രചന : പ്രസീത.കെ ✍️
അമ്മ നഗറിലെ അടഞ്ഞുകിടക്കുന്ന തയ്യൽ കടയുടെ മുന്നിലിരിക്കുകയാണ്.
ഭംഗിയായി തുന്നിയ ബ്ലൗസുകളുടേയും ചുരിദാറിട്ട ഒരു സുന്ദരിയുടേയും ചിത്രമുണ്ട് പുറത്തെ ബോർഡിൽ .
തമിഴ്നാട്ടിലിപ്പോൾ നാട്ടിലേ പോലെ അത്യുഷ്ണമില്ല. എങ്കിലും ഫ്ലാറ്റുകളുടേയും ചെറിയ ഗ്യാരേജുകളുടേയും തൊഴിലാളികളുടെ ലാവണങ്ങളുടേയും കാഴ്ചകളിലേയ്ക്കല്ലാതെ നടന്നെത്തുന്നില്ല..
ഇവിടെയിരുന്നാലും ഫ്ലാറ്റുകളുടെ പിൻവശമല്ലാതെ ദൂരെ കാഴ്ചകളൊന്നുമില്ല.
രണ്ട് ഉങ്ങ് മരങ്ങളുടെ തണലിൽ മുന്നിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും മനുഷ്യരെയും കണ്ട് വെറുതെ ഇരിക്കുന്നു. ‘
നിറയെ കായ്കളുള്ള മുരിങ്ങ മരം, ഇലകൾ തിങ്ങി നിറഞ്ഞ വേപ്പ്, കരിഞ്ഞ കായകളുള്ള പൂമരം, തെങ്ങുകൾ, പലചരക്കുകട , അതിനു മുന്നിലെ സൈക്കിൾ റിക്ഷയിൽ തുക്കിയിട്ട പ്ലാസ്റ്റിക് കുടങ്ങൾ തുടങ്ങി സാധാരണമായ കാഴ്ചകൾ.
തൊട്ടടുത്ത കടമുറിയിൽ പച്ച കോട്ടൻ സാരിയുടുത്ത ഒരു വൃദ്ധ കുറച്ച് ചൂടിക്കയറുകൾക്കടുത്ത് കാൽ നീട്ടി ഇരിക്കുന്നു…
മൂന്നു പൂക്കൾ മാത്രമുള്ള ഒരു വേലിച്ചെടിയുണ്ട് പൊടിയണിഞ്ഞ് ചിരിച്ചു നില്ക്കുന്നു.
ഏറ്റവും ഏകാന്തമായ സമയത്ത് നമ്മെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും കരുതിയിട്ടുണ്ടാവും പ്രകൃതി.
പക്ഷെ എത്ര ശ്രമിച്ചിട്ടും പൊരിവെയിലത്ത് ചിരിച്ചു നില്കുന്ന പാവം വേലിപ്പൂവിന് എന്നെ തൊടാനാവുന്നില്ല.
എന്താണ് എനിക്കിപ്പോൾ വേണ്ടത് !
സ്നേഹത്തോടെ മിണ്ടാൻ ആരാണുള്ളത്.
ആരെയാണ് വിളിക്കുക.
നിരാശയിൽ, വേദനയിൽ , സംഘർഷങ്ങളിൽ , ഒറ്റപ്പെടലിൽ കേട്ടിരിക്കാൻ ആരാണുള്ളത്…
സഹനത്തിൻ്റെ മുനമ്പിൽ നിന്ന് ചാടി ഇല്ലാതാവാൻ തോന്നുന്ന നേരത്ത് ജീവിതമേ എന്ന് വിളിച്ച് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു മുഖം തെളിയുന്നുണ്ടോ!
മനസ്സ് പിറകോട്ടാണ് സഞ്ചരിക്കുന്നത്.
ആ രാത്രി ഉറക്കം വരുന്നുണ്ടായിരുന്നില്ല.
പതിവില്ലാതെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്സുകളിലൂടെ വെറുതെ സഞ്ചരിക്കുമ്പോഴാണ്
അയാളുടെ സങ്കടത്തിൻ്റെ ഇരുട്ടു നിറഞ്ഞ വാചകങ്ങൾ കാണുന്നത്.
ഒരു പുച്ഛമിട്ടു… അപരൻ്റെ വേദനകളോട് ആദ്യം തോന്നുന്ന വികാരമതാണല്ലോ
മറുപടികളെല്ലാം മരണത്തേക്കുറിച്ച് …
വിളിച്ചു നോക്കി.
എടുക്കുന്നില്ല.
സംസാരം നീട്ടാൻ പലതും പറഞ്ഞു. തമാശയും കളിയാക്കലും സ്നേഹവുമൊക്കെ…
ഫോൺ ഓഫ് ചെയ്തിരിക്കുന്നു, പേടി തോന്നി.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ. ഏന്തൊക്കെയോ സങ്കടങ്ങളിൾ പെട്ട് മരണമാഗ്രഹിക്കുന്നു.
അല്ല ജീവിതത്തിൻ്റെ കാരുണ്യം കൊതിക്കുന്നു.
അല്ലെങ്കിലെന്തിനാണ് പാതിരയ്ക്ക് അങ്ങനൊരു കുറിപ്പ്.
ആരും മരിക്കാൻ വേണ്ടി മരിക്കുന്നതല്ലല്ലോ.
എന്തു ചെയ്യും ……
ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു.
ആ നമ്പറിലേയ്ക്ക് വിളിക്കുമ്പോഴെല്ലാം മരണതുല്യമായ നിശബ്ദത.
തമാശയായിരിക്കുമോ !
അല്ലെങ്കിലോ!
എനിക്കീ ഭൂമിയിൽ ജീവിക്കാനർഹതയുണ്ടാവണമെങ്കിൽ എന്തെങ്കിലും അപ്പോൾ ചെയ്യണം.
പലരേയും വിളിച്ചു.
ഉറക്കത്തിൽ പെട്ടു കാണും.
അല്പം കഴിഞ്ഞ് അവർ തിരിച്ചു വിളിച്ചപ്പോൾ ഗൗരവമുൾക്കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്തു.
ചിലർ പക്ഷെ നിരാശപ്പെടുത്തി.
ജീവിതത്തെ കുറിച്ച്, സങ്കടങ്ങളെക്കുറിച്ച്, ജീവിത സമരങ്ങളെപ്പറ്റിയൊക്കെ പറഞ്ഞ് പറഞ്ഞ് കരഞ്ഞ മനുഷ്യൻ….
ചെറിയ സംഘർഷം പോലും താങ്ങാനാവാതെ തല പൊട്ടിപ്പോവുന്നു, ഞാനെന്തെങ്കിലും ചെയ്തു പോവും എന്ന് പറഞ്ഞ് നമ്മെ കൂടെ വിഷാദത്തിലേയ്ക്ക് വലിച്ചിട്ടവൻ.
മൈലുകൾക്കിപ്പുറമിരുന്ന് എന്തു ചെയ്താലാണ് അവിടെ സ്വാസ്ഥ്യമുണ്ടാവുക എന്ന് സങ്കടപ്പെട്ട് ഉറക്കം നഷ്ടപ്പെടുത്തിയവൻ.
സ്നേഹത്തിൻ്റേയും നന്മയുടേയും ആർദ്രതയുടേയും മനുഷ്യരെന്ന് കരുതിയവർ ഞെട്ടിച്ചു കളഞ്ഞു.
പാതിരാത്രിയിലെ എൻ്റെ വേവലാതികളെ ഭ്രാന്തെന്നും ആലോചനയില്ലായ്മയെന്നും വിമർശിച്ചു. പ്രായക്കൂടുതലു കൊണ്ട് ഉപദേശിക്കുകയാണെന്നും പറഞ്ഞു.
സത്യമായും എനിക്കയാളെ അറിയില്ലായിരുന്നു. പക്ഷെ മരിക്കേണ്ടയാളല്ലെന്ന് മാത്രമറിയാം.
ആ രാത്രി എനിക്ക് തിരിച്ചറിവിൻ്റെതായിരുന്നു..
വാക്കല്ല
ചിന്തയും പ്രവൃത്തിയുമാണ് മനുഷ്യനെന്ന് ബോധ്യപ്പെടാൻ എപ്പോഴും വൈകും.
ഭംഗിയിൽ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും പാടുമ്പോഴും ഒക്കെ നമ്മൾ കരുതും ലോകത്തെ സ്നേഹം മുഴുവൻ അവരിലുണ്ടെന്ന്.
അവനവൻ്റെ സ്വസ്ഥത മാത്രം പ്രധാനമായുള്ള മനുഷ്യരുടെ ലോകമാണിത്.
രാവിലെ ആ മനുഷ്യൻ ജീവിതത്തിലേയ്ക്കുണർന്നോ എന്ന് നോക്കിക്കൊണ്ടേ ഇരുന്നു…
വിളർത്ത റോസാപ്പൂ സ്റ്റാറ്റസ് ഇട്ട് അയാൾ ജീവിതത്തോട് ദയനീയമായി പുഞ്ചിരിച്ചു കൊണ്ട് എണീറ്റു..
ഞാനൊന്നും ചോദിച്ചില്ല…
ഇനിയൊന്നും ചോദിക്കുകയുമില്ല.
വിശദീകരിക്കാനാവാത്ത സങ്കടങ്ങളുടെ ഭാരം ആർക്കാണ് മനസ്സിലാവുക ! ഉപദേശമോ ശാസനയോ ഒന്നും വിലപ്പോവില്ല.
ദൂരെയിരുന്ന് കൈകൾ നീട്ടി ഞാനാ മനുഷ്യനെ ഒന്ന് തൊടാനാഗ്രഹിച്ചു.
ഒന്നും മിണ്ടാതെ അല്പനേരമങ്ങനെ.
ചെറുകാറ്റിൽ വേലിപ്പൂച്ചെടി മെല്ലെയുലഞ്ഞു.
ഒരു മലയാളി സ്വാമിയെ ചോദിച്ചു കൊണ്ട് തമിഴ് ദമ്പതിമാർ അരികിൽ വണ്ടി നിർത്തി.
എനിക്കറിയില്ലെന്ന് കേട്ടപ്പോൾ അവരുടെ മുഖം നിറയെ അത്ഭുതം.
കേരളത്തിൽ നിൽക്കാനാവാതെ ഇവിടെ വന്ന് സമാധാനം വിൽക്കുന്ന ആ സ്വാമി ആരാണാവോ !
ഒരു മുത്തശ്ശി അടുത്ത് വന്ന് എന്തെല്ലാമോ ചോദിച്ച് ചിരിക്കുന്നു.
ഒന്നും മനസ്സിലാവുന്നില്ല. തമിഴ് ഇത്ര വിചിത്രമായ ഭാഷയാണോ!
ഞാനും ചിരിച്ചു.
എത്ര ദൂരമാണ് നടന്ന് വന്നത്.
തിരികെയുള്ള വഴി ഏതാണ്!
ഇരുട്ട് പരക്കുന്നു.
അപരിചിതരായ മനുഷ്യരുടെ നിഴൽ രൂപങ്ങൾ !
നമ്മളെത്തിപ്പെടുന്ന ചില സ്ഥലങ്ങളിൽ നിന്ന്, സന്ദർഭങ്ങളിൽ നിന്ന് , മനുഷ്യരിൽ നിന്ന് തിരിച്ചു നടക്കാനാവില്ല.. വന്ന വഴിയിലാകെ ഇരുട്ടു മൂടിയിട്ടുണ്ടാവും….. മുന്നിലും
