കോടമഞ്ഞ് മലയിറങ്ങി പൊക്കാടം പെട്ടിയിലെ ഏലത്തോട്ടങ്ങളിൽ നനവ് പടർത്തുന്ന നേരമായിരിക്കുന്നു. ഏലക്കാടുകളിൽ പെണ്ണുങ്ങളുടെ അടക്കം പറച്ചിലുകൾ നിലച്ച് അടുക്കളയിൽ തീയെരിഞ്ഞു തുടങ്ങി. ഇലകൾ തണുപ്പ് തുള്ളികൾ ഇറ്റിച്ചു നിന്നു. പാറമടയിലെ വെടി തീർന്ന്, കരിങ്കല്ല് കയറ്റിയ ലോറികളുടെ മുരൾച്ചയടങ്ങിയാൽ പിന്നെ പൊക്കാടം പെട്ടി ഒരു ശവപ്പറമ്പാണ്.

ഇരുട്ടു വീണാൽ കരിങ്കല്ല് തലയ്ക്ക് താങ്ങിയ ചളുക്കം മാറ്റാൻ ആനന്ദൻ കുന്ന് കയറും. കൂട്ടിന് ചിമിട്ടനെയും കൂട്ടും, അവന്റെ പട്ടി. കുന്നിന് മുകളിൽ പോയി ഏലം ചേർത്ത് വാറ്റിയത് പച്ചയ്ക്ക് കഴിച്ച്, ഒരെണ്ണം വലിച്ച് ആനന്ദനവിടെ മാനത്ത് നോക്കി കിടക്കും. മേഘങ്ങളുടെ ചിത്രം വരയും, നക്ഷത്രങ്ങളുടെ പാച്ചിലും കണ്ട്. ഇടയ്ക്ക് ചിമിട്ടന്റെ വായിലും കുപ്പി കമത്തും. ആനന്ദനെപ്പറ്റി ചേർന്ന് ചിമിട്ടനും കിടക്കും. ഇതൊരു പതിവാണ്, അത്താഴ സമയമാകുമ്പോൾ അവർ കുന്നിറങ്ങി വീട്ടിലെത്തും.
വർഷത്തിൽ സാധാരണ ഒരു തവണയാണ് പൊക്കാടം പെട്ടിയിലെ മനുഷ്യർക്ക് ഇളക്കം തട്ടുന്നത്. മറുത കാവിലെ ഉത്സവത്തിന്. ഇത്തവണ അത് രണ്ടായി. ഉത്സവവും, തിരഞ്ഞെടുപ്പും. രണ്ടും ഏതാണ്ട് ഒരുപോലെയാണ്, നിലയ്ക്കാത്ത ശബ്ദവും, ചോരയും.
ഇക്കുറി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്മേളനത്തിന് കൊഴുപ്പ് കൂടുതലാണ്.പരമേശ്വരന്റെ എസ്റ്റേറ്റിൽ മറ്റു നേതാക്കന്മാർക്ക് യഥേഷ്ടം മദ്യവും, വെടിയിറച്ചിയും, പെണ്ണും, പണവും ഒഴുക്കി.

“ഈവെട്ടം ഭരണം കൈവിട്ടു പോകരുത്. ഡൈനാമിറ്റ് വെച്ച് പൊട്ടിക്കണം എല്ലാം. ഇറക്കിയതിന്റെ നൂറ് ഇരട്ടി തിരിച്ചു കേറും.” അയാൾ കൂട്ടാളികളോട് പറഞ്ഞു. പരമേശ്വരൻ കാശുകാരനാണ്, പാർട്ടിക്കാരനും. പണവും, പദവിയും.
“ഇന്ന് നക്ഷത്രം കുറവാണല്ലോടാ ചിമിട്ടാ… ഈ പ്രാവശ്യം മറുത ആരുടെ ജീവനെടുക്കുമോ എന്തോ,” ആനന്ദൻ കത്തിച്ചത് വലിച്ചെടുത്തോണ്ട് പറഞ്ഞു.
അയാളുടെ കൈ അവന്റെ നനുത്ത രോമം ലക്ഷ്യമാക്കി നീങ്ങി. ചിമിട്ടൻ അടുത്തില്ല.
“ചിമിട്ടാ… ചിമിട്ടാ… നീയെവിടെ പോയടാ…” ആനന്ദൻ ചിമിട്ടനെ തപ്പി കുന്നിറങ്ങി.
കുന്നിറങ്ങി വീടിന് മുന്നിലെത്തിയപ്പോൾ അവന്റെ അമ്മ ചോദിച്ചു, “അങ്ങോട്ട് എവിടെ പോന്നെടാ.”

“ചിമിട്ടൻ എവിടാണ്ട് ഓടിപ്പോയി, അവനെ നോക്കിയിട്ട് വരാം,” ആനന്ദൻ പറഞ്ഞു.
“അവനിങ്ങ് വരും, നീ വല്ലോം വന്ന് കഴിക്ക്.”
“അമ്മയെടുത്തുവെക്ക്, ഞാൻ അവനെ കൊണ്ടു വരാം. ചിമിട്ടാ.. ചിമിട്ടാ..” അയാൾ ഉച്ചത്തിൽ വിളിച്ചു കൊണ്ട് നടന്നു. നനഞ്ഞ മണ്ണിൽ ചിമിട്ടന്റെ കാൽപ്പാടുകൾ കാട്ടിലേക്ക് നീണ്ടിരുന്നു. ആനന്ദൻ അതിനെ പിന്തുടർന്നു.
പാർവണം പൂത്ത് നിന്നു. ഏലക്കാടിന്റെ നടുവിൽ നാല് പേര്. നിലാവിന്റെ വെള്ളിയിൽ എല്ലാവരെയും ആനന്ദന് കാണാം.

തമ്പിയുടെ നെഞ്ചുനോക്കി വെട്ടി തിളങ്ങുന്ന മൂർച്ചയുള്ളയൊരു കാർബൺ സ്റ്റീൽ. അത് ക്ലീറ്റസിന്റെ കയ്യിലാണ്. കൂടെ കൊച്ചാപ്പിയും, അനിലനും.
തമ്പി കമ്മറ്റിയുടെ കൊടുവാളായിരുന്നു. എതിർ പാർട്ടിക്കാരന്റെ കൊടി കീറുന്നത് മുതൽ വെടി തീർക്കുന്നത് വരെയുള്ള സകല കാര്യങ്ങൾക്കും തമ്പിയും നിന്നു. എന്നാൽ കാലം തമ്പിയുടെ നാവിന്റെ എല്ലൂരി. ലഹരിയുടെ പുറത്ത് പഴയ വീരസ്യങ്ങൾ വിളമ്പാൻ തുടങ്ങി. കമ്മറ്റി തീർത്ത പലരുടെയും പേരുകൾ അയാളുടെ ഓർമ്മ കവട്ടി.
“ക്ലീറ്റസേ… ഞാൻ… ഞാനൊന്നും… അറിഞ്ഞോണ്ടല്ലടാ… രണ്ടെണ്ണം അടിച്ചേന്റെ പുറത്ത് പറഞ്ഞുപോന്നതാടാ… നിനക്കൊക്കെ എന്നെ അറിയാവുന്നതല്ലേടാ…” തമ്പിയുടെ തൊണ്ട ഇടറി.

ക്ലീറ്റസ് തമ്പിയുടെ മുഖത്തെ രോമങ്ങളിൽ സ്റ്റീല് പോറിക്കൊണ്ട് പറഞ്ഞു, “ഇങ്ങനെ ഓരോന്ന് വിളിച്ചു പറഞ്ഞോണ്ട് നടന്നാ നമുക്ക് എല്ലാർക്കും കുഴപ്പല്ലേടാ..”
കൊച്ചാപ്പി കാർക്കിച്ചു തുപ്പി.
അനിലൻ തമ്പിയുടെ മുഖത്ത് ആഞ്ഞടിച്ചു. ആ ശബ്ദത്തിൽ ചീവീടുകൾ ഉറക്കെ കരഞ്ഞു. “നീയെന്തിനാടാ കമ്മറ്റിയോഫീസിൽ വന്ന് ബഹളം വച്ചത്. പരമേശ്വരൻ ചേട്ടന്റെ മുന്നീ നിന്ന് ഓരിയിടുന്നോടാ… പണ്ട് തീർത്ത കണക്കിന്റെ പങ്കു വേണോടാ നിനക്ക് നാറി കഴുവേറി.”

അയാളുടെ വായിൽ നിന്ന് ചോരയിറ്റി മണ്ണിന് കടും നിറം നൽകി.
തമ്പി കെഞ്ചി, “എന്റെ കൊച്ചിന്റെ കല്യാണവല്ലേടാ… എനിക്ക് പൈസ വേണ്ടേ…”
കൊച്ചാപ്പി പറഞ്ഞു, “നീ പേടിക്കണ്ട, നിന്റെ കൊച്ചിന്റെ കല്യാണമൊക്കെ പാർട്ടി നടത്തും. നിന്നെ കൊന്നിട്ട് മറ്റവന്മാരുടെ തലക്ക് വച്ചുകൊടുത്ത് തീപ്പന്തം ജാഥയും നടത്തും.”

തമ്പിയുടെ കണ്ണ് നിറഞ്ഞൊഴുകി. വാവിട്ട് അയാൾ കരഞ്ഞു, “എന്റെ മോളുടെ കല്യാണം ഒന്ന് കാണട്ടെടാ, അതുവരെ ബാക്കി വെക്കടാ… ക്ലീറ്റസേ ഒന്നു പറയടാ, നമ്മളെല്ലാം ഒരുമിച്ചല്ലായിരുന്നോ ഇത്രയും കാലം.”
ക്ലീറ്റസിന്റെ തള്ളവിരലിൽ നീട്ടി വളർത്തിയിരുന്ന നഖം തമ്പിയുടെ കവിൾ തുളച്ചിറങ്ങി. “കമ്മറ്റി ഒരു തീരുമാനമെടുത്താ അതീന്ന് മാറുവോടാ, നിനക്കത് ഓതി തരണോടാ തമ്പീ… ഓത്ത് പാട്ട്.”
തമ്പി വേദനകൊണ്ട് പുളഞ്ഞു.

“കിടന്നു പെടക്കാതെടാ പുല്ലേ.” ക്ലീറ്റസ് കത്തി അവന്റെ കഴുത്തിൽ കുത്തിയിറക്കി. എന്നിട്ട് തമ്പിയെ പൊക്കി പൊട്ടക്കിണറ്റിൽ ഇട്ടു. കയ്യിൽ കരുതിയിരുന്ന കണ്ണാസിൽ ഉള്ള പെട്രോൾ അനിലൻ പൊട്ടക്കിണറ്റിൽ ഒഴിച്ചു. താഴെ ചിതറി കിടന്നിരുന്ന കല്യാണകുറിയെടുത്ത് തീ കൊളുത്തി കൊച്ചാപ്പി പൊട്ട കുഴിയിലേക്ക് ഇട്ടു. കിണറ്റിൽ കിടന്ന് തമ്പി കത്തി.

ഏലത്തിന്റെയും, കത്തുന്ന പച്ച മാംസത്തിന്റെയും ഗന്ധം ഒരുമിച്ചുകൂടി.
മരത്തിന് മറ പിടിച്ച് ഇതെല്ലാം കണ്ടുനിന്ന ആനന്ദന്റെ കാലിൽ എന്തോ തട്ടി. “ആ…” അറിയാതെ അയാൾ നിലവിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ചിമിട്ടൻ. ചിമിട്ടന്റെ വാപൊത്തിപ്പിടിച്ച് അവനെ വാരിയെടുത്ത് ഏലക്കാടിറങ്ങി അയാൾ ഓടി. മറുത കാവിൽ ചെണ്ടയുടെ താളം മുറുകുന്നത് കോളാമ്പിയിൽ കൂടി ഉച്ചത്തിൽ കേൾക്കാം. ആനന്ദന്റെ ശ്വാസം അതിലും വേഗത്തിൽ മുറുകി.

പിറ്റേന്ന് പാർട്ടി ഓഫീസിന് താഴെ ആളും, ബഹളവും തുടങ്ങിയിരുന്നു. സമ്മേളനത്തിന് മുന്നോടിയായുള്ള ആരവം. അവർ കൊടികളും, തോരണങ്ങളും നിരത്തുന്നു. കൂട്ടത്തിൽ ഒരാൾ ചോദിച്ചു, “തമ്പിയെ കണ്ടില്ലല്ലോ”.
കൊച്ചാപ്പി മറുപടി പറഞ്ഞു, “അവനെവിടെപ്പോവാൻ? വല്ല പെണ്ണുങ്ങടേം വിയർപ്പ് നക്കി ഇരിപ്പോണ്ടാരിക്കും എവിടെയെങ്കിലും, അവന്റെയൊരു കാര്യം.” കൂടിനിന്നവർ അത് കേട്ട് ചിരിച്ചു.

ആനന്ദൻ പണിക്കു പോകുന്ന വഴി അവരെ കണ്ടു. ഒന്നും സംഭവിക്കാത്തപോലെ അവർ മൂന്നുപേരും ചിരിച്ചു വർത്തമാനം പറഞ്ഞു നിൽക്കുന്നു. ഭയംകൊണ്ട് അയാളുടെ കയ്യും, കാലും വിറച്ചു. അവർക്ക് മുഖം കൊടുക്കാതെ തലകുനിച്ച് അയാൾ വേഗത്തിൽ നടന്നു.
“ടാ ആനന്ദാ..” അനിലൻ ആനന്ദനെ വിളിച്ചു നിർത്തി. “ഇങ്ങോട്ട് വാടാ”.
ആനന്ദന്റെ നെഞ്ച് പാറ പൊട്ടി ചിതറുന്നത് പോലെ ചിതറി. ഇന്നലെ അവരെന്നെ കണ്ടോ? കൂടുതൽ ചിന്തിക്കാനുള്ള ശേഷി അയാൾക്കില്ലായിരുന്നു. ഉള്ളം കൈ വിയർത്തൊഴുകി, വിറച്ചുവിറച്ച് അവരുടെ അടുത്ത് അയാൾ എത്തി.
“നിന്നെ പരമേശ്വരൻ ചേട്ടൻ വിളിക്കുന്നു. അകത്തോട്ട് ചെല്ല്,” ക്ലീറ്റസ് പറഞ്ഞു.
കമ്മിറ്റി ഓഫീസിനുള്ളിലേക്ക് ആനന്ദൻ കയറിച്ചെന്നു. കസേരയിൽ ഇരുന്ന് മീശ തടവി ആനന്ദനെ നോക്കിക്കൊണ്ട് പരമേശ്വരൻ പറഞ്ഞു, “എന്താ ആനന്ദാ, ക്വാറിയിലേക്ക് പോകുന്ന വഴിയായിരുന്നു അല്ലേ?”
ആനന്ദൻ ഒന്നും മിണ്ടിയില്ല, തല കുനിച്ച് നിന്നു.

“നമ്മുടെ സമ്മേളനമാണ് മറ്റന്നാൾ… ഒരു പാർട്ടിയിലും ഇല്ലാതെ നടന്നാൽ എന്തേലും ആവശ്യം വന്നാ ആരേലും കാണുവോ ആനന്ദാ… ആനന്ദൻ കേൾക്കുന്നുണ്ടോ.”
അയാൾ തല ചെറുതായി ഉയർത്തി പറഞ്ഞു, “ശരിയാ.”
പരമേശ്വരൻ ഒരു സിഗരറ്റ് കത്തിച്ചു വലിച്ച് അവനെ രൂക്ഷമായി നോക്കിക്കൊണ്ട് തുടർന്നു, “നീ ഞങ്ങടെ കൂടെ നിക്ക്. നിനക്ക് എന്ത് ആവശ്യം വന്നാലും നമ്മളുണ്ടല്ലോ… അല്ലാ, നീ പാർട്ടിയിൽ ഇല്ലേലും നിന്റെ എന്താവശ്യത്തിനും ഞങ്ങളുണ്ട് കേട്ടോ ആനന്ദാ… ആനന്ദന് കാര്യത്തിന്റെ കനം മനസ്സിലാകുന്നുണ്ടോ…”
അപ്പോഴേക്കും തമ്പിയുടെ ഭാര്യ കമ്മറ്റി ഓഫീസിനുള്ളിലേക്ക് കടന്നു വന്നു. അവരുടെ കൈകൾ നരച്ച സാരിത്തുമ്പ് പിരിച്ചുനിന്നു.”കൊച്ചിന്റെ കല്യാണവാ.. അങ്ങേരെ കാണാനുമില്ല. എനിക്കെന്തോ ആധികേറുന്ന്. തമ്പി ചേട്ടൻ ഇങ്ങോട്ട് എങ്ങാനും വന്നോ..”

പരമേശ്വരൻ മറുപടി പറഞ്ഞു, “സമാധാനിക്ക് ലേഖേ.. തമ്പി എവിടെ പോകാനാ? വല്ല പൈസ കാര്യത്തിനും പോയതായിരിക്കും.”
ലേഖ നിന്ന് വിതുമ്പി. കണ്ണുനീർ നരച്ച സാരിത്തുമ്പ് നനച്ചു. “മറുത എങ്ങാനും അങ്ങേരുടെ ജീവനെടുത്തോന്നാ… എനിക്ക് വയ്യാ..”
പരമേശ്വരൻ ചിരിച്ചു. “ഹാ… മറുതയ്ക്ക് എന്തിനാ അവന്റെ ജീവൻ പുഴുങ്ങി തിന്നാനോ… അന്ധവിശ്വാസമല്ലേ അതൊക്കെ.”
പരമേശ്വരൻ ആനന്ദന്റെ നേരെ നോക്കി തുടർന്നു, “ആനന്ദൻ പൊക്കോ, മറ്റന്നാൾ സമ്മേളനം മറക്കണ്ട.”
ആനന്ദൻ പതിയെ തലയാട്ടി തിരിഞ്ഞു നടന്നു. പരമേശ്വരൻ പറയുന്നത് അയാൾക്ക് കേൾക്കാം.

“അവൻ നമ്മുടെ ആളല്ലേ.. അവൻ എവിടെയുണ്ടെങ്കിലും ഞങ്ങള് കൊണ്ടുവരില്ലേ..? ലേഖ എന്തിനാ പേടിക്കുന്നേ.”
പതിവുപോലെ അയാൾ കുന്നുകയറാൻ പോയില്ല. ടിവിയിൽ പരസ്യങ്ങൾ മിന്നിമായുന്നു. ആനന്ദന്റെ കണ്ണുകൾ നിശ്ചലമായി നിന്നു.
“ഈ ഇരിപ്പ് പതിവില്ലാത്തതാണല്ലോ… നിന്നെയാ ചിമിട്ടൻ അവിടെ കിടന്നു വിളിക്കുന്നേ..” അമ്മ അവനെ ഉണർത്തി.
ആനന്ദൻ ചിമിട്ടന്റെ അടുത്തേക്ക് ചെന്ന് അവന്റെ തലയിൽ തലോടികൊണ്ട് പതിയെ പറഞ്ഞു,
“മറുതയല്ലെടാ ജീവനെടുക്കുന്നേ, മനുഷ്യരാ. അടുത്തത് ഞാനാണോടാ…”

ജി ബാലചന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *