ചൽനാ ഹേ ദൂർ മുസാഫിർ..
ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു ബോദ്ധ്യമായപ്പോൾ ആരെയും കുറ്റപ്പെടുത്താതെ പിന്നീടങ്ങോട്ട് തനിച്ചുള്ള യാത്രകളായിരുന്നു. ആ യാത്രകൾക്കിടയ്ക്ക് മനസ്സിൽ പതിഞ്ഞു പോയ ഗസൽ വരികളായിരുന്നു ജീവിതത്തിൻ്റെ അർത്ഥം നിശ്ചയിച്ചത്. അനിവാര്യവും ശാശ്വതവുമായ ദൂരയാത്രയ്ക്കുള്ള ആഹ്വാനം നന്നേ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെയായിരിക്കണം ആ വരികൾ ജീവൻ്റെ ഈണമായിത്തീർന്നത്. നിരന്തരമായ അലച്ചിലുകൾക്കിടയ്ക്ക് എപ്പൊഴോ തോന്നിയ ഒരു വികാരമാണ്, മറവിയിലും തെളിയുന്ന ശിലാഫലകം പോൽ,
മേൽക്കൂര ദ്രവിച്ച ശിവക്ഷേത്രത്തിനോട് ചേർന്നു നിന്നിരുന്ന ആൽത്തറയിലെ ദരിദ്ര ബാലൻ്റെ ദൃശ്യ സമാനമായി കണ്ണടച്ചിരുന്ന് കരയണമെന്നത്.

അങ്ങനെയാണ്…, പൗർണ്ണമികളിലും അമാവാസികളിലും മുങ്ങി നിവർന്നിട്ടും വെളിച്ചത്തിലും ഇരുട്ടായി നിലകൊള്ളുന്ന ആ ക്ഷേത്ര പരിസരത്ത് ഒരിക്കൽ കൂടി എത്തിയത്. വിശപ്പിൻ്റെ കരിഞ്ഞ മണം ഇപ്പൊഴും ആ പരിസരത്തുണ്ടെന്നു തോന്നി.
ചുറ്റിലും വീക്ഷിച്ചപ്പോൾ, തൊട്ടപ്പുറത്തുണ്ടായിരുന്ന റബ്ബർ എസ്‌റ്റേറ്റിൽ ഒരേ പോലെയുള്ള
കുറച്ചധികം കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നുവെന്നതല്ലാതെ എടുത്തുപറയത്തക്ക മാറ്റങ്ങളൊന്നും ആ പ്രദേശത്തിന് വന്നിട്ടില്ല. ക്ഷേത്രത്തിൻ്റെ ദർശന കവാടത്തിനു നേരെ മുളങ്കാടുകൾ കൂട്ടത്തോടെ വളർന്ന് ആകാശം മുട്ടെ ഉയരം വെച്ചിരിക്കുന്നു.
തുറന്നു കിടന്നിരുന്ന ക്ഷേത്രപ്പറമ്പിലൂടെ അപ്പുറത്തെ എസ്റ്റേറ്റും കടന്ന് അപ്പർ പ്രൈമറിയിലേക്ക് പോയിരുന്ന കാലം ഓർമ്മ വന്നു.

വേനലിൽ പൊട്ടിത്തെറിക്കുന്ന റബ്ബർമരത്തിലെ കായകളുടെ
തോട് അടിച്ചുവാരി കൊണ്ടു പോയിരുന്ന ഒരമ്മൂമയേയും,
പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി കരിയിലകളിലൂടെ പാഞ്ഞു പോകുന്ന ചേരപ്പാമ്പുകളെയുമാണ് അവിടെ കണ്ടിട്ടുള്ളത്. ചേരപ്പാമ്പുകൾ ഉള്ളിടത്ത് അവയുടെ ഇണകളായി നല്ലയിനം
മൂർഖൻ പാമ്പുകളും കാണും എന്നു പറഞ്ഞത് കൂടെ പഠിക്കുന്ന
സുബ്രഹ്മണ്യസ്വാമിയാണ്. അതോടെയാണ് ഉച്ചഭക്ഷണത്തിനുള്ള വീട്ടീപ്പോക്ക് നിർത്തിയതും അയാളുമായി ആൽത്തറയിൽ വന്നിരിക്കാനും തുടങ്ങിയത്.
“ഈ പൂണൂല് ഒരു ബാദ്ധ്യതയാണെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട് “
“അതെന്താ”

“വേദങ്ങളും തന്ത്ര മന്ത്രങ്ങളും അങ്ങനെ ഒരുപാടുണ്ട്… ഇപ്പൊത്തന്നെ.., നമ്മളെ തണുപ്പിക്കുന്ന ഈ പേരാലിൻ്റെ ഇലകളെ നോക്കൂ. വിശറിയുടെ ധർമ്മം നിറവേറ്റുന്നുണ്ട്., താഴെ ഒരു പുല്ല് കിളിർക്കാൻ കൂടി സമ്മതിക്കാതെ തണൽ വീഴ്ത്തുന്നുണ്ട്. വൃക്ഷങ്ങളുടെ രാജാവാണെടോ… വയർപൊരിഞ്ഞിരിക്കുന്ന നമ്മൾ രണ്ടുപേരും ഈ വൃക്ഷത്തിനൊരപമാനമാണ്” സുബ്യഹ്മണ്യസ്വാമി സംസാരിക്കുമ്പൊഴൊക്കെ അയാളിലൊരു താത്വികഭാവമുണ്ടായിരുന്നു. അറിവിൻ്റെ ഭാണ്ഡക്കെട്ട് അഴിച്ചിടുമായിരുന്നു.

” ലൗകിക ലോകസുഖങ്ങളെ നിരാകരിച്ച് മോക്ഷത്തിനായി മാത്രം ആഗ്രഹിച്ച ഋഷിമാരുടേയും അലഞ്ഞു തിരിയുന്ന സന്യാസിമാരുടേയും പ്രിയപ്പെട്ട വൃക്ഷമായിരുന്നു ഇത്. എന്തിന്.. ഏറ്റവും വലിയ സന്യാസിയായ ഭഗവാൻ ശിവൻ പോലും സ്വസ്ഥമായ ധ്യാനത്തിനു വേണ്ടി ഈ വൃക്ഷത്തിൻ്റെ തണലിനെ ഇഷ്ടപ്പെട്ടിരുന്നു.”
പറഞ്ഞാൽ തീരാത്തത്ര അറിവുകളുമായി ആ ആൽത്തറയിൽ ഞാനും സ്വാമിയും വിശപ്പിൻ്റെ കാഠിന്യം മറക്കാൻ പുരാണങ്ങളും ചരിത്രങ്ങളും കഥകളും പറഞ്ഞ് കൂടുക പതിവായി.

ഒരിക്കൽ പറഞ്ഞത് ആ വൃക്ഷത്തിൻ്റെ ദൈവീകതയെ കുറിച്ചാണ്.
“മരണദേവനായ യമനുമായി ബന്ധപ്പെട്ടതാണ് ഈ വൃക്ഷം. അതുകൊണ്ട് ഗ്രാമത്തിനു പുറത്ത് ശ്മശാനങ്ങൾക്കടുത്തായിരുന്നു ഈ വൃക്ഷം നട്ടുവളർത്തിയിരുന്നത്. ചരിത്രങ്ങളിൽ പലപ്പോഴും തിരുത്തലുകൾ നടന്നിട്ടുണ്ടല്ലോ? ഇന്നിപ്പോൾ ഈ പേരാൽ നിൽക്കുന്നത് ശിവക്ഷേത്രത്തിനടുത്താണ്. മഹാഭാരതത്തിൽ പതിവ്രതയായ സാവിത്രിയുടെ കഥയെ പരാമർശിക്കുന്നിടത്ത്, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവരുടെ ഭർത്താവിനെ ഇതുപോലൊരു അരയാലിനു സമീപത്തുവെച്ച് നഷ്ടപ്പെട്ടുവെന്നും, നിശ്ചയദാർഢ്യത്തോടെയും ബുദ്ധിയോടെയും യമനെ പിന്തുടർന്ന് കാലപുരിയിൽ എത്തി തൻ്റെ ഭർത്താവിൻ്റെ ജീവൻ തിരിച്ചുപിടിക്കുകയും ചെയ്തു എന്നത് പുരാണത്തിൽ പറയുന്നു.
ഈ പ്രായത്തിൽ അദ്ദേഹം ഹൃദിസ്ഥമാക്കിയ ചരിത്ര വേദ പഠനങ്ങളുടെ ആഴം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പാതിവഴിയിൽ നിലച്ചുപോയ പഠനത്തിൽ ഖേദിച്ച് ഞാനെൻ്റെ ജീവിതവഴികൾ താണ്ടി മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുമ്പൊഴും സ്വാമി എൻ്റെ ഓർമ്മകളിൽ പ്രിയപ്പെട്ടവനായി കൂടെയുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ദൂരയാത്ര പുറപ്പെടുന്നതിനു മുൻപ് അവസാനമായി ഈ ആൽത്തറയിൽ ഇത്തിരി നേരം ഇരിക്കണമെന്നും മരണഭഗവാ നായ യമനോട് തൻ്റെ ആഗ്രഹം അറിയിപ്പിക്കണമെന്നും തോന്നിയത്.
കണ്ണടച്ച് കൈകൾ കൂപ്പി ധ്യാനത്തിലായിരിക്കുമ്പൊഴാണ് അപ്രതീക്ഷിതമായി തോളിൽ ഒരു കരസ്പർശം അനുഭവപ്പെട്ടത്. ധ്യാനത്തിൽ നിന്ന് പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് കണ്ണുകൾ തുറന്നപ്പോൾ കണ്ടത്…, ജരാനര ബാധിച്ച് നീണ്ടുവളർന്ന മുഖരോമങ്ങളോടും പരിപൂർണ്ണ കഷണ്ടിയോടും കൂടിയ ഒരു മനുഷ്യനെയായിരുന്നു. അയാളിൽ ഒരു പുരോഹിതൻ്റെ മണവും വേഷവും ഉണ്ടായിരുന്നു.

ആൽത്തറയിൽ നിന്നെഴുന്നേറ്റ് തൊഴുതു നിന്നു.
“ഇരുന്നോളൂ… ഇരുന്നോളൂ…” എൻ്റെ തോളിൽ അമർത്തി അയാളെന്നെ ഇരുത്തി.
“കുറച്ചു നേരമായി താങ്കളെ ഞാൻ ശ്രദ്ധിക്കുന്നു.” പൂണൂലിൽ തടവിക്കൊണ്ട് അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
“എൻ്റെ ഊഹം ശെരിയാണെങ്കിൽ
ഈ ആൽത്തറയിൽ ഇതുപോലെ ഇരുന്നിട്ടുള്ള ഒരാളെ മാത്രമേ എനിയ്ക്ക് ഓർക്കാൻ കഴിയുന്നുള്ളൂ”
അപ്പൊഴാണ് ഞാൻ അയാളിലേക്ക് കൂടുതൽ ദൃഷ്ടികൾ ഉറപ്പിച്ചത്. അയാളിലെ ജരാനരകളെ നീക്കി. കഷണ്ടിക്കു പകരം കറുത്ത തലമുടികൾ കരുത്തോടെ നെറ്റിയിലേക്കു വീണു കിടന്നിരുന്ന ഒരു രൂപത്തെ സങ്കൽപ്പിച്ചപ്പോൾ …
” സ്വാമി ..? സുബ്രഹ്മണ്യസ്വാമി?..

” അതേടോ..”
“ഇങ്ങനെ ഒരു വേഷം?”
“എല്ലാ വേഷങ്ങളും ദൈവമല്ലേ നിശ്ചയിക്കുന്നത്.. എനിയ്ക്ക് കൽപ്പിച്ച വേഷം ഇതാണ്. തകർന്നു കിടക്കുന്ന ഈ ശിവക്ഷേത്രത്തിലെ പൂജാരിയായി…”
“സ്വാമി ഒരു കലക്ടറായിട്ടുണ്ടാവും അല്ലെങ്കിൽ മറ്റേതെങ്കിലും ഉയർന്ന ഉദ്യോഗത്തിൽ “
“ചിലരുടെ മോഹങ്ങളും പ്രതീക്ഷകളും വെറുതെ ഒരു സ്വപ്നം മാത്രമായി മാറാൻ അധിക സമയമൊന്നും വേണ്ട.

അമ്മയുടെ ഒരു വീഴ്ച അതാണ് എനിയ്ക്ക് പരീക്ഷണമായി നേരിടേണ്ടി വന്നത്. നോക്കാൻ ആളില്ല എന്നത് ഞാൻ ജീവിച്ചിരിക്കുമ്പോൾ എൻ്റെ അമ്മക്ക് തോന്നരുത്. അതുകൊണ്ട് ദൂരെയെങ്ങും പോകാതെ അമ്മയ്ക്ക് കാവലായി. ആട്ടെ… താനിവിടെ?”
“സത്യം പറയാലോ? ഞാനൊരു യാത്ര പുറപ്പെടാൻ വന്നതാണ്. അത് സാധിപ്പിച്ച് തരാൻ കരുത്തുള്ള ആൾ ഈ ആൽത്തറയിലുണ്ട്. സ്വാമി പറഞ്ഞതൊന്നും മറന്നിട്ടില്ല.”
സുബ്രഹ്മണ്യസ്വാമി ഒന്നു ചിരിച്ചു.
എല്ലാ സത്യങ്ങൾക്കും രണ്ടു വശമുണ്ടാകും ഒരു ശെരിയും ഒരു തെറ്റും. രണ്ടും ചിലപ്പോൾ മനുഷ്യന് ഒരു പോലെ പ്രയോജനപ്പെടാറുമുണ്ട്.”
“മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രതോ ശിവ രൂപായ
വൃക്ഷ രാജായതേ നമോ നമ:
പതിവ്രതയായ സാവിത്രിയുടെ കഥയിലൂടെ യമനെക്കുറിച്ചാണ് ഞാൻ പറഞ്ഞതെങ്കിൽ.., ഇപ്പോൾ ചൊല്ലിയ ശ്ലോകം തനിയ്ക്കു വേണ്ടിയാണ്. അറിഞ്ഞോളൂ.. ചുവട്ടിൽ ബ്രഹ്മാവും മദ്ധ്യത്ത് വിഷ്ണുവും മുകളിൽ ശിവനും വസിക്കുന്ന വൃക്ഷരാജാവാണിത്. അതു കൊണ്ട് ഈ ശ്ലോകം ചൊല്ലി ഈ വൃക്ഷരാജാവിനെ വണങ്ങി എഴു പ്രാവശ്യം പ്രദക്ഷിണം ചെയ്താൽ പരിഹാരമാകാവുന്ന പ്രശ്നമേ താങ്കൾക്കുള്ളൂ.”

“അങ്ങനെയെങ്കിൽ ജീർണ്ണിച്ച ഈ ക്ഷേത്രത്തിനു വേണ്ടി സ്വാമിക്ക് എന്ത് ചെയ്യാൻ കഴിയും?”
” പ്രാർത്ഥിക്കാം. എങ്കിലും, വരുമാനമില്ലാത്ത മനുഷ്യരേയും ദൈവത്തെപ്പോലും തിരിഞ്ഞു നോക്കാത്ത കാലമാണെടോ …”
ഞാൻ പതുക്കെ ആൽത്തറയിൽ നിന്നെഴുന്നേറ്റു. അപ്പൊഴും മനസ്സിൽ ആ വരിയുടെ ആലാപനമുണ്ടായിരുന്നു.
ചൽനാ ഹേ ദൂർ മുസാഫിർ…

ഹംസ കൂട്ടുങ്ങൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *