രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️
മൺപാത്രങ്ങൾ പോലെയാണ് ബന്ധങ്ങൾ
അത് രക്തബന്ധങ്ങളായാലും സൗഹൃദങ്ങളായാലും
ഒരിക്കലുടഞ്ഞാൽ
കൂട്ടി ചേർക്കുക
സാദ്ധ്യമല്ല തന്നെ
ധാരാളിത്തങ്ങൾ കോരിക്കൊടുത്താലും……
അത് വിത്തമോ
സ്നേഹമോ
ആത്മാർത്ഥതയോ എന്തായാലും
പകരുന്നതിന് കുറവുഭവിച്ചാൽ
അവിടെയും മൺപാത്രങ്ങളുടയുകയായി
ഉള്ളം തുറന്നുകാട്ടിയാലും
ഉള്ളം തെളിയാതെ
കാളിമ പൂശിയ മുഖവും
അകലം നെയ്യുന്ന മനസ്സും ബാക്കിപത്രങ്ങളാകുമ്പോൾ
ചങ്കു കത്തിച്ചു കാട്ടിയാലും
ആ വെളിച്ചം അവരുടെ
ദൃഷ്ടി പഥങ്ങളിൽ ഗോചരമാകുകയേയില്ലെങ്കിൽ
കരണീയമെന്തെന്നാൽ
വെറുപ്പിൻ്റെ പുസ്തകത്തിൽ
ഒന്നുമെഴുതാനോ എഴുതിയ്ക്കാനോ ശ്രമിയ്ക്കാതിരിക്കുക
ആ പുസ്തകമെന്നും ശൂന്യമായിത്തന്നെ തുടരട്ടെ