രചന : ദിവാകരൻ പികെ ✍️
ആമുഖം:
സ്നേഹം ചിലപ്പോൾ ഒരു തടവറയാണ്; പുറത്തുകടക്കാൻ ആഗ്രഹിക്കാത്ത, മനോഹരമായ ഒരു തടവറ. എന്നാൽ ആ തടവറയ്ക്കുള്ളിൽ ത്യാഗത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥകൾ ഒളിഞ്ഞുകിടപ്പുണ്ടാകാം.
പ്രിയപ്പെട്ടവൾക്ക് വേണ്ടി തന്റെ ജീവിതം ബലികൊടുത്ത വിനുവിന്റെയും, വൈകിയാണെങ്കിലും ആ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഹർഷയുടെയും കഥയാണിത്. നിയമത്തിന്റെ ഇരുമ്പഴികളേക്കാൾ അവരെ തളച്ചിട്ടത് അവരുടെ ഉള്ളിലെ കുറ്റബോധവും പ്രണയവുമായിരുന്നു.
നിസ്വാർത്ഥമായ പ്രണയത്തിന്റെയും അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെയും ഈ ആവിഷ്കാരം വായനക്കാരുടെ മനസ്സ് തൊടുമെന്ന് വിശ്വസിക്കുന്നു.
നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു വിനോദൻ എന്ന വിനു. ആ ഗ്രാമത്തിലെ ഏത് ആഘോഷത്തിലും ആപത്തിലും വിനുവിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാൽ അതിലേറെ ഹർഷയ്ക്കായിരുന്നു വിനു പ്രിയപ്പെട്ടവൻ. വർഷങ്ങളായി അവർക്കിടയിലുള്ള പ്രണയം അത്രമേൽ ആഴത്തിലുള്ളതായിരുന്നു. സുന്ദരമായ ഒരു ഭാവി അവർ സ്വപ്നം കണ്ടിരുന്നു.
വിനു വിന് സ്നേഹം കൂടുമ്പോൾ മൂളുന്ന വരികൾ.
“ഓർമ്മതൻ ചങ്ങലക്കെട്ടിലായ് നീറുന്നൊ-
രാത്മഭാവങ്ങൾ തൻ തടവറയിൽ,
സ്നേഹവും മോഹവും വീർപ്പുമുട്ടീടവേ
ബാക്കിയാവുന്നു വെറും നിഴലുകൾ മാത്രം.”
ഹർഷയുടെ വീട്ടുകാർക്ക് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരാൾ മകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, വിനുവിനോട് അവർക്ക് വ്യക്തിപരമായ ഇഷ്ടക്കേടുകൾ ഒന്നുമുണ്ടായിരുന്നില്ല.
എന്നാൽ, ആ സ്വപ്നങ്ങളിലേക്ക് വിഷ്ണു എന്ന വില്ലന്റെ രൂപത്തിൽ ദുരന്തം കടന്നുവന്നു. ഹർഷയോടുള്ള തന്റെ അടങ്ങാത്ത താല്പര്യം വിഷ്ണു നിരന്തരം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഒരു സായാഹ്നത്തിൽ, വിജനമായ ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന ഹർഷയെ വിഷ്ണു തടഞ്ഞുനിർത്തുകയും ബലാൽക്കാരത്തിന് മുതിരുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ വിനുവും വിഷ്ണുവും തമ്മിൽ കടുത്ത സംഘട്ടനമായി. ആ പരിഭ്രാന്തിയിൽ, തന്റെ മാനം രക്ഷിക്കാൻ ഹർഷ അരികിലിരുന്ന ഒരു വലിയ പാറക്കല്ലെടുത്ത് വിഷ്ണുവിന്റെ തലയ്ക്കടിച്ചു. വിഷ്ണു തൽക്ഷണം മരിച്ചു.
ഹർഷയുടെ ജീവിതം നശിച്ചുപോകുമെന്ന് ഭയന്ന വിനു, ആ കൊലക്കുറ്റം സ്വയം ഏറ്റെടുത്തു. ഹർഷ ഇതിലൊന്നും പങ്കാളിയല്ലെന്ന് വരുത്തിത്തീർത്തു. പ്രണയിച്ചവൾക്ക് വേണ്ടി അവൻ ജയിൽ ശിക്ഷ വരിച്ചു. എന്നാൽ കാലം കടന്നുപോയപ്പോൾ, വീട്ടുകാരുടെ നിർബന്ധത്തിനും തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്കും വഴങ്ങി ഹർഷ തന്റെ ഭൂതകാലം മറച്ചുവെച്ചു. വിനു ജയിലിൽ കിടക്കുമ്പോൾ തന്നെ ഹർഷ മറ്റൊരു വിവാഹം കഴിച്ചു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിനുവിനെ കാത്തിരുന്നത് നാട്ടുകാരുടെ വെറുപ്പും ഹർഷയുടെ അവഗണനയുമായിരുന്നു. താൻ കണ്ട സ്വപ്നങ്ങൾക്കെല്ലാം വിപരീതമായി, ഹർഷയ്ക്ക് ഇന്ന് തന്റെ ഭർത്താവും കുഞ്ഞുമടങ്ങുന്ന സ്വർഗ്ഗമാണ് വലുതെന്ന് വിനു തിരിച്ചറിഞ്ഞു. പ്രിയപ്പെട്ടവളിൽ നിന്നുള്ള ആ ഭയവും അവഗണനയും അവന് താങ്ങാവുന്നതിലും അധികമായിരുന്നു. പുറത്തെ ലോകത്തേക്കാൾ അവന് സുരക്ഷിതമായി തോന്നിയത് ജയിലിനുള്ളിലെ ഇരുട്ടായിരുന്നു.
പാലമരച്ചോട്ടിലെ തണുപ്പുള്ള വൈകുന്നേരത്താണ് വിനുവും ഹർഷയും തമ്മിലുള്ള ആ സംഭാഷണം നടക്കുന്നത്. ഹർഷയുടെ ഉള്ളിലെ ഭയം വിനുവിന്റെ സ്നേഹപൂർണ്ണമായ വാക്കുകളിൽ അലിഞ്ഞുപോകുന്ന നിമിഷമായിരുന്നു അത്. കുറച്ചു ദിവസമായി ആരോ പിന്തുടരുന്നതായും വിഷ്ണു എന്നൊരാൾ ശല്യം ചെയ്യുന്നതായും ഹർഷ സൂചിപ്പിച്ചു. എന്നാൽ, വിനു അത് വളരെ ലാഘവത്തോടെ തമാശയാക്കി തള്ളിക്കളഞ്ഞു. ഈ നാട്ടിൽ തന്നെ അറിയാത്തവരായി ആരുമില്ലെന്നും തന്റെ കൂടെയുള്ളപ്പോൾ ആരും ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിച്ചു.
വിനുവിന് അതൊരു ചെറിയ ശല്യം മാത്രമായിരുന്നെങ്കിലും, ഹർഷയെ സംബന്ധിച്ചിടത്തോളം അത് തന്റെ സ്വൈര്യജീവിതത്തിന് മേൽ വീണ ഇരുമ്പഴികളായിരുന്നു. വിനുവിന്റെ വാക്കുകൾ കേട്ട് ഹർഷ പുഞ്ചിരിച്ചെങ്കിലും അവളുടെ ഉള്ളിൽ ആ തടവറയുടെ വാതിലുകൾ അടയുകയായിരുന്നു.
യഥാർത്ഥത്തിൽ ഹർഷയുടെ ഭർത്താവായ പ്രതാപൻ ഒരു വലിയ മാഫിയാ സംഘത്തിന്റെ കണ്ണിയായിരുന്നു. സിനിമയിലും മോഡലിംഗിലും അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന മാഫിയാ ശൃംഖലയുടെ ഭാഗമാണ് പ്രതാപനെന്ന് വിനുവിന് അറിയാമായിരുന്നു. പരോളിൽ നാട്ടിലെത്തിയപ്പോഴാണ് വിനു ഈ സത്യങ്ങൾ മനസ്സിലാക്കുന്നത്. അവൻ ഹർഷയെ താക്കീത് ചെയ്തെങ്കിലും തന്റെ ‘കാണപ്പെട്ട ദൈവം’ ആയ പ്രതാപനെ സംശയിക്കാൻ അവൾ തയ്യാറായില്ല.
“അവൻ ആരെയൊക്കെ ഫോൺ ചെയ്യുന്നു എന്ന് ഇന്നുമുതൽ രഹസ്യമായി നീ നിരീക്ഷിക്കുക,” എന്ന വിനുവിന്റെ നിർദ്ദേശം മനസ്സില്ലാ മനസ്സോടെ ഹർഷ സ്വീകരിച്ചു. ഒരു രാത്രിയിൽ പ്രതാപൻ നടത്തുന്ന ഞെട്ടിക്കുന്ന ഫോൺ സംഭാഷണം അവൾ ഒളിഞ്ഞു കേട്ടു. താൻ പരിചയപ്പെടുത്തി കൊടുത്ത പെൺകുട്ടികളെ ബോംബെയിലെ ചുവന്ന തെരുവുകളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ചും, എതിർക്കുന്നവരെ കൊന്നു തള്ളുന്നതിനെക്കുറിച്ചും പ്രതാപൻ സംസാരിക്കുന്നത് കേട്ടതോടെ ഹർഷയുടെ വിശ്വാസങ്ങൾ തകർന്നു തരിപ്പണമായി.
താൻ ആരാധിച്ച വിഗ്രഹം ഉടഞ്ഞതോടെ ഹർഷയുടെ ഉള്ളിൽ പ്രതികാരം ജ്വലിച്ചു. സ്നേഹം അഭിനയിച്ച് പ്രതാപനെ വധിക്കാൻ അവൾ പ്ലാൻ ചെയ്തു. എന്നാൽ, അവൾ കൊല്ലുന്നതിന് തയ്യാറെടുക്കുന്നഅടുത്ത നിമിഷം കറുത്ത തുണികൊണ്ട് മുഖം മറച്ച ഒരാൾ ജനാലക്കരികെ എത്തി പ്രതാപനെ വധിച്ചു. അത് വിനുവാണെന്ന് അവൾക്ക് ഉറപ്പായിരുന്നു. തനിക്ക് വേണ്ടി വിനു വീണ്ടും ഒരു കുറ്റവാളിയാകുന്നത് സഹിക്കാനാവാതെ, ആ കൊലപാതക കുറ്റം ഹർഷ സ്വയം ഏറ്റെടുത്തു.
പിറ്റേന്ന് രാവിലെ, ചോരയിൽ കുളിച്ചു കിടക്കുന്ന പ്രതാപന്റെ അരികിൽ രക്തം പുരണ്ട കത്തിയുമായി ഒരു ഭ്രാന്തിയെപ്പോലെ ചിരിക്കുന്ന ഹർഷയെയാണ് നാട്ടുകാർ കണ്ടത്. “ഇവനെ ഞാൻ കൊന്നു, എത്രയോ പെണ്ണുങ്ങളുടെ മാനത്തിന് വിലയിട്ടവനാണിവൻ,” എന്ന് വിളിച്ച് പറഞ്ഞ് അവൾ പോലീസ് ജീപ്പിൽ കയറി.
പരോൾ കാലാവധി കഴിഞ്ഞ് വിനു തിരികെ ജയിലിലെത്തി. ദിവസങ്ങൾക്ക് ശേഷം ഹർഷയും അതേ ജയിലിലേക്ക് എത്തപ്പെട്ടു. അവിടെ ജയിൽ മുറ്റത്ത് വെച്ച് ദൂരെ നിന്ന് അവർ പരസ്പരം കണ്ടുമുട്ടി. ആ നിമിഷം, വാക്കുകൾക്ക് അതീതമായ ആത്മബന്ധത്തോടെ അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. സ്നേഹത്തിന്റെ കടം വീട്ടിയ ആ മധുരമുള്ള ചിരിയോടെ കഥഇവിടെ അവസാനിക്കുന്നു.

