രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️
സമസ്തജീവനും സുഖംഭവിച്ചിടാൻ,
നമുക്കൊരുമിച്ചൊന്നുറക്കനെപ്പാടാം
ഒരു പുതുയുഗം പുലർന്നിടുംവരെ,
നിരന്തരം ശ്രുതിപിഴയ്ക്കാതെപാടാം
അഹന്തയറ്റമാനവജന്മങ്ങളായ്
സഹനതയുള്ളിലുറപ്പിച്ചുനിർത്തി,
പരിഭവിച്ചിടാതതിവിനീതമായ്
പരോപകാരംചെയ്തചഞ്ചലംപാടാം
കരളിലായെഴും പ്രണയസൂനങ്ങൾ
നിരുപമഗന്ധം ചൊരിഞ്ഞുനിന്നിടാൻ
മനുഷ്യരക്തത്തിൻ കറപുരളാത്ത
വനിയിലൂടേവം നടന്നുനീങ്ങിടാൻ
ദരിദ്രജന്മങ്ങൾക്കൊരു തെല്ലാശ്വാസം
പരിചൊടങ്ങനെ പരക്കെയേകിടാൻ,
ഇടനെഞ്ചിൽനിന്നും പരിമളസ്നേഹം
ഇടതടവില്ലാ,തുയർന്നുപൊങ്ങിടാൻ
പരൻ്റെ നൊമ്പരമറിയുമുത്തമ
നരനായ് ജീവിതംകരുപ്പിടിപ്പിക്കാൻ
ചിരപുരാതന നിഗമശാസ്ത്രങ്ങൾ
ഗുരുത്വംകൈവിടാതപഗ്രഥിച്ചിടാൻ
ദുരാചാരങ്ങളെത്തകർത്തെറിഞ്ഞിടാൻ
ദുരന്തഭൂമിക്കുർവരതയാർന്നിടാൻ
പകലിരവില്ലാതനുസ്യൂതംനമു-
ക്കകിലുപോലെരിഞ്ഞെരിഞ്ഞു പാടിടാം
സനാതനധർമ്മം പുലർത്തിസദ്രസ-
മനാഥത്വത്തെ സംത്യജിച്ചുപാടിടാം
ജനിമൃതിതത്ത്വപ്പൊരുൾ ചികഞ്ഞാർദ്ര-
മിനിയഭാവന പൊഴിച്ചുപാടിടാം
മതങ്ങൾ,ജാതികൾ മറന്നുമാനവ-
ഹിതങ്ങളെന്തെന്നൊ,ട്ടറിഞ്ഞുപാടിടാം
പുലർന്നിടുംസൂര്യ മഹിതരശ്മിപോൽ,
നലമാർന്നാരെയും പുണർന്നുപാടിടാം
അഖിലവുമൊന്നിൻ പ്രഭാവമെന്നറി-
ഞ്ഞഹിതങ്ങളേതു,മകറ്റിനിർത്തിടാൻ
നിശാന്തസുന്ദര സമസ്യയായ് സ്വയം
കുശാഗ്രചിന്തകൾ വെടിഞ്ഞു പാടിടാം
വിശാലഭാവന തഴച്ചുപൊന്തിടാൻ
അശാന്തികൾ സർവംപൊലിഞ്ഞുപോയിടാൻ
പ്രശാന്തസുന്ദര ദിനങ്ങൾനാമ്പിടാൻ
ഹൃഷീകേശപാദംനമിച്ചുപാടിടാം.
