവൻ എത്രയോവട്ടം അവളോട് ചോദിച്ചിരുന്നു. ബോറടിക്കുമ്പോൾ ഞാൻ പറയാമെന്നു അവളതിനെ ചിരിച്ചു തള്ളി.
ഞാനൊരുദിവസം പാഞ്ഞുവരുന്ന ട്രെനിനുമുന്നിലേക്കു ചാടി ജീവിതം അവസാനിപ്പിച്ചാൽ നീ രക്ഷപ്പെടുമെന്ന അവന്റെ ആത്മഗതത്തെ നെറുകയില് സിന്ദൂരവും പൊട്ടും താലിയുമൊക്കെ അണിഞ്ഞ എന്നെ കാണാൻ നല്ലഭംഗിയില്ലേ നമ്മളാ ആക്സിഡന്റിനു മുന്നേ എത്രമേൽ സന്തോഷിച്ചു ഏതവസ്ഥയിലും നമ്മളായിരിക്കാം നമുക്കെന്നവൾ അവനെ തിരുത്തി.

നിങ്ങളുള്ളപ്പോൾ ഞാൻ അനുഭവിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ചു നിങ്ങൾക്കോർക്കാൻ കൂടെ കഴിയുമോ. ആക്സിഡന്റ് ആയി കോമയിൽ നിങ്ങൾ കിടന്ന ദിവസങ്ങളിൽ ഈ താലി മുറുകെ പിടിച്ചു ഒരുതുള്ളിവെള്ളം പോലുമിറക്കാതെ ഇരുന്ന ആ മൂന്നുദിവസങ്ങൾ. അബോധാവസ്ഥയിൽ നിന്നുണരുമ്പോൾ നിങ്ങളുടെ കണ്ണുനീർ നിറഞ്ഞ നോട്ടംകൊണ്ട് ഒരു ജന്മം തിരിച്ചു കിട്ടിയതാണ്. ഏതവസ്ഥയിലും നിങ്ങളെ എനിക്ക് തിരിച്ചുവേണം എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. മതി ഇത്രേം മതി അച്ഛനമ്മമാരുടെ കണ്ണുനീരില്ലാതെ ന്റെ നെറ്റിയിലെ സിന്ദൂരം മായാതെ മകൾക്കു അച്ഛനെന്നു വിളിക്കാൻ ഒരിറ്റു ജീവൻ മാത്രം മതിയെന്നേ അന്ന് പ്രാർത്ഥിച്ചുള്ളു. അതെനിക്ക് കിട്ടി. സന്തോഷത്തോടെയാണ് ഞാനീ ജോലിചെയ്യുന്നത് മകളെ വളർത്തുന്നത് അച്ഛൻ ഈ പ്രായത്തിലും റിക്ഷ ചവുട്ടി സമ്പാദിക്കുന്നത് നമുക്കുവേണ്ടിയാണ്.

എല്ലാരാവുകളിലും നമ്മളിങ്ങനെ കറങ്ങാനിറങ്ങുന്നത് നിങ്ങളെ ഒന്ന് പുറത്തുകൊണ്ടുപോകാനാണ്. പൊട്ടുകൾ സൈസ് ചെയ്യാനും പാക്ക്‌ചെയ്യാനും പേപ്പർകൂടുകൾ ഉണ്ടാക്കാനും ഞാൻ പഠിപ്പിച്ചത് നിങ്ങള്ക്ക് ബോറടിക്കാതെ ഇത്തിരി വരുമാനത്തിലും നിങ്ങൾ തലയുയർത്തി ഇരിക്കാനാണ്. പത്തുരൂപ നിങ്ങൾ മകൾക്കുകൊടുക്കുമ്പോൾ ഞാൻ അധ്വാനിച്ചതെന്നു തോന്നാൻ വേണ്ടിയാണ്. നമുക്കീ ജീവിതം നന്നായിത്തന്നെ ജീവിക്കണം ഉള്ളതുകൊണ്ട് പറ്റുന്നപോലെ അദ്ധ്വാനിച്ചു മകളെ വളർത്തി പഠിപ്പിച്ചു അച്ഛനേയുംഅമ്മയെയും നോക്കി ഒരുപാട് സ്നേഹത്തോടെ മറ്റുള്ളവർക്ക് അസൂയ തോന്നുംപോലെ അപ്പോൾ അവനരക്കു താഴേക്കു തളർന്ന ഒരുത്തനാണെന്നു മറ്റുള്ളവർ ഓർക്കാതെ പോകണം. …

എത്ര മനോഹരമായാണ് സ്കൂൾപടി കണ്ടിട്ടില്ലാത്ത ഒരു ഇരുപത്തെട്ടുകാരി ഒരു കുടുംബത്തെ സ്നേഹത്തിന്റെ, കരുതലിന്റെ, നൂലിൽ കോർത്തിട്ടു സ്വന്തമായൊരാകാശത്തിൽ പറന്നുനടക്കുന്നത്. എല്ലാവർക്കും സ്വന്തമായൊരു ആകാശമുണ്ട്. പറക്കാനുള്ള മനസ്സുണ്ടായാൽ മതി ചിറകുകൾ താനെ മുളക്കും കൂടെ കുറച്ചേറെ സ്നേഹവും. 😍

By ivayana

Leave a Reply

Your email address will not be published. Required fields are marked *