രചന : കാവല്ലൂർ മുരളീധരൻ ✍️.
ആർക്കുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യം ജീവിതത്തിൽ പകുതിവഴി കഴിയുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിത്തുടങ്ങും.
അതൊരു കുറ്റമാണോന്ന് ചോദിച്ചാൽ അല്ലെന്നും ആണെന്നും പറയാം. ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടംപോലെ ജീവിക്കാൻ അവകാശമുണ്ട്.
കുറ്റങ്ങളും കുറവുകളും സ്വയം കണ്ടെത്തി ചികിൽസിക്കുന്നത് തെറ്റാണെന്ന വാദം, എല്ലാ രോഗങ്ങൾക്കും പരാസിറ്റാമോൾ കഴിക്കുന്നതുപോലെ നാം ആചാരമായി കൊണ്ട് നടക്കാറുമുണ്ട്.
ഒറ്റപ്പെടുക എന്ന അവസ്ഥയിൽ നിന്ന് പതുക്കെപ്പതുക്കെ പുറത്തു കടക്കാനാവുമോ എന്നയാൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ആരോ പറഞ്ഞു, ഒരു കാമുകിയുണ്ടെങ്കിൽ നല്ലതാണത്രേ! ഒരാളെയും കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് അയാളുടെ പരാജയമായി ആഘോഷിക്കുന്നു.
വിജയങ്ങൾ ആഘോഷിക്കാൻ ഇല്ലാത്തവൻ പരാജയങ്ങൾ ആഘോഷിക്കാൻ പഠിക്കേണ്ടതാണ് എന്നതാണ് അയാളുടെ അഭിപ്രായം. അഭിപ്രായം മാത്രമല്ല, അതയാൾ നടപ്പിലാക്കികൊണ്ടിരിക്കുകയും ആണ്.
ജീവിതത്തിലെ എല്ലാ അവസ്ഥകളും ആ നിമിഷത്തേക്ക് ഉള്ളതാണ്. കുറച്ചു കഴിഞ്ഞാൽ മാറിയേക്കാവുന്ന അവസ്ഥ. എന്നിട്ടും, അഹം നമ്മുടെ ജീവിതത്തെ അവിടെത്തന്നെ കെട്ടിയിടുന്നു. ആ കെട്ടുകളിൽ മുറുകി, ഉരുകിത്തീരാനാണ് നമ്മുടെ വിധിയെന്ന് സമാധാനിക്കുന്നു.
ജീവിതത്തിലെ പല പ്രശ്നങ്ങളും നാംതന്നെ സൃഷ്ടിക്കുന്നതാണെന്നു തിരിച്ചറിഞ്ഞും അതിൽത്തന്നെ മുഴുകാനാണ് നമുക്കിഷ്ടം.
സമാധാനമായി ജീവിക്കുക എന്നത് ആർക്കും ആവശ്യമില്ലാത്ത ഒരു ചിന്തയായി തീർന്നോ? ആവശ്യമില്ലാത്ത ഒരായിരം പ്രശ്നങ്ങളിൽ തലവെച്ചു, ഉറങ്ങാതിരുന്ന് അതിനുള്ള ഉത്തരങ്ങൾ, പരിഹാരങ്ങൾ കണ്ടെത്തുക എന്നതായിരിക്കുന്നു നമ്മുടെ പുതിയ ജീവിത മാനദണ്ഡങ്ങൾ.
അവരെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവരെ ആശയക്കുഴപ്പത്തിലാക്കുക; എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിൽ നടപ്പിലാക്കി ഊർജ്ജം പാഴാക്കുന്നവരാണ് നാം.
നിനക്ക് കുറെ പ്രശ്നങ്ങൾ ഉണ്ട്, ഒരിക്കൽ സുഹൃത്ത് പറഞ്ഞു.
ഉണ്ട്, ഞാനേ പ്രശ്നമാണ്. അനാവശ്യമായി കുരുക്കുകൾ ഉണ്ടാക്കുകയും, പിന്നെ അത് അഴിക്കാൻ അറിയാതെ ഉഴറുകയും ചെയ്യുന്നവൻ. എന്റെ ചിന്തകൾ ചെന്ന് നിൽക്കുക, ഞാൻ എന്തിന് ഇത്തരം കുരുക്കുകൾ സൃഷ്ടിച്ചു എന്നതിലാണ്.
നിരന്തരമായി ഇങ്ങനെ നിങ്ങളുടെയൊക്കെ ജീവിതങ്ങളെ അലോസരപ്പെടുത്തുന്ന എന്നെ, നേരത്തെത്തന്നെ മാറ്റി നിർത്തിയിരിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടതാണ്.
നിങ്ങൾ കേട്ടില്ല, കേട്ടെങ്കിലും, ബധിരർ എന്ന് നടിച്ചു. മനുഷ്യർ അങ്ങനെയാണ്, നിസംഗതയാണ് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെയൊക്കെ മുഖമുദ്ര.
ഒന്നും ഓർത്തെടുക്കാനും, ചേർത്തുനിർത്താനും കഴിയാത്തത്ര ഓരോരുത്തരും അവരവരുടെ ജീവിത യാത്രകളിൽ തിരക്കിലാണ്. അടുത്ത് നിൽക്കുമ്പോൾ പോലും, നമുക്കിടയിലെ അകലങ്ങൾ നാം തിരിച്ചറിയുന്നുണ്ട്.
നമുക്ക് നമ്മെത്തന്നെ സത്യസന്ധമായി സമീപിക്കാനാവുന്നില്ല.
സ്വയം വഞ്ചിതരായി നാം നമ്മുടെ ജീവിതങ്ങളിൽ എന്തൊക്കെയോ നേടിയെടുത്തു എന്ന് ഉദ്ഘോഷിക്കുകയാണ്. സ്വയം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞും, അതിന്റെ ശ്യൂന്യതയിൽ അഭയം തേടുന്ന ജീവിതം.
എന്നാണ് ജീവിതം തിരിച്ചുപിടിക്കാനാവുക എന്ന പരീക്ഷണങ്ങളിൽ ആണ് ഞാനടക്കമുള്ള മനുഷ്യർ. തിരിച്ചെടുക്കുമ്പോഴേക്ക് നാം തളർന്നിരിക്കും, അപ്പോഴേക്കും തെക്കേപ്പുറത്തേക്കെടുക്കാനോ, ശ്മശാനങ്ങളിൽ അഭയം തേടാനോ നമ്മുടെ മനസ്സ് പാകമായിരിക്കും.
വെറുപ്പിനെ വിമലീകരിക്കുന്നതെങ്ങനെ എന്ന ഒരു ഗവേഷണവും സമാന്തരമായി നടക്കുന്നുണ്ട്. അതിന്റെ ആദ്യ ഘട്ടങ്ങളിൽത്തന്നെ അയാൾ കണ്ടെത്തിയത്, വെറുപ്പ് സ്വയം സൃഷ്ടിക്കുന്നതാണ് എന്ന സത്യമാണ്. സത്യങ്ങളെ സ്വീകരിക്കാനാണല്ലോ മനുഷ്യന് കഴിയാത്തത്.
അസത്യങ്ങളിൽ മുഴുകാൻ ഒരു സുഖമാണ്. ഒരു ഉത്തരവാദിത്വവും അതിന് ആവശ്യമില്ല.
മനുഷ്യർ എന്തുകൊണ്ടാണ് മോചനകൾ തേടി നടക്കുന്നത്? അവരവർ തന്നെയല്ലേ ഓരോരുത്തരെയും തളച്ചിട്ടിരിക്കുന്നത്? കാലുകളിലും, കൈകളിലും, മനസ്സിലും, തലച്ചോറിലും നാം കെട്ടിച്ചേർത്ത അദൃശ്യമായ കനത്ത ചങ്ങലകളുടെ കിലുക്കങ്ങളാണ് നമ്മുടെ ജീവിതം അലോസരപ്പെടുത്തുന്നത്. അതിനു ഉത്തരവാദികൾ മറ്റുള്ളവരാണെന്ന് വരുത്തിത്തീർക്കാനാണ് നമ്മുടെ ഓരോ ശ്രമങ്ങളും.
മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടി ജീവിക്കാനേ നമുക്കറിയൂ, നമ്മളെ സ്വയം തിരിച്ചറിയാൻ ഒരു കണ്ണാടിയിലും കഴിയാറില്ല, അല്ലെങ്കിൽ കണ്ണാടിയിൽ കാണുന്നത് എന്നെയല്ല എന്ന് സ്ഥാപിക്കാനാണ് നാം ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.
നിങ്ങൾ കാണുന്ന ഞാനല്ല, യഥാർത്ഥ ഞാൻ. ഞാൻ മറ്റെന്തൊക്കെയോ ആണ്. ഇനിയും തിരിച്ചറിയാത്ത ഒരായിരം മഠയത്തരങ്ങളുടെ ആകെത്തുകയാണ് ഞാൻ.
കാരണം, ജീവിതം എപ്പോഴും ഉറപ്പുതരുന്ന ഒരേയൊരു വാഗ്ദാനമേയുള്ളൂ, അത് വേദനയാണ്. ആ വേദനകളിൽ അഭിരമിക്കുന്നതാണ് എനിക്കിഷ്ടമുള്ള ജീവിതം.
